03 June Wednesday

സൗജന്യ റേഷനരി; സംസ്ഥാനം നൽകിയത്‌ 130 കോടി രൂപ ; മൂന്നുദിവസം 50 ശതമാനം പേർ സൗജന്യ റേഷൻ വാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

അടച്ചുപൂട്ടലിൽ ജനങ്ങൾക്ക്‌ ആശ്വാസമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരിയുടെ പേരിൽ നുണ പ്രചാരണം. സൗജന്യ റേഷൻ നൽകുന്നത്‌ കേന്ദ്രവിഹിതം ഉപയോഗിച്ചാണെന്നും ഇക്കാര്യം സംസ്ഥാന സർക്കാർ മറച്ചുവയ്‌ക്കുകയാണെന്നും പറഞ്ഞ്‌ സംഘപരിവാർ അനുകൂലികളാണ്‌ തെറ്റായ പ്രചാരണം നടത്തുന്നത്‌. ഒരു കിലോ അരിക്ക്‌ 34 രൂപ കേന്ദ്ര വിഹിതമാണെന്നും മൂന്ന്‌ രൂപമാത്രമാണ്‌ സംസ്ഥാന വിഹിതമെന്നുമാണ്‌ പ്രചാരണം.

സംസ്ഥാന സർക്കാർ  ഒരു കിലോക്ക്‌ 22.50 രൂപ  നിരക്കിൽ 130 കോടി രൂപ നൽകി എഫ്‌സിഐയിൽനിന്ന്‌ വാങ്ങിയ അരിയാണ്‌ വിതരണം ചെയ്യുന്നത്‌. മുൻഗണന, മുൻഗണനേതര വ്യത്യാസമില്ലാതെ എല്ലാ കാർഡുടമകൾക്കും സംസ്ഥാന സർക്കാർ സൗജന്യ അരി നൽകുന്നുണ്ട്‌. കാർഡില്ലാത്തവർക്കും ആധാർ കാർഡ്‌ പരിശോധിച്ച്‌ അരി നൽകുന്നുണ്ട്‌. സൗജന്യ അരിക്കു പുറമെ 756 കോടി രൂപ ചെലവിട്ട്‌ 87 ലക്ഷം കുടുംബങ്ങൾക്ക്‌ സംസ്ഥാന സർക്കാർ സൗജന്യമായി ഭക്ഷ്യധാന്യ കിറ്റും നൽകുന്നുണ്ട്‌. കേന്ദ്ര സർക്കാർ ഒരു റേഷൻ കാർഡ്‌ അംഗത്തിന്‌ അഞ്ച്‌ കിലോ അരിവീതം പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ, ഇത്‌ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കുമാത്രമാണ്‌.

പ്രളയകാലത്ത്‌ 2018ൽ കേന്ദ്ര സർക്കാർ അനുവദിച്ച 89,540 ടൺ ധാന്യത്തിന്‌ 205.81 കോടിരൂപ ഉടൻ നൽകാനാവശ്യപ്പെട്ട്‌ സംസ്ഥാനത്തിന്‌ കത്ത്‌ നൽകിയിരുന്നു. പണം ആവശ്യപ്പെട്ട്‌ മൂന്നുതവണയാണ്‌ കേന്ദ്രം  കത്തയച്ചത്‌. രക്ഷാപ്രവർത്തനത്തിന്‌ സൈനികവിമാനവും കോപ‌്റ്ററും ഉപയോഗിച്ചതിന‌ും കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു.

മൂന്നുദിവസം 50 ശതമാനം പേർ സൗജന്യ റേഷൻ വാങ്ങി
തൂക്കക്കുറവ്‌ ഉൾപ്പെടെ റേഷൻ കടകളിലെ ക്രമക്കേടുകൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. വെള്ളിയാഴ്‌ച 198 റേഷൻ കടയിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി.  19 റേഷൻ കടയുടമകൾക്കെതിരെ കേസ്‌ എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട്‌ റേഷൻ കടയിൽനിന്ന്‌ മാത്രമായി 12,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും റേഷൻ കടകൾ കേന്ദ്രീകരിച്ച്‌ പരിശോധന തുടരുമെന്ന്‌ ലീഗൽ മെട്രോളജി വിഭാഗം അറിയിച്ചു.

റേഷൻ വിതരണത്തിന്‌ സർക്കാർ  ക്രമീകരണമേർപ്പെടുത്തിയതിനാൽ കാര്യമായ തിരക്കില്ല. റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം അഞ്ച്‌–-ആറ്‌ നമ്പറുകളിൽ അവസാനിക്കുന്നവർക്കാണ് ശനിയാഴ്‌ച വിതരണം. വെള്ളിയാഴ്‌ച 13.31 ലക്ഷം പേർ സൗജന്യ അരി വാങ്ങി. 21621.06 മെട്രിക്‌ ടൺ അരിയാണ്‌ വിതരണം ചെയ്‌തത്‌. ഇതുവരെ 4304960 കാർഡുകാർ റേഷൻ വാങ്ങി. ഇതോടെ 49.32 ശതമാനം പേരും ഭക്ഷ്യധാന്യം വാങ്ങി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top