19 September Thursday

റെയിൽവേ സ്വകാര്യവൽക്കരണം : സിഐടിയു രാജ്‌ഭവൻ മാർച്ചിന്‌ പിന്തുണയുമായി തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019


കൊച്ചി
റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു 14ന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ, ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷൻ, സ്റ്റേഷൻ മാസ്‌റ്റേഴ്‌സ്‌ അസോസിയേഷൻ എന്നീ സംഘടനകൾ നേതൃത്വം നൽകും. തിരുവനന്തപുരം–-പാലക്കാട്‌ ഡിവിഷനിലെ തൊഴിലാളികൾ സംഘടിപ്പിച്ച സംസ്ഥാന കൺവൻഷനിലാണ്‌ തീരുമാനം. ഇതിനായുള്ള ജോയിന്റ്‌ ഫോറം രൂപീകരിച്ച്‌ സമരപരിപാടികൾക്ക്‌ രൂപം നൽകി.

ഇന്ത്യയിൽ ഏഴു നിർമാണ ഫാക്ടറികൾ ഇന്ത്യൻ റെയിൽവേ റോളിങ് സ്‌റ്റോക്ക്‌ കമ്പനി എന്ന പേരിൽ കമ്പനിയാക്കാനും ട്രെയിനുകൾ ഐആർസിടിസി വഴി സ്വകാര്യവൽക്കരിക്കാനുമാണ്‌ കേന്ദ്ര നീക്കം. ‘ഗീവ്‌ അപ്‌ സബ്‌സിഡി’ വഴി കൺസഷൻ ഇല്ലാതായാൽ സെക്കൻഡ്‌ ക്ലാസ്സ്‌ എസി യാത്രയ്‌ക്ക്‌ മിനിമം 1500 രൂപയാകും. എക്‌സ്‌പ്രസ്‌, പാസഞ്ചർ ട്രെയിനുകൾ സ്വകാര്യവൽക്കരിച്ചാൽ സീസൺ ടിക്കറ്റ്‌ നിരക്ക്‌ അഞ്ചു മടങ്ങ്‌ വർധിക്കും. സ്വകാര്യവൽക്കരണത്തിലൂടെ നിലവിലുള്ള 13 ലക്ഷം തൊഴിലാളികളുടെ സ്ഥിരം ജോലി ഇല്ലാതാകും.

ജോയിന്റ്‌ ഫോറം ഓഫ്‌ റെയിൽവേ ട്രേഡ്‌ യൂണിയൻസിന്റെ നേതൃത്വത്തിൽ നടന്ന കൺവൻഷൻ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. എം എം റോളി അധ്യക്ഷനായി. കെ എൻ ഗോപിനാഥ്‌, എസ്‌ ശർമ എംഎൽഎ, സി കെ മണിശങ്കർ, മാത്യു സിറിയക്‌, കെ എ എസ്‌ മണി, സുനിൽകുമാർ, ആർ ജി പിള്ള, ജോയ്‌സി ചിറപ്പുറം, അലി അക്‌ബർ, കെ എം അനിൽകുമാർ, പി ബി അനിൽ എന്നിവർ സംസാരിച്ചു.

ജോയിന്റ്‌ ഫോറം ഓഫ്‌ റെയിൽവേ ട്രേഡ്‌ യൂണിയൻസ്‌ കൺവീനർ എൻ രവികുമാറും ചെയർമാൻ പി എൻ സോമനും പ്രസ്‌താവനയിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top