06 December Friday

ക്യാൻസർ ചികിത്സാ പിഴവ‌് സ്വകാര്യ ലാബിന്റേതെന്ന‌് റിപ്പോർട്ട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019


കോട്ടയം
ക്യാൻസറില്ലാത്ത യുവതിക്ക് കീമോ നൽകിയ സംഭവത്തിൽ ഡോക്ടർമാർ കുറ്റക്കാരല്ലെന്ന് അന്വേഷണ റിപ്പോർട്ട്. സ്വകാര്യ ലാബിന്റെ പിഴവാണ് സംഭവത്തിന് ഇടയാക്കിയതെന്നും കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആരോഗ്യമന്ത്രിക്ക‌് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് ക്യാൻസർ സ്ഥിരീകരിക്കുംമുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി ചെയ‌്തത‌്.

മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രോഗിയുടെ സാമ്പിൾ ഡോക്ടർ മുഖേന സ്വകാര്യ ലാബിൽ പരിശോധിച്ചിട്ടില്ല. മെഡിക്കൽ കോളേജിലെ പതോളജി ലാബിൽ പരിശോധനാ ഫലം ലഭിക്കാൻ ഒരാഴ‌്ചയിലേറെ എടുക്കും. അതിനാൽ രോഗിയും ബന്ധുക്കളും സ്വമേധയാ സ്വകാര്യ ലാബിൽ മറ്റൊരു സാമ്പിൾ എടുത്ത‌് പരിശോധിച്ചു. നേരത്തെ നടത്തിയ സ‌്കാനിങിലും മാമോഗ്രാമിലും യുവതിക്ക‌് ക്യാൻസർ ബാധയുണ്ടെന്ന‌് സംശയിച്ചിരുന്നു. ഇതിനുപിന്നാലെ സ്വകാര്യ ലാബിലെ റിപ്പോർട്ടിലും ക്യാൻസർ കോശങ്ങൾ സ്ഥിരീകരിച്ചപ്പോൾ എത്രയും പെട്ടെന്ന‌് ചികിത്സ ലഭ്യമാക്കാനാണ‌് ഡോക്ടർ ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട‌്.

കഴിഞ്ഞ ഫെബ്രുവരി 28നാണ‌് രജനി(38)  മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിൽ മാറിടത്തിലെ മുഴയ്ക്കു ചികിത്സ തേടിയത‌്. സ്വകാര്യലാബിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പിക്ക‌് വിധേമാക്കി. അതിനിടെ മെഡിക്കൽ കോളേജ‌് പാതോളജി ലാബിലെ റിപ്പോർട്ടിൽ രജനിക്ക‌് ക്യാൻസർ ഇല്ലെന്ന‌് തെളിഞ്ഞു. പിന്നീട‌്  ആർസിസിയിൽ നടത്തിയ പരിശോധനയിലും ക്യാൻസർ ലക്ഷണമില്ലെന്ന‌് വ്യക്തമായി. ഇതേ തുടർന്ന‌് രജനി മന്ത്രിക്കു പരാതി നൽകി. പരാതിയിന്മേൽ  മന്ത്രി  പ്രിൻസിപ്പലിനോട‌്  റിപ്പോർട‌് തേടുകയായിരുന്നു.

 

രജനിക്ക‌് തുടർചികിത്സ ഒരുക്കും: മന്ത്രി ശൈലജ
ചാരുംമൂട് 
സ്വകാര്യലാബിലെ തെറ്റായ പരിശോധനാ ഫലത്തെത്തുടർന്ന‌് ക്യാൻസറിന് ചികിത്സയ്‌ക്ക‌് ഇരയാകേണ്ടിവന്ന ചാരുംമൂട‌് കുടശനാട‌് സ്വദേശിനി രജനിയുടെ തുടർചികിത്സയ‌്ക്ക‌് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഞായറാഴ‌്ച വൈകിട്ട‌് രജനിയെ ഫോണിൽവിളിച്ച‌് മന്ത്രി ഇക്കാര്യമറിയിച്ചു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായും രജനി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top