29 September Tuesday

ടൈറ്റാനിയം : അഴിമതി ഒറ്റനോട്ടത്തിൽ വ്യക്തം ; ഉമ്മൻചാണ്ടിയുടെ കത്ത്‌ തന്നെ തെളിവ്‌

കെ ശ്രീകണ‌്ഠൻUpdated: Thursday Sep 5, 2019


ട്രാവൻകൂർ ടൈറ്റാനിയത്തിലെ കോടികളുടെ  മാലിന്യസംസ്‌കരണ പ്ലാന്റ്‌ അഴിമതി കേസിൽ   ഹൈക്കോടതിയിലെ രണ്ട്‌ ജഡ്‌ജിമാർ അന്വേഷണം തുടരാനാണ്‌ ഉത്തരവിട്ടത്‌.  ഇതിന്റെ അടിസ്ഥാനത്തിൽ  വിജിലൻസ്‌ വർഷങ്ങളെടുത്ത്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇടപാടിലെ രാജ്യാന്തര ബന്ധങ്ങളിലേക്ക്‌ സൂചന കിട്ടിയത്‌. ഇന്റർപോളിന്റെ സഹായം തേടിയപ്പോൾ നയതന്ത്രമാർഗ്ഗങ്ങൾ അവലംബിക്കാനായിരുന്നു നിർദേശം.  ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം സിബിഐക്ക്‌  വിടാൻ ശുപാർശ നൽകിയത്‌.

ചെന്നിത്തലയുടെ വാദം തെറ്റ്‌
2014ൽ  ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയും ടൈറ്റാനിയം ചെയർമാൻ ടി ബാലകൃഷ്‌ണനും നൽകിയ വെവ്വേറെ ഹർജികളിലാണ്‌ അന്വേഷണം തുടരാൻ വിജിലൻസിനോട്‌ ഹൈക്കോടതി നിർദേശിച്ചത്‌.  എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും വി കെ ഇബ്രാഹിംകുഞ്ഞിന്റെയും പങ്ക്‌ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും തിരുവനന്തപുരം വിജിലൻസ്‌ പ്രത്യേക ജഡ്‌ജി ജോസ്‌ കെ ഇല്ലിക്കാടൻ 2014 ആഗസ്‌ത്‌ 28ന്‌ ഉത്തരവിട്ടു. ഇത്‌ ചോദ്യം ചെയ്‌താണ്‌ ടി ബാലകൃഷ്‌ണനും ചെന്നിത്തലയും ഹൈക്കോടതിയിലെ വ്യത്യസ്‌ത ബഞ്ചുകളിൽ ഹർജി നൽകിയത്‌. ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന  എസ്‌ ജയൻ നൽകിയ ഹർജിയിലായിരുന്നു വിജിലൻസ്‌ കോടതി ഉത്തരവ്‌.

വിജിലൻസ്‌ കോടതി ഉത്തരവ്‌ റദ്ദാക്കണമെന്ന ടി ബാലകൃഷ്‌ണന്റെ ഹർജി ജസ്‌റ്റിസ്‌ കെ രാമകൃഷ്‌ണനാണ്‌ തള്ളിയത്‌. കേസിന്റെ മെരിറ്റിലേക്ക്‌ കടക്കുന്നില്ലെന്നും വിശദമായി അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകണമെന്നും കോടതി വിജിലൻസിനോട്‌ നിർദേശിച്ചു. ഇതേതുടർന്ന്‌ 2014 നവംബർ 25ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തല ജസ്‌റ്റീസ്‌ പി ഉബൈദിന്റെ ബഞ്ചിൽ ഹർജി നൽകി. മന്ത്രിയായതിനാൽ ചെന്നിത്തലയെ അറസ്‌റ്റ്‌ ചെയ്യാൻ പാടില്ലെന്നും അന്വേഷണം തുടരാനും കോടതി ഇടക്കാല ഉത്തവ്‌ പുറപ്പെടുവിച്ചു. ഇതിനെയാണ്‌ ഹൈക്കോടതി കേസ്‌ അന്വേഷണം സ്‌റ്റേ ചെയ്‌തെന്ന്‌ പ്രതിപക്ഷ നേതാവ്‌ വ്യാഖ്യാനിക്കുന്നത്‌.

