24 October Thursday

ക്യാമ്പസുകൾ ഉണരണം; ചർച്ചാവേദിയാകണം: കോടിയേരി ബാലകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019


പാലാ
ശാസ‌്ത്രചിന്തയും യുക്തിബോധവുമുള്ള സമൂഹത്തെ രൂപപ്പെടുത്താൻ ക്യാമ്പസുകളിൽ എസ‌്എഫ‌്ഐ ഇടമൊരുക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. എംജി സർവകലാശാല കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ പങ്കെടുപ്പിച്ച‌് സംഘടിപ്പിച്ച ‘ചരിത്രവിജയങ്ങളുടെ മഹാസംഗമം’ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

വ്യത്യസ‌്ത അഭിപ്രായങ്ങളെയും ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം എല്ലാ വിദ്യാർഥി സംഘടനകളുടെയും പ്രവർത്തനസ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊള്ളണം. എസ‌്എഫ‌്ഐക്കെതിരായ പ്രചാരവേല എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട‌്. അതിനെയെല്ലാം വിദ്യാർഥികളെ അണിനിരത്തി അതീജീവിച്ച പാരമ്പര്യമാണ‌് ഈ വിദ്യാർഥി പ്രസ്ഥാനത്തിനുള്ളത‌്.  നാളത്തെ പ്രതിഭകളെ സൃഷ്ടിക്കുന്ന പ്രസ്ഥാനമാണിത‌്. വിദ്യാർഥികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും എസ‌്എഫ‌്ഐ ഇടമൊരുക്കുന്നു.

ബഹുസ്വരത ഇല്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത‌് കാമ്പസുകൾ ഉണരണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള  പേരാട്ടം കാമ്പസുകളിൽ നിന്നാണ‌് തുടങ്ങേണ്ടത‌്. എംജി സർവകലാശാലാ കോളേജ‌് യൂണിയൻ തിരഞ്ഞെടുപ്പിലെ  മഹാവിജയം പലതിലേയ‌്ക്കുമുള്ള ചൂണ്ടുപലകയാണ‌്. ലോക‌്സഭാ തിരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫിനെ എഴുതിത്തള്ളിയവരുണ്ട‌്. പുതുതലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ‌് എസ‌്എഫ‌്ഐയ‌്ക്ക‌് കാമ്പസുകൾ സമ്മാനിച്ച വിജയം. തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ‌് വിജയവും അനുകൂല മുന്നേറ്ററത്തിന്റെ സൂചനയാണെന്ന‌് കോടിയേരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top