കൊച്ചി > യൂണിഫോം തയ്ച്ചുനൽകാമെന്ന പേരിൽ പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. പോണേക്കര താന്നിക്കൽ ലെയ്നിൽ താമസിക്കുന്ന മൈസൂർ വോണ്ടിക്കോപ്പൽ സ്വദേശി രതീഷ് മേനോൻ (38) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. കലൂർ മണപ്പാട്ടിപ്പറമ്പിലുള്ള നിഷ യൂണിഫോം എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻ മാനേജർ ആയിരുന്നു പ്രതി.
സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള യൂണിഫോം തയ്ച്ചുകൊടുക്കുന്ന സ്ഥാപനമാണിത്. സ്ഥാപനങ്ങളിൽചെന്ന് ഓർഡർ എടുത്തശേഷം കുറച്ചുദിവസം കഴിയുമ്പോൾ യൂണിഫോം തയ്യാറായിട്ടുണ്ടെന്നുപറഞ്ഞ് അവിടെനിന്നും മുഴുവൻ തുകയും കൈക്കലാക്കും. പണം ട്രാൻസ്ഫർ ചെയ്യാമെന്ന് പറയുന്നവർക്ക് സ്വന്തം അക്കൗണ്ട് നമ്പർ കൊടുക്കും.
ഇത്തരത്തിൽ കുറെ നാളുകളായി ഇയാൾ തട്ടിപ്പ് നടത്തിവരികയായിരുന്നു. സ്ഥാപനത്തിലെ മാനേജർ ആയതിനാൽ മറ്റാർക്കും സംശയമുണ്ടായില്ല. കഴിഞ്ഞ ദിവസം സുഖമില്ലാത്തതിനെത്തുടർന്ന് ഇയാൾ ആശുപത്രിയിൽ ആയിരുന്നു. തുടർന്ന് യൂണിഫോം ലഭിക്കാനുള്ളവർ സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പത്തുലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
30 വർഷത്തിലധികമായി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന നിഷ യൂണിഫോം എന്ന സ്ഥാപനത്തിന്റെ ഉടമയായ ഈരാറ്റുപേട്ട സ്വദേശി ഷറഫ് കാസിം രണ്ടുവർഷംമുമ്പാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ഒമ്പതുമാസം മുമ്പാണ് രതീഷ് മേനോൻ ഇവിടെ മാനേജറായി ജോലിക്കെത്തിയത്. നോർത്ത് സിഐ കെ ജെ പീറ്റർ, എസ്ഐ വിബിൻദാസ്, എഎസ്ഐ ശ്രീകുമാർ, സീനിയർ സിപിഒമാരായ വിനോദ് കൃഷ്ണ, ബോബി ഫ്രാൻസിസ്, റോയ്മോൻ എന്നിവർചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.