13 October Sunday

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് വിപുലമായ മുന്നൊരുക്കങ്ങളുമായി ഒക്ടോബര്‍ രണ്ടിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

തിരുവനന്തപുരം > ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാവും.  ക്യാന്പയിന്റെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സര്‍വതല സ്പര്‍ശിയായി പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന വകുപ്പ് മേധാവികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗങ്ങളില്‍ തീരുമാനിച്ചിരുന്നു. 2024 ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30-ലെ അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയുംവിധമാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നത്.

ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ച് സമയബന്ധിതമായി സംസ്ഥാനതലം മുതല്‍ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാര്‍ഡ് തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അവരവരുടേതായ പങ്ക് നിറവേറ്റും വിധത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ അവയുടെ ചുമതല നിര്‍വഹിക്കും വിധത്തിലുമാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രവര്‍ത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ഏകോപനം. മാലിന്യ സംസ്കരണത്തിന് നിലവില്‍ സജ്ജമാക്കിയിട്ടുള്ള സംവിധാനങ്ങള്‍ വിശകലനം ചെയ്ത് പോരായ്മകള്‍ ഉണ്ടെങ്കില്‍ ക്യാമ്പയിന് മുമ്പായി കണ്ടെത്തും. ഇതു സംബന്ധിച്ച വിവര ശേഖരണം നടന്നു വരുന്നുണ്ട്. ക്യാമ്പയിന്‍ നടത്തിപ്പിനായി സംസ്ഥാനതലത്തിലുള്ളതിനു പുറമേ ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും നിര്‍വഹണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തു വരികയാണ്.

സംസ്ഥാന-ജില്ല-തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ നാടിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഉദ്ഘാടന പരിപാടിയോടെയാണ് ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. പൂര്‍ത്തീകരിച്ച മാതൃകാ പരിപാടികള്‍ ഇതിനായി തിരഞ്ഞെടുക്കും. ആറുമാസം കൊണ്ട് വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന ക്യാമ്പയിന്റെ വിജയത്തിനായി വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങളും പരിശീലന പരിപാടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top