25 January Saturday

ഭിന്നശേഷി പ്രതിരോധ പ്രവർത്തനം : കേരളം അവാർഡ്‌ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019


ന്യൂഡൽഹി
ഭിന്നശേഷി ശാക്തീകരണത്തിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ച സംസ്ഥാനത്തിനുള്ള ദേശീയപുരസ്‌കാരം ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു കേരളത്തിനു സമ്മാനിച്ചു. വിജ്ഞാൻ ഭവനിൽ സാമൂഹ്യക്ഷേമമന്ത്രി കെ കെ ശൈലജയും പ്രത്യേക സെക്രട്ടറി ബിജു പ്രഭാകറും പുരസ്‌കാരം സ്വീകരിച്ചു. തുടർച്ചയായി മൂന്നാംതവണയാണ്‌ സാമൂഹ്യനീതിവകുപ്പിന്‌ വിവിധ തലങ്ങളിലെ മികച്ച പ്രവർത്തനത്തിന്‌ ദേശീയ  അവാർഡ്‌ ലഭിക്കുന്നത്‌. 

എൽഡിഎഫ്‌ സർക്കാർ ഭിന്നശേഷി ശാക്തീകരണത്തിനായി നടത്തുന്ന നൂതനപദ്ധതികൾക്കുള്ള അംഗീകാരമാണ്‌ ഈ പുരസ്‌കാരമെന്ന്‌ കെ കെ ശൈലജയും ബിജു പ്രഭാകറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനനകാലംമുതൽ കുഞ്ഞുങ്ങളെ നിരന്തരം നിരീക്ഷിച്ച്‌ ഭിന്നശേഷി പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമാക്കാനുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ആറ്‌ ബ്ലോക്കിന്‌ ഒന്നുവീതം എന്ന ക്രമത്തിൽ 25 മൊബൈൽ യൂണിറ്റുണ്ട്‌. ജില്ലകൾക്ക്‌ മൂന്നരക്കോടി രൂപവീതം നൽകി. മെഡിക്കൽ കോളേജ്‌ ആശുപത്രികളിൽ മേഖലാകേന്ദ്രങ്ങൾ സജ്ജീകരിക്കും.

ഓട്ടിസം, സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളെ പുനരധിവാസിപ്പിക്കും. സർക്കാർ കേന്ദ്രങ്ങൾക്കു പുറമെ രക്ഷിതാക്കളുടെ സാമ്പത്തികസഹായത്തോടെയും പുനരധിവാസസൗകര്യവുമൊരുക്കും– -മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top