13 November Wednesday

എംബിബിഎസ്‌ പരീക്ഷാ കോപ്പിയടി : ക്രമക്കേട്‌ കാട്ടിയവരുടെ ഫലം തടയും

സ്വന്തം ലേഖികUpdated: Saturday Oct 5, 2019



എംബിബിഎസ്‌ പരീക്ഷയിൽ കോപ്പിയടിയും ക്രമക്കേടും കണ്ടെത്തിയ ആറ്‌ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കും. ക്രമക്കേടുകൾ അന്വേഷിക്കുന്ന സർവകലാശാല സമിതി ഇവരിൽനിന്ന്‌ വിശദീകരണം തേടും. തുടർന്ന്‌ അടുത്തുചേരുന്ന ഗവേണിങ്‌ കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.  ക്രമക്കേട്‌ നടത്തിയവർ ഒഴികെയുള്ളവരുടെ ഫലം സർവകലാശാല പ്രസിദ്ധീകരിച്ചിരുന്നു.

ഉത്തരക്കടലാസും പരീക്ഷാ ഹാളിന്റെ സിസിടിവി ദൃശ്യങ്ങളും ഒരുമിച്ച്‌ കവറിലാക്കി സീൽ ചെയ്ത്‌ സർവകലാശാലയ്ക്ക്‌ അയക്കണമെന്നാണ്‌ നിയമം. പരാതി ഉയർന്നതിനെത്തുടർന്ന്‌ ഇത്തവണ 34 കോളേജുകളിലെയും വീഡിയോ പരിശോധിച്ചതിൽ വർക്കല എസ്‌ആർ മെഡിക്കൽ കോളേജിലെ എട്ട്‌ പേരും തിരുവനന്തപുരം എസ്‌യുടി, ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്, കൊല്ലം അസീസിയ, പെരിന്തൽമണ്ണ എംഇഎസ്, എറണാകുളം ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്നായി ആ‌റുപേരും പരീക്ഷാ ക്രമക്കേട്‌ നടത്തിയത്‌ തെളിഞ്ഞു. ഇതേ തുടർന്ന്‌ കോളേജ്‌ പ്രിൻസിപ്പൽമാർ, ചീഫ്‌ സൂപ്രണ്ടുമാർ എന്നിവരെ വിളിച്ചുവരുത്തി  വീഡിയോ കാണിച്ച്‌ വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ടു.

ഈ വിദ്യാർഥികളുടെ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. അതുവരെ ഫലം തടഞ്ഞുവയ്ക്കും. കൂടുതൽ ക്രമക്കേട്‌ നടത്തിയിട്ടുണ്ടോ എന്ന്‌ പരിശോധിക്കാനും ഗവേണിങ്‌ കൗൺസിലിൽ തീരുമാനമായി.

വർക്കല എസ്‌ആറിൽ ഇനി പരീക്ഷാ കേന്ദ്രമില്ല
വർക്കല എസ്‌ആർ മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർഥികളുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യ സർവകലാശാല ഗവേണിങ്‌ കൗൺസിൽ യോഗം തീരുമാനിച്ചു. കോളേജിൽ അടിസ്ഥാന സൗകര്യമില്ലെന്ന പരാതിയിൽ ഹൈക്കോടതിയിൽ കേസ്‌ നിലവിലുണ്ട്‌. ഇതിൽ വിധിയാകുംവരെ രണ്ടാംവർഷ സപ്ലിമെന്ററി പരീക്ഷാഫലം തടഞ്ഞുവയ്ക്കും. പരാതിയെത്തുടർന്ന്‌ സർവകലാശാല നടത്തിയ പരിശോധനയിൽ കോളേജിൽ അടിസ്ഥാന സൗകര്യം ഇല്ലെന്ന്‌ കണ്ടെത്തിയിരുന്നു. വിദ്യാർഥികൾക്ക് മതിയായ സൗകര്യമൊരുക്കാത്ത മറ്റുകോളേജുകളിലും തുടർ വർഷങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കില്ല. അവിടത്തെ പരീക്ഷാകേന്ദ്രം മാറ്റിനൽകും.


പ്രധാന വാർത്തകൾ
 Top