09 August Sunday

അന്ന്‌ 115 റിലീസ്‌; ഇന്ന്‌ ഒരേയൊരു സൂഫിയും സുജാതയും ; ഇടവേളയ്‌ക്കുശേഷം ആദ്യ സിനിമാ റിലീസ്‌ ആഘോഷമാക്കി ആസ്വാദകലോകം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


കൊച്ചി
നൂറുദിവസത്തിലേറെ നീണ്ട ഇടവേളയ്‌ക്കുശേഷം മലയാളത്തിലുണ്ടായ ആദ്യ സിനിമാ റിലീസ്‌ ആഘോഷമാക്കി ആസ്വാദകലോകം. തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ്‌  ജയസൂര്യയും അദിതി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തിയ സൂഫിയും സുജാതയും പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. മാർച്ച്‌ ആറിന്‌ അവസാന മലയാള സിനിമാ റിലീസിനുശേഷം പതിനാറിനാണ്‌ തിയറ്ററുകൾ അടച്ചത്‌. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 115 മലയാള സിനിമകളാണ്‌ റിലീസായത്‌.

കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ തിയറ്ററുകൾ അടച്ചതിനാൽ ഇക്കുറി വിഷുവും വേനലവധിക്കാലവും ആഘോഷമാക്കാൻ സിനിമയ്‌ക്കായില്ല. സൂപ്പർതാരങ്ങളുടെ ബിഗ്‌ബജറ്റ്‌ ചിത്രങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം സിനിമകൾ റിലീസിന്‌ തയ്യാറായിരുന്നു. എന്നാൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ്‌ ചെയ്യാനുള്ള ആലോചനകൾ സംസ്ഥാനത്ത്‌ വിവാദത്തിന്‌ വഴിതുറന്നു. തിയറ്റർ ഉടമകളും നിർമാതാക്കളിൽ ഒരു വിഭാഗവും ഇപ്പോഴും ഒടിടി റിലീസിനെതിരാണ്‌. തിയറ്ററുകൾ അപ്രസക്തമാകുമെന്നതാണ്‌ എതിർപ്പിനിടയാക്കിയ പ്രധാന കാരണം. എന്നാൽ, ഹിന്ദിയിലെയും പ്രാദേശിക ഇന്ത്യൻ ഭാഷകളിലെയും സിനിമകൾ പലതും ഇതിനിടെ ഒടിടിയിലൂടെ പ്രേക്ഷകരിലെത്തി. അമിതാബ്‌ ബച്ചന്റെ ‘ഗുലാബോ സിതാബോ’ ഹിന്ദിയിലും ജ്യോതികയുടെ ‘പൊന്മകൾ വന്താൽ’ തമിഴിലും ആദ്യ ഒടിടി റിലീസുകളായി. മലയാളിയായ കീർത്തി സുരേഷ്‌ നായികയായ ‘പെൻഗ്വിൻ’ മലയാളം ഉൾപ്പെടെ നാല്‌ ഭാഷകളിൽ ആമസോണിലെത്തി.

ആമസോണിലൂടെ സൂഫിയും സുജാതയും പുറത്തുവന്നതിന്‌ പിന്നാലെ വ്യാജപതിപ്പുകളും വൻതോതിൽ പ്രചരിച്ചു. ടെലഗ്രാമിലും ടൊറന്റ്‌ സൈറ്റുകളിലുമാണ്‌ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ വിലസുന്നത്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top