24 February Sunday

കാമുകിയുടെ ഭർത്താവിന്റെ നീക്കങ്ങൾ മൊബൈൽ ആപ്പുവഴി ചോർത്തിയ ബാങ്ക‌് മാനേജർ അറസ‌്റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018

പ്രതി അജിത്ത്‌

കൊച്ചി > കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യദൃശ്യങ്ങളും സംഭാഷണങ്ങളും മൊബൈൽ ആപ്ലിക്കേഷൻവഴി പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ വണ്ടാനം പുതുവാൾ വീട്ടിൽ എസ് അജിത്തിനെ (32) എളമക്കര പൊലീസ് അറസ്റ്റ്ചെയ്‌തു.  ആലപ്പുഴയിലെ പുതുതലമുറ ബാങ്കിൽ വായ്‌പ സെക്‌ഷനിലെ മാനേജരാണ് എംബിഎ ബിരുദധാരിയായ അജിത്ത്. എളമക്കര സ്വദേശി അദ്വൈതിന്റെ പരാതിയിലാണ് കേസ‌്. ഇയാളുടെ ഭാര്യയും കേസിൽ പ്രതിയാകും. സംസ്ഥാനത്ത് മൊബൈൽ ആപ്പ് വഴി തട്ടിപ്പ‌് നടത്തിയതിന്റെ ആദ്യ കേസാണിത‌്.

ഗൾഫിൽ ജോലിക്കാരനായിരുന്ന അദ്വൈത് അഞ്ചുമാസംമുമ്പാണ് നാട്ടിലെത്തിയത്. ഇയാളും ഭാര്യയും തമ്മിൽ സ്ഥിരമായി വഴക്കായിരുന്നുവെന്ന‌് പൊലീസ‌് പറഞ്ഞു. ഇരുവരുടെയും പരാതിയിൽ എളമക്കര പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ മൊബൈൽ അപ്ലിക്കേഷനിലൂടെ യുവതിയും അജിത്തും  സ്വകാര്യനിമിഷങ്ങൾ പകർത്തിയത്. അദ്വൈതിന്റെ അക്കൗണ്ടിലെ ഏഴുലക്ഷം രൂപ നഷ്ടപ്പെട്ടതോടെയാണ‌് ഇരുവരും വഴക്കാരംഭിക്കുന്നത‌്. തുടർന്ന‌് ഭാര്യ എളമക്കരയിലെ വീട്ടിൽനിന്ന് കുട്ടിയുമായി അമ്പലപ്പുഴയിലെ സ്വന്തംവീട്ടിലേക്ക് പോയി. ഏഴുലക്ഷം രൂപ പ്രതി അജിത്തിനാണ് നൽകിയതെന്നാണ് പ്രാഥമികനിഗമനം. അദ്വൈതിന്റെയും പ്രതിയുടെയും ഫോണുകൾ പൊലീസ‌് പരിശോധിച്ച‌ുവരികയാണ്.

 സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ അജിത്ത് ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഇതിനുശേഷം യുവതി കൊണ്ടുവന്ന രണ്ടു മൊബൈൽ ഫോണുകളിൽ അപ്ലിക്കേഷൻ ഇൻസ്‌റ്റാൾ ചെയ്‌തു. പിന്നീട് സ്വന്തം ജി﹣മെയിൽ അക്കൗണ്ടിലൂടെ നിയന്ത്രിക്കാൻ സംവിധാനമൊരുക്കി.  ഇതിൽ ഒരു മൊബൈൽഫോൺ യുവതി ഭർത്താവിന് നൽകി. മറ്റേത് യുവതിയും ഉപയോഗിച്ചു. ഇടയ്‌ക്കിടയ്‌ക്ക് മൊബൈൽഫോൺ പരസ്പരം കൈമാറുന്ന ശീലം ഇരുവർക്കുമുണ്ടായിരുന്നു. അതിനാൽ സംശയമുണ്ടായില്ല.  മൊബൈൽഫോണിൽ ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ ഇരുവശത്തേയും ക്യാമറകൾ പ്രവർത്തിക്കും. ആരൊടെങ്കിലും ഫോൺവഴിയല്ലാതെ സംസാരിച്ചാൽപാേലും സംഭാഷണങ്ങൾ റെക്കോഡ‌് ആകുന്നതാണ‌് ഈ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രത്യേകത. അദ്വൈതിന്റെ ഓരോ നീക്കവും ഭാര്യയും അജിത്തും അപ്പപ്പോൾ മൊബൈലിൽ കണ്ടുകൊണ്ടിരുന്നു.