വിജിലൻസ്‌ അന്വേഷണം തുടർന്നു

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജിലൻസ്‌ അന്വേഷണം തുടർന്നെങ്കിലും ആരോപണത്തിൽ വിദേശ കമ്പനികളും അജ്‌ഞാതരായ ഇടനിലക്കാരും ഉൾപ്പെട്ടതിനാൽ ഇന്റർപോളിന്റെ സഹായം തേടി. ഐജി എസ്‌ ശ്രീജിത്ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കത്ത്‌ നൽകി. മറുപടിയിലാണ്‌ നയതന്ത്ര മാർഗം തേടാൻ നിർദേശിച്ചത്‌. ഫിൻലാന്റിലെ കെമടോർ എക്കോ പ്ലാനിങ്‌ എന്ന കമ്പനി വഴിയാണ്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തത്‌. ഈ കമ്പനിക്ക്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 62 കോടി രൂപ കൈമാറിയതായാണ്‌ രേഖ.  ഈ കമ്പനി വർഷങ്ങൾക്ക്‌ മുമ്പ്‌ തന്നെ പ്രവർത്തനം നിർത്തിയതായി കണ്ടെത്തി. ഉപകരണങ്ങളുടെ യഥാർഥവില, കമീഷൻ നൽകിയത്‌ സംബന്ധിച്ച വിവരം എന്നിവയ്‌ക്കായി വിജിലൻസ്‌ ഈ കമ്പനിയ്‌ക്ക്‌ പലതവണ കത്ത്‌ അയച്ചെങ്കിലും മറുപടി കിട്ടിയില്ല. ഇന്റർനെറ്റ്‌ വഴി ബന്ധപ്പെടാനുള്ള ശ്രമവും വിഫലമായി.  ഫിൻലാന്റിലെ കമ്പനിയായതിനാൽ സിബിഐ അന്വേഷണത്തിലൂടെ വിവരങ്ങൾ ലഭിക്കാൻ സാധ്യതയേറെയാണെന്നാണ്‌ വിജിലൻസ്‌ കരുതുന്നത്‌.

ആ മലയാളികൾ ആര്‌?
യന്ത്രങ്ങളുടെ ഇറക്കുമതിക്ക്‌ വേണ്ടി മലയാളി പേരുകളുള്ള ചില അജ്‌ഞാതരും  ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതായി വിജിലൻസ്‌ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്‌. എന്നാൽ ഇവരുടെ പേരിൽ ചെന്നൈയിലടക്കം രജിസ്‌റ്റർ ചെയ്‌ത സ്ഥാപനങ്ങൾ ഇറക്കുമതി കഴിഞ്ഞപാടെ അടച്ചുപൂട്ടി. ഇതിൽ രാജീവ്‌ എന്ന പേരിലുള്ള ഒരാളിന്‌ കോടികൾ കൺസൾട്ടൻസി ഫീസ്‌ ഇനത്തിൽ നൽകിയതിന്റെ രേഖയുണ്ട്‌. ഇയാൾ ആരാണെന്ന്‌ കണ്ടെത്താൻ കഴിഞ്ഞില്ല.

ഉമ്മൻചാണ്ടിയുടെ കത്ത്‌ തന്നെ തെളിവ്‌
ടൈറ്റാനിയം അഴിമതിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പങ്കിന്‌ വ്യക്തമായ തെളിവായി അദ്ദേഹം സുപ്രീംകോടതി മോണിറ്ററിങ്‌ കമ്മിറ്റിക്ക്‌ എഴുതിയ കത്ത്‌. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ സംതൃപ്‌തി രേഖപ്പെടുത്തിയെന്ന‌‌ാണ്‌  മോണിറ്ററിങ്‌ കമ്മിറ്റി ചെയർമാനായിരുന്ന ഡോ. ജി ത്യാഗരാജന് 2005 ജനുവരി അഞ്ചിന് ഉമ്മൻ‍ചാണ്ടി കത്തെഴുതിയത്‌.  മൈക്കോൺ തയ്യാറാക്കിയ മലിനീകരണ നിവാരണ പദ്ധതിയിൽ 12 ന്യൂനതകൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ അക്കമിട്ട്‌ നിരത്തിയത്‌ മറച്ചുവച്ചായിരുന്നു കത്ത്‌. 

പരിസ്ഥിതി മന്ത്രിയായിരുന്ന കെ കെ രാമചന്ദ്രൻ പദ്ധതിക്ക്‌ എതിരായിരുന്നു. ആ സമയത്താണ്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌ പദ്ധതിക്കെതിരെ വ്യക്തമായ നിലപാട്‌ സ്വീകരിച്ചത്‌. ഇതോടെ കെ കെ രാമചന്ദ്രനെ പരിസ്ഥിതിവകുപ്പിന്റെ ചുമതലയിൽനിന്ന്‌ നീക്കി എ സുജനപാലിന്‌ ചുമതല നൽകി. അതേ ദിവസംതന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ വിവാദ കത്ത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top