തിരുവനന്തപുരം > കേരളത്തിന്റെ തനത് ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ബൃഹദ് പദ്ധതിയുമായി സംസ്ഥാന ഫിഷറീസ് വകുപ്പ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉള്‍നാടന്‍ മത്സ്യത്തിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാനുള്ള കര്‍മപദ്ധതിയാണ് നടപ്പാക്കുക. ഈവര്‍ഷം 54.96 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഉള്‍നാടന്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. പ്രതിവര്‍ഷം കേരളത്തില്‍ 10.40 കോടി ശുദ്ധജല മത്സ്യവിത്ത് ആവശ്യമാണെന്നാണ് കണക്ക്. നിലവില്‍ 3.62 കോടിയാണ് ഉല്‍പ്പാദനശേഷി. നിര്‍മാണം പുരോഗമിക്കുന്ന നാല് ഹാര്‍ച്ചറികളിലായി രണ്ടുകോടി മത്സ്യവിത്ത് ഉല്‍പ്പാദനം ലക്ഷ്യമിടുന്നു. ബാക്കി മത്സ്യവിത്ത് ലഭ്യമാക്കാനും നടപടിയാകും. കരിമീന്‍ ഉള്‍പ്പെടെ മത്സ്യസമ്പത്തിന്റെ ശോഷണത്തിനുള്ള കാരണം കണ്ടെത്തി പരിഹാരം കാണുകയെന്നതാണ് പദ്ധതിയുടെ ആദ്യലക്ഷ്യം. സര്‍ക്കാര്‍ മത്സ്യഫാമുകള്‍, ഹാച്ചറികള്‍, അക്വേറിയം എന്നിവയുടെ ശേഷി വര്‍ധിപ്പിക്കും. കാര്‍പ്പുകളില്‍ സമ്മിശ്ര കൃഷി, കുളങ്ങളില്‍ കരിമീന്‍, തിലോപ്പിയ, പങ്കേഷ്യസ് എന്നിവയുടെ കൃഷി വ്യാപിപ്പിക്കല്‍, തുറന്ന ജലാശയങ്ങളിലും റിസര്‍വോയറുകളിലും കേജ് കൃഷി, പൊക്കാളി, കോള്‍, കൈപ്പാട്, കുട്ടനാട് പാടശേഖരങ്ങളില്‍ ഉള്‍പ്പെടെ നെല്ലുമായി സംയോജിപ്പിച്ച് മാറിമാറി മത്സ്യം, കൊഞ്ച്, ചെമ്മീന്‍ കൃഷി, വനാമി, കാര ഇനങ്ങളില്‍പ്പെട്ട ചെമ്മീനുകളുടെ പ്രകൃതിസൌഹൃദ കൃഷി, കടല്‍ മുരിങ്ങ, കല്ലുമേയ്ക്കായ് എന്നിവ റാക്ക്/റാഫ്റ്റ് സംവിധാനത്തില്‍ കൃഷി, റോള്‍ കൊഞ്ച്, ഞണ്ട്, മുത്തുച്ചിപ്പി, അലങ്കാര മത്സ്യം, അക്വേറിയം സസ്യകൃഷി തുടങ്ങിയ മേഖലകളിലായിരിക്കും മുഖ്യശ്രദ്ധ. മത്സ്യകര്‍ഷക ക്ളബ്ബുകളെ ശക്തിപ്പെടുത്തും.
പൊതുജലാശയങ്ങള്‍ മാതൃകാ കുളങ്ങളാക്കല്‍, വിള ഇന്‍ഷുറന്‍സ്, ജലജീവികളുടെ ആരോഗ്യത്തിനായി അക്വാക്ളിനിക്കുകള്‍ സ്ഥാപിക്കല്‍, മത്സ്യരോഗം കണ്ടെത്താനുള്ള പരിശോധന സംഘങ്ങള്‍, നൂതന മത്സ്യകൃഷി രീതികളുടെ പ്രദര്‍ശന യൂണിറ്റുകള്‍ എന്നിവയിലൂടെ മത്സ്യകൃഷി പദ്ധതി ജനകീയ പദ്ധതിയാക്കാനാണ് പരിപാടി. തിരുവനന്തപുരത്ത് നെയ്യാര്‍ഡാം, കോട്ടയം പള്ളം, എറണാകുളത്ത് ഞാറയ്ക്കല്‍, തൃശൂര്‍ അഴിക്കോട്, പാലക്കാട് മലമ്പുഴ എന്നിവടങ്ങളിലെ അക്വാകള്‍ച്ചര്‍ പരിശീലന കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..