21 November Thursday

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിനെതിരെ കൂടുതൽ തെളിവ്‌ കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019


സ്വന്തം ലേഖകൻ
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെയും പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെയും പങ്ക്‌ വ്യക്തമാക്കുന്ന രേഖ വിജിലൻസ്‌ ഹൈക്കോടതിക്ക്‌ കൈമാറി. പാലം നിർമിച്ച ആർഡിഎസ്‌ പ്രോജക്ടിന്‌ അനധികൃതമായി 8.25 കോടിരൂപ അഡ്വാൻസ്‌ അനുവദിച്ച സർക്കാർ ഉത്തരവ്‌, കമ്പനിക്ക്‌ അനുകൂലമായ ഇവരുടെ  കുറിപ്പ്‌ രേഖപ്പെടുത്തിയ ഫയൽ തുടങ്ങിയവയാണ്‌ സീൽവച്ച കവറിൽ വിജിലൻസ്‌ ഹൈക്കോടതിക്ക്‌ കൈമാറിയത്‌.

സൂരജ്‌ ഉൾപ്പെടെ നാല്‌ പ്രതികളുടെ ജാമ്യാപേക്ഷയുടെ ഭാഗമായാണ്‌ കോടതി ആവശ്യപ്രകാരം വിജിലൻസ്‌ രേഖകൾ കൈമാറിയത്‌. പൊതുമരാമത്ത്‌ വകുപ്പ്‌, റോഡ്‌ ഫണ്ട്‌ ബോർഡ്‌, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ തുടങ്ങിയവയുടെ കൊച്ചി, തിരുവനന്തപുരം ഓഫീസിൽനിന്ന്‌ പിടിച്ചെടുത്ത രേഖകളാണിവ. ഒമ്പതിന്‌ ജാമ്യഹർജിയിൽ വിധിപറഞ്ഞ ശേഷമേ ഇവ വിജിലൻസിന്‌ തിരികെ ലഭിക്കു.

അതിനിടെ, നിയമ സെക്രട്ടറിയുടെ അഭിപ്രായം ലഭിച്ചാലുടൻ ഇബ്രാഹിംകുഞ്ഞിനെ രണ്ടാമതും ചോദ്യംചെയ്യാൻ വിജിലൻസ്‌ വിശദമായ ചോദ്യാവലി  തയ്യാറാക്കി. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ നടപടികൾ സംശയാസ്‌പദമാണെന്ന്‌ വിജിലൻസ്‌ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌.  ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതിചേർക്കാനുള്ള തെളിവുള്ളതായി നേരത്തെ വിജിലൻസിന്‌ നിയമോപദേശം ലഭിച്ചിരുന്നു. അദ്ദേഹത്തെ പ്രതിചേർക്കുംമുമ്പ്‌ സർക്കാർ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ നിയമ വകുപ്പിന്റെ ഉപദേശം തേടിയിട്ടുണ്ട്‌.  അടുത്തദിവസംതന്നെ ഈ കാര്യത്തിൽ നിയമസെക്രട്ടറിയുടെ അഭിപ്രായം ലഭിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top