16 July Tuesday

ഐഎസ് കേന്ദ്രത്തിലെത്തിയ കാസർകോട‌് സ്വദേശിയടക്കം 10 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019


തൃക്കരിപ്പൂര്‍  
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയ കാസർകോട‌് തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൾ റാഷിദ് (40) ഉൾപ്പെടെ പത്ത് ഇന്ത്യക്കാർ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം. മരിച്ചവരിൽ മൂന്നു വനിതകളും നാലു കുട്ടികളുമുണ്ട‌്. 2016–-ൽ ദുരൂഹസാഹചര്യത്തിൽ കാണാതായ അബ്ദുൾ റാഷിദ് ഒരു മാസംമുമ്പ് ഖോറസാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ‌് യുഎസ് സൈന്യം ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ വിവരം. എന്നാൽ ബന്ധുക്കളോ ഭീകരവാദവിരുദ്ധ സേനയോ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

2016 ജൂണിൽ അബ്ദുൾ റാഷിദും ഭാര്യ എറണാകുളം വൈറ്റില സ്വദേശിനി ആയിഷ (സോണി സെബാസ‌്റ്റ്യൻ)യും മകളുമുൾപ്പെടെ 21 പേരാണ് മതപഠനത്തിനും ശ്രീലങ്കയിൽ ബിസിനസ് ആവശ്യത്തിനുമായി വീടുവിട്ടത്. ഇവർ അഫ്ഗാനിസ്ഥാനിൽ ഐഎസ് കേന്ദ്രത്തിലെത്തിയതായി കേന്ദ്ര– -സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും കേന്ദ്ര ഭീകരവിരുദ്ധ വിഭാഗവും കണ്ടെത്തിയിരുന്നു. സംഘത്തിലെ ഹഫീസുദ്ദീൻ, ഷിഹാസ്, മുഹമ്മദ് മൻഷാദ്, സാജിദ്, പാലക്കാട് സ്വദേശി യഹിയ എന്നിവർ കൊല്ലപ്പെട്ടതായി മുമ്പ് വിവരം ലഭിച്ചിരുന്നു. ഇവരുടെ മരണവിവരം റാഷിദാണ് ടെലിഗ്രാം സന്ദേശം വഴി ബന്ധുക്കൾക്ക് നൽകിയത്. അബ്ദുൾ റാഷിദിന്റെ ടെലിഗ്രാം ആപ്പ‌് ഒരുമാസമായി പ്രവർത്തനരഹിതമാണ‌്.  

കേരളത്തിൽനിന്ന‌് ഐഎസ് കേന്ദ്രത്തിലേക്ക് യുവാക്കളെ റിക്രൂട്ട്ചെയ്തിരുന്ന പ്രധാന കണ്ണിയാണ് അബ്ദുൾ റാഷിദ്.  ഇയാളും ഭാര്യയും തൃക്കരിപ്പൂർ ആയിറ്റിയിലെ പീസ് സ്കുളിൽ ജോലി ചെയ്തിരുന്നു. കോഴിക്കോട് പീസ‌് സ‌്കൂളിൽ അധ്യാപികയായിരുന്ന യുപി സ്വദേശിനി യാസ്മിനയെയും വിവാഹം ചെയ്തതായി പറയുന്നു. 2017 -ൽ ഡൽഹിയിൽനിന്ന‌്  കാബൂളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ യാസ്മിന പിടിയിലാവുകയും എറണാകുളം എൻഐഎ കോടതി ഏഴ് വർഷത്തേക്ക് തടവിന‌് ശിക്ഷിക്കുകയും ചെയ‌്തിരുന്നു.


പ്രധാന വാർത്തകൾ
 Top