11 December Wednesday

തിരുവനന്തപുരം വിമാനത്താവളം: കേന്ദ്രം തൽക്കാലം പിന്മാറി; ലക്ഷ്യം കാണുന്നത‌് സംസ്ഥാനത്തിന്റെ സമ്മർദം

പ്രത്യേക ലേഖകൻUpdated: Friday Jul 5, 2019അദാനി ഗ്രൂപ്പിന‌് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള നടത്തിപ്പ‌് കൈമാറാനുള്ള തീരുമാനത്തിൽനിന്ന‌് കേന്ദ്ര സർക്കാരിന‌് താൽക്കാലികമായി പിൻവാങ്ങേണ്ടിവന്നത‌് സംസ്ഥാന സർക്കാർ നിലപാടിന്റെയും  ജനകീയ പ്രക്ഷോഭത്തിന്റെയും ഫലം. വിമാനത്താവള കൈമാറ്റത്തിന‌്  കേന്ദ്രം മുന്നിട്ടിറങ്ങിയപ്പോൾതന്നെ, ഏറ്റെടുക്കാൻ തയ്യാറാണെന്ന‌് സംസ്ഥാന സർക്കാർ വ്യക്തമാക്കി. അതിന‌് മുന്നോടിയായി  ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട‌് ലിമിറ്റഡ‌്(ടിയാൽ)  കമ്പനി സർക്കാർ രൂപീകരിച്ചു. വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്ന‌് കാണിച്ച‌് കേന്ദ്രത്തിന‌് കത്തും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട‌ുകണ്ട‌് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനത്തിൽനിന്ന‌് പിന്മാറണമെന്ന‌് ആവശ്യപ്പെട്ടു.

കേരളം സൗജന്യമായി നൽകിയ ഭൂമിയിലാണ‌് വിമാനത്താവളം പ്രവർത്തിക്കുന്നതെന്നും ഈ സാഹചര്യത്തിൽ  ഉടമസ്ഥാവകാശം സംസ്ഥാനത്തിനുണ്ടെന്നും രേഖകൾ സഹിതം സമർഥിച്ചു. ഇതെല്ലാം അവഗണിച്ച‌് കേന്ദ്രം ലേല നടപടികളുമായി മുന്നോട്ടുപോയി. അതോടെ സംസ്ഥാനസർക്കാർ രൂപീകരിച്ച ടിയാലും ലേലത്തിൽ പങ്കെടുക്കുകയും അദാനി ഗ്രൂപ്പിന‌ുപിന്നിൽ രണ്ടാമതായി എത്തുകയും ചെയ‌്തു. ജനകീയ സമരം ശക്തമാകുകയും വിമാനത്താവളം സർക്കാരിന‌് വിട്ടുനൽകണമെന്ന‌് കർക്കശമായ ആവശ്യം സംസ്ഥാനം ഉന്നയിക്കുകയും ചെയ‌്തതതോടെ അദാനി ഗ്രൂപ്പിന‌് സ്വമേധയാ പിന്മാറേണ്ടിവന്നു. സംസ്ഥാന സർക്കാർ പിന്തുണയ‌്ക്കില്ലെന്ന‌് വ്യക്തമായതാണ‌് അദാനി ഗ്രൂപ്പിന്റെ മനസ്സുമാറ്റത്തിന‌് കാരണമായത‌്. അതിനിടെ നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയായശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ കണ്ട‌് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. ടെൻഡർ പൂർത്തിയായതിനാൽ  നിയമപ്രശ‌്നമാകുമെന്ന‌് പ്രധാനമന്ത്രി വാദിച്ചു. ടെൻഡറിൽ രണ്ടാമതായി സർക്കാർ കമ്പനി വന്ന സാഹചര്യത്തിൽ നിയമതടസ്സമില്ലെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഈ വാദം പൊളിഞ്ഞു. അതിന‌ുശേഷം കേന്ദ്ര കാബിനറ്റ‌് സെക്രട്ടറിയും സംസ്ഥാന ചീഫ‌് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസിങ‌് വഴി വിഷയം ചർച്ച ചെയ‌്തു. വിമാനത്താവള നടത്തിപ്പ‌് ഏറ്റെടുക്കാനുള്ള വൈദഗ‌്ധ്യം സർക്കാരിനും ടിയാലിനും ഉണ്ടെന്ന‌് ചീഫ‌് സെക്രട്ടറി ടോം ജോസ‌് ബോധ്യപ്പെടുത്തി. ഇതേത്തുടർന്നാണ‌്  മറ്റ‌് വിമാനത്താവളങ്ങൾ കൈമാറാൻ ബുധനാഴ‌്ചത്തെ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചപ്പോഴും തിരുവനന്തപുരത്തെ തൽക്കാലം  ഒഴിവാക്കിയത‌്.

ജനകീയ സമരത്തിന്റെയും വിജയം
കേരളത്തിൽ എൽഡിഎഫ‌് സർക്കാർ അല്ലായിരുന്നെങ്കിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും  ഇതിനകം അദാനി ഗ്രൂപ്പിന്റെ കൈയിൽ എത്തുമായിരുന്നു. വിൽപ്പനയ‌്ക്ക‌് അനുകൂല നിലപാടാണ‌് വിമാനത്താവളമുൾക്കൊള്ളുന്ന മണ്ഡലത്തിന്റെ പ്രതിനിധി ആയ ശശി തരൂർ എംപിയും തലസ്ഥാനത്തെ ഒരു വിഭാഗം ബിസിനസുകാരും ആദ്യംമുതൽ സ്വീകരിച്ചത‌്. കോൺഗ്രസിലെ ഒരു വിഭാഗം എതിർത്തിട്ടും ശശി തരൂർ അദാനിക്ക‌ുവേണ്ടി ചരടുവലിച്ചു. എംപിയുടെ പിആർ ഏജൻസികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി.

ഇതെല്ലാം അവഗണിച്ചാണ‌് എയർപോർട്ടിലെ തൊഴിലാളികളും ജനങ്ങളും എൽഡി‌എഫും കർശന നിലപാടുമായി മുന്നോട്ടുപോയത‌്. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ ആരംഭിച്ച ജനകീയസമരം 215 ദിവസം പിന്നിട്ടതിനൊപ്പം സ്വകാര്യവൽക്കരണത്തിനെതിരെ നിയമപോരാട്ടവും തുടങ്ങിയിരുന്നു.  പൊതുമേഖലയെ സംരക്ഷിക്കുകയെന്ന എൽഡിഎഫ‌് സർക്കാരിന്റെ ബദൽ നയത്തിന്റെ വിജയം കൂടിയാണിത‌്. യുഡിഎഫ‌് വിൽപ്പനയ‌്ക്ക‌ുവച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി ലാഭത്തിലേക്ക‌് കുതിക്കുന്നതും ശ്രദ്ധേയമാണ‌്.


പ്രധാന വാർത്തകൾ
 Top