28 May Thursday

തദ്ദേശസ്ഥാപന പദ്ധതികളിൽ കോവിഡ്‌ പ്രതിരോധത്തിന്‌ മുൻഗണന വേണം: ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020




തിരുവനന്തപുരം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതികളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകണമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ചുണ്ടിക്കാട്ടി. കോവിഡ് കെയർ സെന്ററുകളിലെ സൗകര്യങ്ങൾ, വെള്ളം, ശുചിത്വ-, മാലിന്യസംസ്കരണ സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്താം.

ആശുപത്രികൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങി നൽകാനുള്ള പദ്ധതിയുമാകാം. സാന്ത്വനപരിചരണത്തിന്‌ മുൻഗണന നൽകണമെന്നും ധനമന്ത്രി നിർദേശിച്ചു. തദ്ദേശഭരണസ്ഥാപന പദ്ധതികളിൽ ഭൂരിപക്ഷവും ജില്ലാ ആസൂത്രണ സമിതികളുടെ പരിഗണനയിലാണ്‌. അടച്ചുപൂട്ടൽ സാഹചര്യത്തിൽ അംഗീകാരം വൈകും.

അടിയന്തരപ്രാധാന്യമുള്ള പദ്ധതികൾ ആസൂത്രണസമിതി അംഗീകാരമില്ലാതെതന്നെ നടപ്പാക്കുന്നതിന് പ്രത്യേക ഉത്തരവുണ്ട്‌. തദ്ദേശ സ്ഥാപന സ്‌റ്റിയറിങ്‌ കമ്മിറ്റികൾക്ക്‌ ഇത്തരം പദ്ധതികളിൽ തീരുമാനമെടുക്കാം. ആദ്യംചേരുന്ന ഭരണസമിതിയിൽ ഇതിന്‌ അംഗീകാരം നേടിയാൽമതി. സുലേഖ സോഫ്‌റ്റ്‌ വെയറിലെ അടിയന്തരസ്വഭാവത്തിൽ ഏറ്റെടുക്കുന്ന പ്രോജക്ടുകൾ (ജിഒ പ്രകാരമുള്ള പ്രോജക്ടുകൾ) എന്ന സൗകര്യം ഉപയോഗപ്പെടുത്താം. നിർവഹണ ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തിന്റെമാത്രം അടിസ്ഥാനത്തിൽ നിർവഹണനടപടികൾ ആരംഭിക്കാം.

സാമൂഹ്യ അടുക്കളകൾ വഴിയുള്ള സൗജന്യ ഊണ്‌ വിതരണ പദ്ധതിയും ഏറ്റെടുക്കാം. സർക്കാർ പ്രഖ്യാപിച്ച 12 ഇന പരിപാടിയിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ ഹോട്ടലുകൾക്ക് ആവശ്യമായ പദ്ധതിയും അടിയന്തരമായി നടപ്പാക്കണം. അങ്കണവാടികളുടെ പോഷകാഹാരപദ്ധതികൾ ഏറ്റെടുക്കുന്നതിനും കാത്തിരിക്കേണ്ടതില്ല.

പച്ചക്കറിക്കൃഷി പദ്ധതിക്ക്‌ മുൻഗണന നൽകണം. സ്വന്തം പുരയിടത്തിൽ പച്ചക്കറിക്കൃഷി സ്വയം ചെയ്യുന്നത് അടച്ചുപൂട്ടൽ നിബന്ധനകളുടെ ലംഘനമല്ല. എല്ലാ വീട്ടിലും കുറച്ചെങ്കിലും പച്ചക്കറി സ്വന്തമായി കൃഷിചെയ്യുമെന്ന് ഉറപ്പുവരുത്തണം. കുടുംബശ്രീയുടെ വളന്റിയർമാരെ പച്ചക്കറിക്കൃഷി പ്രചാരണത്തിനും വിതരണത്തിനുമായി ഉപയോഗപ്പെടുത്താം. ഇതിനായി നിലവിലെ ഉത്തരവിൽ ഭേദഗതി വരുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top