18 October Friday

സർക്കാരിന്റെ പണം കൈക്കലാക്കാൻ അനുവദിക്കില്ല:- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കൊച്ചി
കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ പണം വ്യക്തികളുടെ നിക്ഷേപത്തിലേക്ക്‌ പോകാൻ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള ഒരു നാട് യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്‌. ഇതിനിടയിൽ സങ്കുചിത താൽപ്പര്യങ്ങളോടെ ഉയർത്തുന്ന അനാവശ്യ വിവാദങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ യാഥാർഥ്യമാക്കി നാടിന്റെ സമഗ്രവികസനം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാരാജാസ്‌ കോളേജ്‌ മുതൽ തൈക്കൂടംവരെയുള്ള കൊച്ചി മെട്രോയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതോടൊപ്പം നാടിന്റെ പുനർനിർമാണമെന്ന വലിയ ഉത്തരവാദിത്തംകൂടി  ഏറ്റെടുക്കേണ്ടതുണ്ട്. നിർമാണപ്രവർത്തനങ്ങളിൽ കള്ളം കാണിക്കുന്നവർക്ക് എന്താണ്‌ സംഭവിക്കുകയെന്ന്‌, പാലാരിവട്ടം പാലം  അഴിമതിയിൽ സർക്കാർ എടുത്ത നിലപാടിലൂടെ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. സംസ്ഥാനത്താകെ  നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഘട്ടമാണിത്. ഒരിടത്തും ഗുണനിലവാരത്തിൽ വീഴ്‌ചയുണ്ടാകാൻ പാടില്ല. അത്തരം എന്തെങ്കിലും കണ്ടാൽ വ്യക്തിപരമായിത്തന്നെ ഉത്തരവാദിത്തം നിശ്ചയിച്ച് ശിക്ഷിക്കും. സർക്കാരിന്റെ പണം ജനങ്ങളുടേതാണ്. പ്രകൃതിദുരന്തങ്ങൾക്ക് തകർക്കാൻ കഴിയാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌.

പൊതു ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഗൗരവമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്‌. ലൈറ്റ് മെട്രോ പദ്ധതികൾ, തീരദേശ ഹൈവേ, മലയോര ഹൈവേ,  ദേശീയ ജലപാത വികസനം, സംസ്ഥാന പാതകളുടെയും പൊതുമരാമത്ത് റോഡുകളുടെയും വികസനം എന്നിവ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോവളം–-കാസർകോട് ദേശീയ ജലപാത 2020ൽ പൂർത്തീകരിക്കും. ഇതോടെ  കാസർകോടിനും തിരുവനന്തപുരത്തിനുമിടയ്ക്ക് ബാർജുകൾ, ബോട്ടുകൾ, ടൂറിസം ലക്ഷ്യമാക്കിയുള്ള ഉല്ലാസനൗകകൾ എന്നിവ സർവീസ്‌ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജല മെട്രോയുടെ ആദ്യ ടെർമിനലിന്റെയും പേട്ടമുതൽ തൃപ്പൂണിത്തുറ എസ്‌എൻ ജങ്‌ഷൻവരെയുള്ള മെട്രോ പാതയുടെ നിർമാണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.


പ്രധാന വാർത്തകൾ
 Top