24 August Saturday

അഭിമന്യു സ്തൂപം: ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019


കൊച്ചി
മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ സ്തൂപം സ്ഥാപിച്ചതിലെ നിലപാട് അറിയിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. സ്തൂപം സ്ഥാപിക്കാൻ സർക്കാരിന്റെ അനുമതിയുണ്ടോ, അനുമതി നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് 11നകം വിശദീകരണം നൽകേണ്ടത്.  നിയമവിരുദ്ധമായാണ് കോളേജിൽ സ്തൂപം സ്ഥാപിച്ചതെന്ന‌് ഹർജിക്കാരായ കെ എം അംജാദ്, കാർമൽ ജോസ് എന്നിവർ വാദിച്ചു. അതിൽ എന്താണ് നിയമവിരുദ്ധതയെന്ന‌് ചീഫ്ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സ്തൂപനിർമാണത്തിന് പ്രിൻസിപ്പൽ അനുമതി നിഷേധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് അറ്റോർണി കെ വി സോഹൻ ചൂണ്ടിക്കാട്ടി. അധികൃതരുമായി ബന്ധപ്പെട്ടശേഷം മറ്റു കാര്യങ്ങളിൽ നിലപാട് അറിയിക്കാം. കോളേജിലെ വിദ്യാർഥികൾ ഒറ്റക്കെട്ടായാണ‌് സ‌്തൂപം സ്ഥാപിച്ചത‌്. കൊല്ലപ്പെട്ട വിദ്യാർഥിയുടെ സ്തൂപം ഒരു കലാസൃഷ്ടിയാണെന്നും നിലവിൽ ക്യാമ്പസിൽ ക്രമസമാധാന പ്രശ്നമൊന്നുമില്ലെന്നും സ‌്റ്റേറ്റ‌് അറ്റോർണി വ്യക്തമാക്കി.

സർ​ക്കാർ അനുമതി എപ്പോഴായാലും ലഭിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. സ്തൂപത്തിൽ അരിവാളും നക്ഷത്രവുമുണ്ടെന്നും നാളെ ചുറ്റികകൂടി വരുമെന്നും  രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പിക്കാനാണ് ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ, ഏതെങ്കിലും പാർടി ചിഹ്നമായി നക്ഷത്രം ഉണ്ടെന്നതുകൊണ്ട‌്,  ആകാശത്ത് നക്ഷത്രം കണ്ടാൽ അതിലും രാഷ്ട്രീയം കാണാനാവുമോയെന്ന‌് കോടതി ചോദിച്ചു. ‘ഇത് നിങ്ങളുടെ കാഴ‌്ചപ്പാടാണ്. നിങ്ങൾക്ക് അങ്ങനെ തോന്നാം. മറ്റുള്ളവർക്ക് മറിച്ചും തോന്നാം. ഹർജിക്കാർക്ക‌് രാഷ്ട്രീയമില്ലേ?’– -കോടതി ചോദിച്ചു.  ഇതിനുശേഷമാണ് കോടതി സർക്കാരിന്റെ നിലപാട് തേടിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top