28 May Thursday

അടിയന്തിര പ്രവൃത്തികള്‍ക്ക് അനുമതി: മന്ത്രി ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

തിരുവനന്തപുരം > ദേശീയപാത 66 ല്‍ ഉപരിതലം പുതുക്കലിന്റെ കാലാവധി അവസാനിച്ചതിനു ശേഷം 50 മാസങ്ങളിലധികമായി ഉപരിതലം പുതുക്കാന്‍ കേന്ദ്രാനുമതി ലഭിക്കാതെ കാലതാമസമുണ്ടായ നാലു പ്രവൃത്തികള്‍ ചെയ്യുന്നതിനായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുകൊണ്ട് പ്രത്യേകാനുമതി ലഭിച്ചുവെന്നു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം - കടമ്പാട്ടുകോണം റോഡ് (20.600 കി.മീ), എറണാകുളം തൃശൂര്‍ ജില്ലകളിലായി വരുന്ന കോട്ടപ്പുറം - മുനമ്പം ജംഗ്ഷന്‍ റോഡ് (5.610 കി.മീ), കാപ്രിക്കാട് - എടക്കഴിയൂര്‍ റോഡ് (10 കി.മീ), കൊപ്രക്കളം - ചന്തപ്പുര ജംഗ്ഷന്‍ റോഡ് (15.900 കി.മീ) എന്നിവയ്ക്കാണ് അനുമതി ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

ദേശീയപാതകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായതിനാല്‍ പ്രവൃത്തികള്‍ക്കു ഫണ്ടു നല്‍കുന്നതും അനുമതി നല്‍കേണ്ടതും കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയമാണ്. പല റീച്ചുകളും ഉപരിതലം പുതുക്കിയതിന്റെ കാലവാധി 2015 ലും 2016ലും അവസാനിച്ചിരുന്നു. ഉപരിതലം പുതുക്കാനുള്ള ഫണ്ടിനായി പലതവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള ഓരോ വര്‍ഷവും സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി മാത്രമാണ് നടത്തിയിട്ടുള്ളത്. 50 മാസങ്ങള്‍ക്കു ശേഷം ഉപരിതലം പുതുക്കാന്‍ ഫണ്ട് അനുവദിക്കുകയും കരാര്‍ വെയ്ക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴ വന്നാല്‍ ഈ റീച്ചുകളെല്ലാം വലിയ രീതിയില്‍ തകരാന്‍ സാധ്യതയുള്ളതാണ്. റോഡുകളില്‍ വാഹനങ്ങള്‍ വളരെ കുറവാണെന്നതും, ഇപ്പോള്‍ അടച്ചിടേണ്ട അവസ്ഥയുണ്ടാവില്ലയെന്നതും, മഴയില്ലാത്ത സാഹചര്യവും റോഡിന്റെ ഉപരിതലം പുതുക്കുന്ന പ്രവൃത്തികള്‍ക്കു അനുകൂല സാഹചര്യമായതിനാലാണ് പ്രത്യേക അനുമതി ആവശ്യപ്പെട്ടതെന്നു മന്ത്രി അറിയിച്ചു.

ഇതുപോലെ സംസ്ഥാനത്തെ മറ്റു പ്രധാന റോഡുകളിലും താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന ഉപരിതലം പുതുക്കുന്ന മരാമത്തു പ്രവൃത്തികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു നടത്തുന്ന കാര്യവും പരിഗണനയിലാണെന്നു മന്ത്രി ജി സുധാകരന്‍ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top