നെടുങ്കണ്ടം കസ്റ്റഡി മരണ കേസിന് ഇടയാക്കിയ ഹരിത ഫൈനാൻസിലേക്ക് ഇടപാടുകാരെയും ജീവനക്കാരെയും എത്തിക്കാൻ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ മുന്നിട്ടിറങ്ങി. ഇതോടെ സ്ഥാപനത്തിനു വിശ്വസനീയത ഏറിയെന്ന് ജീവനക്കാരും ഇടപാടുകാരും പറഞ്ഞു. സ്ഥാപനം തുടങ്ങി ഒരു മാസമായപ്പോൾ ലക്ഷങ്ങൾ വന്നു. ഇതു ഹെഡ് ഓഫീസിലേക്കാണെന്നും പറഞ്ഞ് രാജ്കുമാർ തന്നെ വാഹനത്തിൽ കൊണ്ടുപോയി.
പഞ്ചായത്ത് അംഗങ്ങൾ ഇടപാടുമായി ബന്ധപ്പെട്ടപ്പോൾ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന ധാരണയായിരുന്നു എല്ലാവർക്കും–- ജീവനക്കാരിയായ സുമ ദിലീപ് പറഞ്ഞു. ഇപ്പോൾ പ്രമുഖരിൽ പലരും പ്രതികരിക്കുന്നില്ല.
വായ്പ കൊടുത്തു തുടങ്ങും മുമ്പ് ജീവനക്കാര്‍ മലപ്പുറത്ത് പരിശീലനത്തിന് പോകണമെന്ന് എംഡി ശാലിനി പറഞ്ഞിരുന്നു. പണം നിക്ഷേപിച്ച് വായ്പയെടുക്കാൻ വന്ന തയ്യൽ ജോലിക്കാരിയായ തന്നെ മാസശമ്പളം പറഞ്ഞാണ് ഹരിതയിൽ ജീവനക്കാരിയാക്കിയതെന്ന് പ്ലാമൂട് സ്വദേശിനി ജയകുമാരി പറഞ്ഞു.
വായ്പയ്ക്ക് അപേക്ഷിച്ചവരെയാണ് ജീവനക്കാരാക്കിയത്. കോ ഓർഡിനേറ്റർ, കാഷ്യർ, ഫീൽഡ് ഓഫീസർ, അസിസ്റ്റന്റ് എന്നിങ്ങനെ തസ്തിക നൽകി പത്തിലധികം പേരെ നിയമിച്ചു. വാർഡുകളിൽ സംഘം രൂപീകരിച്ച് നിശ്ചിത തുക നിക്ഷേപിച്ചാൽ 25 ലക്ഷം വരെ കൊടുക്കാമെന്നാണ് കമ്പനി എംഡി ശാലിനിയും രാജ്കുമാറും പറഞ്ഞിരുന്നത്. ആയിരം രൂപ നിക്ഷേപിച്ചാൽ ഒരു ലക്ഷം വായ്പ ലഭിക്കുമെന്ന് പറഞ്ഞതിനാലാണ് 12,000 രൂപ ഇട്ടതെന്ന് തൂക്കുപാലത്തെ ഓട്ടോ ഡ്രൈവർ പി എച്ച് ഉബൈസ് വ്യക്തമാക്കി. ഒരു മാസമായിട്ടും പണം ലഭിക്കാത്തപ്പോഴായിരുന്നു പ്രശ്നമുണ്ടായതെന്നും ഉബൈസ് പറഞ്ഞു.
തട്ടിപ്പുപണം കോൺഗ്രസിന്റെ ബാങ്കിൽ നിക്ഷേപിച്ചത് ധാരണപ്രകാരം
സ്വന്തം ലേഖകൻ
കോൺഗ്രസ് നേതാവ് പ്രസിഡന്റായ ബാങ്കിൽ ഹരിത ഫൈനാൻസ് മാനേജിങ് ഡയറക്ടറുടെ പേരിൽ പണം നിക്ഷേപിച്ചത് ധാരണപ്രകാരം. രണ്ടാംപ്രതിയും എംഡിയുമായ ആലപ്പുഴ സ്വദേശിനി ശാലിനിയാണ് രണ്ടുലക്ഷം രൂപ സ്ഥാപനം തുടങ്ങിയശേഷം നെടുങ്കണ്ടം അർബൻ ബാങ്കിൽ നിക്ഷേപിച്ചത്. പണം നിക്ഷേപിച്ചതു സംബന്ധിച്ച് ശാലിനി പൊലീസിൽ മൊഴിയും നൽകി.
നിക്ഷേപകരിൽനിന്ന് വാങ്ങുന്ന പണം ഉടനെ ബാങ്കിൽ നിക്ഷേപിക്കുന്നതിനാണ് അക്കൗണ്ട് തുടങ്ങിയതെന്ന് ജീവനക്കാരോട് ശാലിനി പറഞ്ഞിരുന്നു. ഇത് ഇടപാടുകാർക്കും അറിയാമായിരുന്നു. കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ എം എൻ ഗോപിയാണ് ബാങ്കിന്റെ പ്രസിഡന്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..