മാസങ്ങൾക്കുമുമ്പ് ഇരുവരും വഴക്കിട്ടപ്പോൾ താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഭാര്യ വിളിച്ചുപറയുന്നത് അദ്വൈതിൽ സംശയമുണ്ടാക്കി. അദ്വൈത് എവിടെയാണ്, ആരോടൊപ്പമാണ്, എന്ത് സംസാരിച്ചു, എന്ത് കഴിച്ചു തുടങ്ങി സകല വിവരവും പിണങ്ങിപ്പോയ ഭാര്യ ഫോണിൽ വിളിച്ച് കൃത്യമായി അദ്വൈതിനോട് പറയാൻതുടങ്ങി. തന്നെ ആരോ പിന്തുടരുന്നുവെന്ന സംശയത്തിൽ അയാൾ മാനസികമായി തകർന്നു. എന്നാൽ, താൻമാത്രമുള്ള സ്വകാര്യ സന്ദർഭങ്ങൾവരെ ഭാര്യ ഫോൺ വിളിച്ചുപറഞ്ഞു. കൂടെ അദ്വൈതിന്റെ സ്വകാര്യരംഗങ്ങളുടെ വീഡിയോ ഉണ്ടെന്നും പറഞ്ഞു. ഫോൺ വഴിയാകാം തന്നെ പിന്തുടരുന്നതെന്ന് സംശയം തോന്നിയ അദ്വൈത് വിവരം സുഹൃത്തുക്കളെ അറിയിച്ചു. ഫോൺ പരിശോധിച്ചപ്പോൾ ഒരു ആപ്പ് ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തി.

മൊബൈൽ ഫോണിൽ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത്‌ സ്വകാര്യ നിമിഷങ്ങൾ പകർത്തിയത് സൈബർസെല്ലിന്റെ സഹായത്തോടെയാണ‌് കണ്ടെത്തിയത്.  എളമക്കര പൊലീസ് കേസ് രജിസ്‌റ്റർചെയ്‌ത് അജിത്തിനെ പിടികൂടുകയായിരുന്നു. സംഭവത്തിനുപിന്നിൽ ബ്ലാക്ക് മെയിലിങ‌് ലക്ഷ്യമിട്ടിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആലപ്പുഴയിൽ യുവതിയുടെ വീടിന് അടുത്താണ് പ്രതിയുടെ താമസം. യുവതിയുടെ ആവശ്യപ്രകാരം സൈറ്റിൽനിന്ന് കാര്യങ്ങൾ മനസിലാക്കി പറഞ്ഞുകൊടുക്കുകമാത്രമാണ് ചെയ്‌തതെന്നാണ് അജിത്ത് പൊലീസിന് നൽകിയ മൊഴി. യുവതിക്ക് പ്രീഡിഗ്രി വിദ്യാഭ്യാസംമാത്രമാണുള്ളത്.  അടുത്തദിവസം ഇവരെ ചോദ്യംചെയ്യും. ഐടി ആക്ടിലെ സെക്‌ഷൻ 66 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്. അജിത്തിനെ പിന്നീട‌് ജാമ്യത്തിൽവിട്ടു.  തൃക്കാക്കര അസി. കമീഷണർ പി പി ഷംസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top