15 October Tuesday

ജോസിനെ തള്ളി തെരഞ്ഞെടുപ്പു കമീഷൻ ; രണ്ടില ചിഹ്നം ലഭിക്കാനുള്ള സാധ്യത അടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019


സ്വന്തം ലേഖകൻ
കേരള കോൺഗ്രസ‌് എം ചെയർമാനായി തെരഞ്ഞെടുത്തെന്ന ജോസ‌് കെ മാണി എംപിയുടെ വാദം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ കത്ത‌്. ഇതോടെ പാലായിലെ യുഡിഎഫ‌് സ്ഥാനാർഥി ജോസ‌് ടോമിന‌് ‘രണ്ടില’ ചിഹ്നം ലഭിക്കാനുള്ള  സാധ്യതയും അടഞ്ഞു. പി ജെ ജോസഫ‌് വിഭാഗമാണ‌് കത്ത‌് പുറത്തുവിട്ടത‌്.

 

പാർടി ചെയർമാനായി തെരഞ്ഞെടുത്തെന്ന‌് കാണിച്ച‌് ജോസ‌് കെ മാണി നേരത്തെ തെരഞ്ഞെടുപ്പു കമീഷന‌് കത്ത‌് നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ‌് ഇടുക്കി മുൻസിഫ‌് കോടതി അസാധുവാക്കിയ സാഹചര്യത്തിൽ ജോസിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന‌് കമീഷൻ നിരീക്ഷിച്ചു. പാർടി ഭരണഘടനയ‌്ക്ക‌് അനുസൃതമായല്ല തെരഞ്ഞെടുപ്പ‌് നടന്നതെന്നും കോടതിയുടെ ഉത്തരവിൽ ഇതുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

പാലായിലെ യുഡിഎഫ‌് സ്ഥാനാർഥിക്ക‌് ‘രണ്ടില’ ചിഹ്നം അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ജോസ‌് കെ മാണി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമീഷന‌് കത്ത‌് നൽകിയിരുന്നു. എന്നാൽ, വർക്കിങ‌് ചെയർമാൻ എന്ന നിലയിൽ പി ജെ ജോസഫ‌് എഴുതി നൽകിയാൽ മാത്രമേ ചിഹ്നം അനുവദിക്കാൻ കഴിയൂ എന്നാണ‌് സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണർ ടിക്കാറാം മീണ വ്യക്തമാക്കിയത‌്.
 


പ്രധാന വാർത്തകൾ
 Top