15 October Tuesday
ക്ഷേമപദ്ധതി മുടക്കാതെയും വിലക്കയറ്റം തടഞ്ഞും ഓണം സുഭിക്ഷമാക്കാൻ കേരളം

ഓണത്തിനും 
കടുംവെട്ട് ; കേന്ദ്രം പിടിച്ചുവച്ചത്‌ 3685 കോടി

ഒ വി സുരേഷ്‌Updated: Wednesday Sep 4, 2024


തിരുവനന്തപുരം
മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളദ്രോഹം തുടർന്ന് കേന്ദ്രസർക്കാർ. വായ്പയെടുക്കാനുളള അനുമതിപത്രവും നൽകുന്നില്ല. ക്ഷേമപെൻഷനും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കും വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിപണിയിടപെടലിനും  വൻ തുക സംസ്ഥാന സർക്കാരിന്‌ കണ്ടെത്തേണ്ടിവരും. ഈ സന്ദർഭത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി മലയാളികളുടെ ഓണാഘോഷത്തിന്റെ നിറം കെടുത്താനാണ്‌ ശ്രമം. എന്നാൽ ഈ സാഹചര്യത്തിലും മറ്റ്‌ ചെലവുകൾ ചുരുക്കി ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സർക്കാർ.

നിയമസഭയിൽ വച്ച കണക്കുപ്രകാരം ധനകമീഷൻ അവാർഡും കേന്ദ്രാവിഷ്കൃത പദ്ധതിത്തുകയുമായി 3685 കോടിരൂപയാണ്‌ കുടിശ്ശികയുള്ളത്‌.  പതിനഞ്ചാം ധനകമീഷൻ ശുപാർശപ്രകാരമുള്ളതിൽ 1273 കോടി രൂപ കുടിശ്ശികയാണ്‌. ഹെൽത്ത്‌ ഗ്രാന്റ്‌ 725.45 കോടി, തദ്ദേശഭരണ സ്ഥാപന ഗ്രാന്റ്‌ 513.64 കോടി, സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മിറ്റിഗേഷൻ ഫണ്ട്‌ 34.70 കോടി എന്നിങ്ങനെയാണ്‌ ഈ തുക.  കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതവും പിടിച്ചുവയ്‌ക്കുന്നു. പദ്ധതി മുടങ്ങാതിരിക്കാൻ കേന്ദ്രവിഹിതം സംസ്ഥാനം  മുൻകൂട്ടി മുടക്കിയാലും ആ തുകയും അനുവദിക്കില്ല. ഇങ്ങനെ കിട്ടാനുള്ളത്‌ 1662 കോടി രൂപയാണ്‌. കോളേജ് അധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളപരിഷ്കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റും ലഭിച്ചിട്ടില്ല.

വായ്പയെടുക്കാൻ അനുമതിപത്രം നൽകാനാവശ്യപ്പെട്ട്‌ കേരളം നിരവധിതവണ കേന്ദ്രധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ജൂലൈ 22ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച്‌ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല.  ഈ സാഹചര്യത്തിലും ക്ഷേമപദ്ധതികൾ മുടങ്ങാതെ ജനങ്ങൾക്ക്‌ ആശ്വാസമേകാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. വയനാട്‌   ദുരന്തംനടന്ന്‌ ഒരു മാസം പിന്നിട്ടിട്ടും കേന്ദ്രം സഹായം അനുവദിച്ചിട്ടില്ല. എങ്കിലും ദുരിതബാധിതരെ ചേർത്തുപിടിച്ച്‌ ജീവിതത്തിലേക്ക്‌ നയിക്കുകയാണ്‌ സർക്കാർ. ഇവരുടെ പുനരധിവാസം ഉൾപ്പെടെ വൻ സാമ്പത്തികബാധ്യതയുണ്ട്‌. ഇതിനു പുറമേയാണ്‌ ഓണത്തിന്റെ ചെലവുകൾ. ഇതിനിടയിലും ക്ഷേമപെൻഷൻ ഒരുഗഡു വിതരണം ആരംഭിച്ചു. ഓണത്തിനുമുമ്പ്‌ രണ്ട്‌ ഗഡുകൂടി നൽകും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top