22 October Tuesday

കുമരകം ബോട്ടുദുരന്തത്തിലെ പ്രതികളെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019


കോട്ടയം
ഇരുപത്തൊമ്പതുപേർ മുങ്ങിമരിക്കുകയും നൂറിലേറെപ്പേർക്ക‌് പരിക്കേൽക്കുകയും ചെയ‌്ത കുമരകം ബോട്ട് ദുരന്തത്തിൽ പ്രതിചേർക്കപ്പെട്ട ബോട്ടുജീവനക്കാരെ  കോട്ടയം ഒന്നാംക്ലാസ‌് മജിസ‌്ട്രേറ്റ‌് കോടതി –-മൂന്ന‌് വെറുതെ വിട്ടു. അപകടം നടന്ന‌് 17 വർഷത്തിനുശേഷമാണ‌് പ്രതികളെ കുറ്റവിമുക്തരാക്കുന്നത‌്. 
ഒന്നാം  പ്രതി സ്രാങ്ക് മണി, രണ്ടാംപ്രതിയും എൻജിൻ  ഡ്രൈവറുമായ ജലാലുദീൻ, മൂന്നാംപ്രതി കണ്ടക്ടർ ദേവാനന്ദൻ  എന്നിവരെയാണ‌് വെറുതെ വിട്ടത‌്.  ഐപിസി 280, 304എ, 212 എന്നീ  വകുപ്പുകൾ പ്രകാരം  കുമരകം പൊലീസ് ആണ‌്  പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത‌്.  

    2002 ജൂലൈ 27ന‌്  മുഹമ്മയിൽനിന്ന‌് കുമരകത്തേക്ക‌് പുലർച്ചെ 5.45 ന‌് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ എ 53 ബോട്ടാണ‌് അപകടത്തിൽപ്പെട്ടത‌്. കോട്ടയത്ത‌് പിഎസ‌്സി നടത്തിയ  ലാസ‌്റ്റ‌്ഗ്രേഡ‌് സർവന്റ‌്സ‌് പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർഥികളായിരുന്നു മരിച്ചവരിലധികവും. 

അപകടം നടന്ന‌് രണ്ടുവർഷത്തിനുശേഷമായിരുന്നു വിചാരണ തുടങ്ങിയത‌്. അഡ്വ. കെ ബി അനിൽകുമാർ നൽകിയ സ്വകാര്യഅന്യായത്തിൽ അന്നത്തെ ചീഫ‌് ബോട്ട‌് ഇൻസ‌്പെക്ടർ നിസാമുദീനെതിരെ അന്വേഷണം നടത്തി പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. എന്നാൽ ഇദ്ദേഹം വിചാരണക്കിടെ മരിച്ചു. പരിക്കേറ്റവരടക്കം  160 സാക്ഷികളെ കോടതി വിസ‌്തരിച്ചു.

പ്രതികൾക്കുവേണ്ടി അഭിഭാഷകരായ വി മോഹൻദാസ്, കെ ബി അനിൽകുമാർ, വർഗീസ് മാത്യു എന്നിവർ   ഹാജരായി.


പ്രധാന വാർത്തകൾ
 Top