24 October Thursday

ആരോഗ്യമേഖല സ്വപ്‌നതുല്യമായ വികസനപാതയിൽ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019


കൊച്ചി
പൊതുമേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ സ്വപ്നതുല്യമായ വികസനപാതയിലാണെന്ന് മന്ത്രി കെ കെ ശൈലജ. റോട്ടറി ഇന്റർ നാഷണലിന്റെ സഹകരണത്തോടെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച സിടി സിമുലേറ്ററിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2.5 കോടി ചെലവിൽ സ്ഥാപിച്ച സിടി സിമുലേറ്റർവഴി ആധുനിക രീതിയിലുള്ള ക്യാൻസർചികിത്സ, ഇമേജിങ്‌ സൗകര്യം എന്നിവ  ലഭ്യമാകും. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോളജിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ അനുവദിച്ചതിന്റെ സന്തോഷവും മന്ത്രി പങ്കുവച്ചു.

ആരോഗ്യമേഖലയിൽ നവീനവും അടിസ്ഥാനപരവുമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് പര്യാപ്തമല്ലാത്തതിനാലാണ് പുറത്തുനിന്നും സഹായം സ്വീകരിക്കാൻ തീരുമാനിച്ചത്. ആരോഗ്യമേഖലയുടെ സമസ്ത പുരോഗതി ലക്ഷ്യമിട്ടാണ് സർക്കാർ ആർദ്രം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ 230 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മൂന്നു വർഷത്തിനിടയിൽ 5200 പുതിയ ജീവനക്കാരെ ആരോഗ്യമേഖലയിൽ നിയമിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 25 പുതിയ തസ്തികകൾ സൃഷ്ടിച്ചു. 76 കോടി രൂപ ചെലവിട്ട്‌  മൾട്ടി സ്പെഷ്യാലിറ്റി ബിൽഡിങ്ങിന്റെ പണി നടന്നുവരികയാണ്. നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനോടൊപ്പം സർക്കാർ ആശുപത്രികളിലെ ഇടുങ്ങിയ പാതകളും പഴയ കെട്ടിടങ്ങളുമെല്ലാം മാറ്റി രോഗീ സൗഹൃദ അന്തരീക്ഷമാക്കി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്‌.

പ്രളയത്തിൽ പൂർണമായി വെള്ളത്തിലായ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സഹായിക്കണമെന്ന് റോട്ടറി ഇന്റർ നാഷണൽ പ്രതിനിധികളോട് മന്ത്രിഅഭ്യർഥിച്ചു. "കണ്ണൂരോ, വയനാടോ എവിടെ വേണമെന്ന് മന്ത്രി പറഞ്ഞാൽ മതി’ എന്ന റോട്ടറി ഭാരവാഹികളുടെ മറുപടിവാക്കുകൾക്ക് വേദിയിൽ കൈയടി ഉയർന്നു. റോട്ടറി ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ജാരി ഹുയാങ്, ട്രസ്റ്റി ഗുലാം വാഹവതി, റോട്ടറി ഡിസ്ട്രിക്ട്‌ ഗവർണർ മാധവ് ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ അനിത, പ്രിൻസിപ്പൽ അഡ്വൈസർ ജുനൈദ് റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top