03 August Monday

ഡോ. കെ ബാബു ജോസഫ്‌ എൺപതിന്റെ നിറവിൽ

കെ പി വേണുUpdated: Saturday Jul 4, 2020


കളമശേരി
കേരളത്തിൽ സൈദ്ധാന്തിക ഭൗതികശാസ്ത്ര (തിയററ്റിക്കൽ ഫിസിക്സ്) പഠനത്തിന് അടിത്തറയിട്ട അധ്യാപകനും കുസാറ്റ്‌ മുൻ വിസിയുമായ ഡോ. കെ ബാബു ജോസഫിന് തിങ്കളാഴ്‌ച 80 തികയും. ശാസ്ത്രപ്രചാരകനും മലയാളത്തിലെ ശാസ്ത്ര-വൈജ്ഞാനിക സാഹിത്യകാരനും പ്രഭാഷകനുമായ അദ്ദേഹത്തിന്‌ ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് തിങ്കളാഴ്ച പകൽ 11ന് ഓൺലൈനായി പിറന്നാളാദരം അർപ്പിക്കും. പ്രൊഫ. ജയന്ത് നർലിക്കർ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾ ഒരുക്കിയ പുസ്തകം ‘സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ പുത്തൻ പ്രവണതകൾ' പ്രൊഫ. അജിത് കെംഭാവി പ്രകാശനം ചെയ്യും.

തൊടുപുഴയ്‌ക്കടുത്ത് പുറപ്പുഴ വയറ്റാട്ടിൽ അഡ്വ. കെ ടി ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1940 ജൂലൈ ആറിനാണ്‌ ഡോ. ബാബു ജോസഫ്‌ ജനിച്ചത്‌. കുറവിലങ്ങാട് സെന്റ്‌ മേരീസ് ബോയ്സ് സ്കൂൾ, സിഎംഎസ് കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം ’64ൽ ആലുവ യുസി കോളേജിൽ ഡോ. കെ വെങ്കിടേശ്വരലുവിന്റെ കീഴിൽ ഗവേഷകനായി. ’69ൽ ഇവിടെ അധ്യാപകനായി. വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോ. ഇ സി ജി സുദർശനുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഡോ. ബാബു ജോസഫ്, ടെക്സാസ് യൂണിവേഴ്സിറ്റിയിൽ ഡോ. സുദർശന്റെ കീഴിലുള്ള കണികാ ശാസ്ത്രവകുപ്പിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചു. അവിടെ സ്റ്റീവൻ വെയ്ൻബെർഗിനെപ്പോലെയുള്ള നൊബേൽ സമ്മാന ജേതാക്കളുമൊത്ത് പ്രവർത്തിക്കാൻ അവസരമുണ്ടായത്‌ അവിസ്‌മരണീയ അനുഭവമായിരുന്നുവെന്ന്‌ ഡോ. ബാബു ജോസഫ് പറയുന്നു.  ന്യൂയോർക്കിലെ സിറാക്യൂസ് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായും സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ ആയി ഗോതൻ ബർഗിലെ ചാൽമേഴ്സ് യൂണിവേഴ്സിറ്റിയിലും പ്രവർത്തിച്ചു. കുസാറ്റ്‌ രൂപീകരിച്ചപ്പോൾമുതൽ അവിടെ പ്രവർത്തിച്ച അദ്ദേഹം, ’97ൽ വിസിയായി. വിദേശ സർവകലാശാലകളുമായുള്ള സഹകരണവും പുളിങ്കുന്ന് എൻജിനിയറിങ് കോളേജ് സ്ഥാപിച്ചതും സർവകലാശാലയിൽ സെമസ്റ്റർ സംവിധാനത്തിന് തുടക്കമിട്ടതുമെല്ലാം അക്കാലത്താണ്‌. 

നൂറിലേറെ ലേഖനങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും 15 ശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു.  ‘പദാർഥംമുതൽ ദൈവകണംവരെ’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വേറെയും ഒട്ടേറെ പുരസ്കാരങ്ങൾക്ക്‌ അർഹനായി.കളമശേരി യൂണിവേഴ്സിറ്റി റോഡിലെ കുഴിക്കാട്ടുകുന്നേൽവീട്ടിൽ എഴുത്തും വായനയുമായി  കഴിയുകയാണ് അദ്ദേഹമിപ്പോൾ. ഭാര്യ: ആനി. മക്കൾ: ഡോ. സ്വപ്ന ജോസഫ്‌, ഡോ. സുനിൽ ബാബു (ഇരുവരും യുഎസിൽ).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top