18 August Sunday

പിഎഫ് പെൻഷൻ: -സുപ്രീംകോടതി വിധി നടപ്പാക്കണം–- -സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019


തിരുവനന്തപുരം
പിഎഫ് പെൻഷൻകാർക്ക് യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് നൽകി ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനോട് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. തടസ്സവാദങ്ങൾ ഉന്നയിച്ച് റിട്ടയർചെയ്ത തൊഴിലാളികൾക്ക് അർഹമായ പെൻഷൻ നൽകുന്നത് നീട്ടിക്കൊണ്ടുപോകാൻ  ശ്രമിച്ചാൽ അതിനെതിരെ ശക്തമായ പ്രക്ഷോഭമുയർത്താനും സിഐടിയു തീരുമാനിച്ചു. ലക്ഷക്കണക്കിനു വരുന്ന പിഎഫ് പെൻഷൻകാരുടെ അവകാശ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ എല്ലാ തൊഴിലാളികളും മുന്നോട്ടുവരണം.

1995ൽ കോൺഗ്രസ് സർക്കാരാണ് എംപ്ലോയീസ് സ്കീം നടപ്പാക്കിയത്. മൂന്നാം റിട്ടയർമെന്റ് ആനുകൂല്യമായി എല്ലാ തൊഴിലാളികൾക്കും പെൻഷൻ നൽകണമെന്ന‌ സിഐടിയു വളരെക്കാലമായി ഉയർത്തിവന്ന ആവശ്യം തള്ളിയാണ് പ്രോവിഡന്റ് ഫണ്ടിന്റെ ഒരു വിഹിതം ഉപയോഗിച്ച് പെൻഷൻ സ്കീം ആവിഷ്കരിച്ചത്. ഒരു തൊഴിലാളി റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന രണ്ട് ആനുകൂല്യങ്ങളാണ് ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ് ഫണ്ടും. ഏഷ്യയിലെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയെന്ന് കൊട്ടിഘോഷിച്ച് കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന പെൻഷൻ സ്കീം പ്രോവിഡന്റ് ഫണ്ടിൽ നേരത്തെ മുതലുള്ള നിക്ഷേപത്തിൽനിന്ന് ഒരു വിഹിതം പ്രതിവർഷം പരമാവധി 6500 രൂപ ഉപയോഗിച്ച് പെൻഷൻ ഫണ്ട് രൂപീകരിക്കുന്നതായിരുന്നു. ഇങ്ങനെ നിലവിൽ വന്ന സ്കീമിൽ ചേർന്നവർക്ക് തുച്ഛമായ തുകയാണ് പ്രതിമാസം പെൻഷൻ ലഭിച്ചുവന്നത്. ഭൂരിപക്ഷം തൊഴിലാളികൾക്കും പ്രതിമാസം 1000 രൂപയിൽ താഴെ ആയിരുന്നു പെൻഷൻ. പെൻഷൻ സ്കീം സംബന്ധിച്ച് തുടക്കംമുതലേ സിഐടിയു ഉയർത്തിയ വിമർശം ശരിവയ‌്ക്കുന്നതായിരുന്നു അനുഭവം.

പിന്നീട് തൊഴിലാളിയും തൊഴിലുടമയും സംയുക്തമായി ഓപ്ഷൻ നൽകിയാൽ തൊഴിലലുടമാ വിഹിതത്തിന്റെ 8.33 ശതമാനം തുക പെൻഷൻ ഫണ്ടായി കണക്കാക്കാൻ തീരുമാനമുണ്ടായി. എന്നാൽ, 2004 ഡിസംബർ 31ന് മുമ്പ് പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടവർക്കുമാത്രമേ ഇത് ബാധകമാവൂ എന്ന് പ്രോവിഡന്റ് ബോർഡ് തീരുമാനിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം പെൻഷൻ കണക്കാക്കുന്നതിനുള്ള പ്രതിമാസ ശമ്പളം അവസാനത്തെ 12 മാസത്തെ ശരാശരി എന്നത് 60 മാസത്തെ ശരാശരി എന്നാക്കി മാറ്റി. കൂടാതെ 2014 സെപ്തംബർ ഒന്നിനുശേഷം സർവീസിൽ ചേർന്ന തൊഴിലാളികളിൽ 15000 രൂപയ‌്ക്കു മേൽ ശമ്പളമുള്ളവർക്ക് പിഎഫ് പെൻഷന് ആർഹതയില്ലെന്നും മോഡി സർക്കാരിന്റെ കാലത്ത് ഉത്തരവിറക്കി.

ഇതിനെ ചോദ്യംചെയ്തുകൊണ്ട് കെഎസ്എഫ്ഇ, മിൽമ, കെഎംഎംഎൽ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഈ റിട്ട് അംഗീകരിച്ചുകൊണ്ട് പെൻഷൻ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15000 രൂപയുടെ പരിധി നിശ്ചയിച്ചത് ഹൈക്കോടതി റദ്ദ് ചെയ്തു. 2014നുശേഷം ജോലിയിൽ ചേർന്ന 15000 രൂപയ‌്ക്കുമേൽ ശമ്പളമുള്ളവർക്കും പെൻഷന് അർഹതയുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. 15000 രൂപയ്ക്കുമേൽ ശമ്പളമുള്ള നേരത്തെ പദ്ധതിയിൽ ചേർന്നവർക്ക് കേന്ദ്ര സർക്കാർ വിഹിതമായ 1.16 ശതമാനം നൽകുന്നതല്ല എന്ന കേന്ദ്ര സർക്കാർ ഉത്തരവും റദ്ദാക്കി. 2018 ഒക്ടോബർ 12നാണ് ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.

ലക്ഷക്കണക്കിനു പെൻഷൻകാർക്ക് ആശ്വാസം നൽകിയ ഈ ഹൈക്കോടതി വിധിക്കെതിരെ പിഎഫ് അധികൃതർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഇനിയും കോടതി കയറി റിട്ടയർ ചെയ്ത തൊഴിലാളികളെ ദ്രോഹിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാൻ പിഎഫ് അധികൃതരും കേന്ദ്രസർക്കാരും സന്നദ്ധമാകണം.തൊഴിലാളികളും അവരുടെ സംഘടനകളും നടത്തിയ ദീർഘകാലത്തെ പോരാട്ടത്തിന്റെ വിജയമാണിതെന്നും സിഐടിയു പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top