22 February Friday

കുട്ടനാട്ടിൽ വീണ്ടും ഫസ‌്റ്റ‌്ബെൽ മുഴങ്ങി

സിബി ജോർജ്Updated: Tuesday Sep 4, 2018

വെള്ളം കയറിയതിനെ തുടർന്ന്‌ ജൂലൈ 16മുതൽ അടച്ചിട്ട കുട്ടനാട്ടിലെ കുപ്പപ്പുറം സ്‌കൂൾ തിങ്കളാഴ്‌ച തുറന്നപ്പോൾ. വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ ബെഞ്ച്‌ പാലമാക്കി ക്ലാസിൽ നിന്നും ഇറങ്ങുന്ന കുട്ടികൾ. ഫോട്ടോ: ശിവപ്രസാദ്‌ എം എ

ആലപ്പുഴ > ‘നോക്കെടാ ഇത‌് നമ്മുടെ ചോദ്യപേപ്പർ ആണല്ലോ’,  ആനന്ദിന‌് കാട്ടിക്കൊടുത്തുകൊണ്ട‌്  ആരോമൽ സംസാരിക്കുന്നതുകേട്ട‌് സഹപാഠികളായ അനുപമയും നന്ദനയും അഭിനയയും അവിടേക്കെത്തി. വരാന്തയിൽ ഉണക്കാനിട്ടതായിരുന്നു ചോദ്യപേപ്പറുകളും പുസ‌്തകങ്ങളും. പ്രോജക്ട‌ിനുപയോഗിക്കുന്ന ചില പുസ‌്തകങ്ങൾ കണ്ടപ്പോൾ നന്ദന അതെടുത്ത‌് അനുപമയെ കാണിച്ചു. മലയാളം പാഠാവലിയുടെ ചോദ്യപേപ്പറെടുത്ത‌് അഭിനയയും മറിച്ചുനോക്കി.  കൈനകരി കുപ്പപ്പുറം ഹൈസ‌്കൂളിലെ എട്ടാംക്ലാസ‌ുകാരാണിവർ.   

പ്രളയത്തെ തുടർന്ന‌് ഒന്നരമാസത്തിലേറെയാണ‌് സ‌്കൂളിലെ പഠനം മുടങ്ങിയത‌്.  തിങ്കളാഴ‌്ച  സ‌്കൂൾ  വീണ്ടുംതുറന്നപ്പോൾ വേദനകൾ മറന്ന‌് കുട്ടികൾ എത്തിത്തുടങ്ങി.  ക്യാമ്പുകളിൽ കഴിയുന്നവരും വീടുകളിൽ വെള്ളമിറങ്ങാത്തവരും എത്തിയിട്ടില്ല. ഒന്നുമുതൽ 10 വരെ ക്ലാസിൽ 162 കുട്ടികൾ ഉണ്ടെങ്കിലും തിങ്കളാഴ‌്ച 38 പേർ  എത്തി. ജൂലൈ 16 മുതൽ ഈ സ‌്കൂൾ പ്രവർത്തിച്ചിരുന്നില്ല. ഏറെപ്പേരും ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടി. ഏറെനാളുകൾക്കുശേഷം വീണ്ടും കുട്ടുകാരെ കണ്ട ആഹ്ലാദത്തിലായിരുന്നു കുരുന്നുകൾ.  സ‌്കൂൾ സാധാരണനിലയിലെത്താൻ ഒരാഴ‌്ചയെടുക്കുമെന്ന‌് ഹെഡ‌്മാസ‌്റ്റർ വി ശാർങൻ പറഞ്ഞു. സ‌്കൂളിനോട‌് ചേർന്ന കനകാശേരി പാടം മട വീണതാണ‌്  സ‌്കൂളിലേക്കും വെള്ളം ഇരച്ചെത്തിയത‌്.  നാട്ടുകാരുടെ അഭയകേന്ദ്രമായും ഇടക്കാലത്ത‌് സ‌്കൂൾ പ്രവർത്തിച്ചു. പക്ഷെ വെള്ളംകൂടി വന്നതോടെ ക്യാമ്പ‌് അവസാനിപ്പിച്ച‌് കൈനകരിയിലെ എല്ലാവരെയും ആലപ്പുഴ നഗരത്തിലും സമീപപ്രദേശങ്ങളിലെയും ക്യാമ്പുകളിലേക്ക‌് മാറ്റി. ലാപ‌്ടോപ്പ‌്, കംപ്യൂട്ടർ, കംപ്യൂട്ടർ മേശകൾ,  ലാബ‌് സാമഗ്രികൾ, സ‌്കൂൾ രേഖകൾ, ഉച്ചഭക്ഷണത്തിനുള്ള അരി എന്നിവയടക്കം കുപ്പപ്പുറം സ‌്കൂളിൽ നശിച്ചു. വയറിങ്ങിൽ തകരാർ കാരണം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. 

കെടുതികളിൽനിന്ന‌് അതിജീവനത്തിലേക്ക‌് തുഴയുന്ന കുട്ടനാടിന്റെ പ്രതീകമാണ‌് ഈ സ‌്കൂൾ. 103 വർഷത്തെ ചരിത്രമുള്ള സ‌്കൂൾ, കുട്ടനാട്ടിൽ നൂറ്റാണ്ടുകൾക്ക‌് മുമ്പേയുള്ള മനുഷ്യവാസത്തിന്റെയും അടയാളം.  മുക്കിത്താഴ‌്ത്തിയ പ്രളയത്തിൽ നിന്ന‌് കൈനകരി ഉണരുന്നതിനൊപ്പം മറ്റ‌് കുട്ടനാടൻ ഗ്രാമങ്ങളിലും  ക്ലാസ‌്മുറികൾ സജീവമായി. കുട്ടനാട്ടിലാകെ 115  സ‌്കൂളുകളിലാണ‌് ക്ലാസ‌് മുടങ്ങിയത‌്. സർക്കാർ പ്രഖ്യാപിച്ച ശുചീകരണദൗത്യത്തിലൂടെ ഇൗ സ‌്കൂളുകളെല്ലാം വൃത്തിയാക്കി. ഫർണിച്ചറുകളും നന്നാക്കിയെടുത്തു. അവധിദിവസങ്ങളിലും പ്രവൃത്തിദിനങ്ങളിൽ കൂടുതൽ സമയമെടുത്തും കുട്ടികളെ പഠിപ്പിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ‌്  അധ്യാപകരും. തുറക്കാനാവാത്ത സ‌്കൂളുകളിലെ വിദ്യാർഥികൾക്ക‌്  സമീപ വിദ്യാലയങ്ങളിൽ താൽക്കാലികമായി പഠനസൗകര്യം ഒരുക്കാനാണ‌് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top