18 February Monday

കമലിനു മുന്നിൽ പാടി ‘വൈറൽ’ പാട്ടുകാരൻ രാകേഷ്‌; അവസര വാഗ്‌ദാനവുമായി ശങ്കർ മഹാദേവനുൾപ്പെടെ സംഗീത ലോകത്തെ പ്രമുഖർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

രാകേഷ്‌ കമൽ ഹാസനു മുന്നിൽ പാടുന്നു

ചാരുംമൂട് > മരം മുറിച്ച‌് വണ്ടിയിൽ കയറ്റി വിശ്രമിക്കുമ്പോൾ നേരംപോക്കിന‌് പാട്ടുപാടുന്ന ശീലമുണ്ട‌് രാകേഷിന‌്. എന്നാൽ  കഴിഞ്ഞ ദിവസം പാടിയ ഒരു പാട്ട‌്  രാജ്യം മുഴുവൻ തന്നെ ശ്രദ്ധേയനാക്കുമെന്ന് നൂറനാട് കാവുംപാട് രാജേഷ് ഭവനം രാകേഷ് സ്വപ‌്നത്തിൽപ്പോലും കരുതിയിരുന്നില്ല. ഇന്ത്യയിലെ അറിയപ്പെടുന്ന സംഗീതജ്ഞർ വരെ ഗാനം കേട്ട് രാകേഷിന് അവസര വാഗ്ദാനവുമായി രംഗത്ത് വന്നു കഴിഞ്ഞു.

ജോലിയ‌്ക്കിടയിൽ ഒപ്പമുള്ള സുഹൃത്തുക്കളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ഉണ്ണി എന്ന രാകേഷ് പാട്ടുപാടാറുണ്ട‌്. ഒരാഴ‌്ച മുൻപ് വെട്ടിക്കോട് പള്ളിപ്പുറം ദേവീക്ഷേത്ര മൈതാനിയിൽ ഇരുന്ന് പാടിയ ഗാനമാണ‌് പതിനായിരക്കണക്കിന‌് ലൈക്കും ഷെയറുമായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നത‌്. ‘വിശ്വരൂപം’ എന്ന കമൽഹാസൻ ചിത്രത്തിലെ ശങ്കർമഹാദേവൻ ആലപിച്ച ‘‘ഉനൈ കാണാത്‌...’’ എന്നു തുടങ്ങുന്ന ഗാനം രാകേഷ്‌ പാടുന്ന വീഡിയോയാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്‌. പാട്ട്‌ ഹിറ്റായതോടെ ഗായകൻ ശങ്കർ മഹാദേവൻ ഈ വീഡിയോ തന്റെ ഫേസ്‌ബുക്ക്‌ പേജിൽ പങ്കുവക്കുകയും രാകേഷിനെ കാണാനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്‌തു. നടൻ കമൽഹാസൻ രാകേഷിനെ കാണാൻ താൽപ്പര്യമറിയിച്ചതിനെ തുടർന്ന്‌ രാകേഷ്‌ കമലിനെ കാണാനെത്തുകയും തന്റെ പ്രിയതാരത്തിനു മുന്നിൽ അദ്ദേഹത്തിന്റെ ചിത്രത്തിലെ ആ ഗാനം ആലപിക്കുകയും ചെയ്‌തു.

ശങ്കർ മഹാദേവന്റെ ആദ്യത്തെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:


സാമൂഹ്യ മാധ്യമങ്ങളിലൂടെ രാകേഷിന്റെ നമ്പർ ലഭിച്ച ശങ്കർ മഹാദേവൻ ശനിയാഴ‌്ച രാവിലെ രാകേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. പ്രസിദ്ധ സംഗീത സംവിധായകൻ ഗോപീ സുന്ദർ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് വിദഗ‌്ദൻ ബാലഭാസ്കർ ,ഗായകൻ പന്തളം ബാലൻ എന്നിവരും രാകേഷിനെ വിളിച്ച് അനുമോദനങ്ങൾ കൊണ്ട് പൊതിഞ്ഞു. പുതിയ അവസരങ്ങൾ വരുമ്പോൾ പരിഗണിക്കുമെന്ന ഉറപ്പും ഗോപീസുന്ദറും ബാലഭാസ‌്കറും രാകേഷിന് നൽകി.

രാകേഷിനെ തിരിച്ചറിഞ്ഞ ശേഷം ശങ്കർ മഹാദേവൻ ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോ:വെട്ടിക്കോട് പള്ളിപ്പുറത്ത് റബ്ബർ മരങ്ങൾ കയറ്റിക്കൊണ്ടു പോകാനെത്തിയ വാഹനത്തിന്റെ ഡ്രൈവർ പഴകുളം സ്വദേശി ഷെമീർ ആരുമറിയാതെ രാകേഷ് പാടിയ ഗാനം വീഡിയോയിലാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.  ശങ്കർ മഹാദേവനെ നേരിൽ കാണുകയെന്ന ജീവിതത്തിലെ വലിയ സ്വപ്നവും പേറിനടന്നിരുന്ന രാകേഷ് തന്റെ പ്രിയഗായകൻ നേരിൽ വിളിച്ചതിന്റെ ആവേശത്തിലാണിപ്പോൾ.

ജീവിതദുരിതങ്ങളാണ് രാകേഷിനെ ചെറുപ്പത്തിലെ കൂലിപ്പണിക്കാരനാക്കിയത്. സ‌്കൂൾ വിദ്യാഭ്യാസ കാലത്ത് ലളിതഗാനം, ചെണ്ടമേളം എന്നിവയിൽ സബ്ബ്ജില്ലാ റവന്യൂജില്ലാ കലോത്സവങ്ങളിൽ രാകേഷ് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.   കലയോടുള്ള അഭിനിവേശം കാരണം കഠിന ജോലികൾക്കിടയിലും മേലേടത്ത് ആർട‌്സ‌് ചെണ്ടമേള ഗ്രൂപ്പിലും സജീവ സാന്നിധ്യമാണ്. സംഗീതത്തോട‌് താൽപ്പര്യമുള്ള കൽപ്പണി തൊഴിലാളിയായ അച്ഛൻ രാഘവനും അമ്മ സൂസമ്മയും സഹോദരൻ രാജേഷുമാണ് രാകേഷിന്റെ പ്രചോദനം. കഴിഞ്ഞ രണ്ടു മാസമായി പടനിലം മോഹന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട്. നൂറനാട് സൗഹൃദ കൂട്ടായ്മയുടെ കരുത്തും രാകേഷിന് തുണയായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top