23 April Tuesday

'പക്ഷെ ഇപ്പൊ അങ്ങനെയല്ല, ഇന്ന് ഞങ്ങള്‍ക്കൊരു പഠനമുറിയുണ്ട്'; ഊരുകളില്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

കൊച്ചി > 'പക്ഷെ, ഇപ്പൊ അങ്ങനെയല്ല, ഇപ്പൊ ഞങ്ങള്‍ക്കൊരു പഠനമുറിയുണ്ട്'. എറണാകുളം കുട്ടന്‍പുഴ ഗ്രാമപഞ്ചായത്തിലെ പിണവൂര്‍ക്കുടിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ തന്റെ വിദ്യാഭ്യാസ അനുഭവം പങ്കുവെക്കുമ്പോള്‍ അതില്‍ ഈ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. മലയാളികള്‍ വിദ്യാഭ്യാസത്തിലൂടെ സാക്ഷരതയും പ്രബുദ്ധതയും നേടിയപ്പോള്‍ ആദിവാസികള്‍ ഇതില്‍ നിന്നെല്ലാം അന്യമായിരുന്നു. എന്തൊക്കെ വികസനം നടപ്പിലാക്കിയാലും വിദ്യാഭ്യാസ രംഗത്ത് ഇവരെ കൈപിടിച്ചുയര്‍ത്താതെ ഒരു വികസനവും വിജയിക്കില്ല.

പല പദ്ധതികളും മാറി മാറി വന്ന സര്‍ക്കാരുകള്‍ നപ്പിലാക്കി. എന്നാല്‍ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. വാശിയോടെ പഠിച്ച് പൊതുസമൂഹത്തിലേക്ക് ഇറങ്ങിവന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ആ സമൂഹത്തിന്റെ ഉന്നമനത്തിന് ഇത് പോര. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ ആദിവാസികളുടെ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനായുള്ള ശ്രമം ആരംഭിച്ചു.

ഭാഷ, അടിസ്ഥാന സൗകര്യം ഇല്ലായ്മ, കുടുംബാന്തരീക്ഷം എന്നിവയെല്ലാം  വിദ്യാഭ്യാസത്തെ ബാധിക്കുന്നതാണ്. ആദിവാസി വിഭാഗം വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് സ്വയം പഠിച്ച് വളരാനുള്ള സാഹചര്യം വളരെ പരിമിതമായിരുന്നു. അവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടാക്കി നല്‍കുക. അതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

അതിനായി ആരംഭിച്ചതാണ് പഠനമുറികള്‍. ഒരു ഊരില്‍ ഒരു പഠനമുറി. ആ ഊരിലെ എല്ലാ വിദ്യാര്‍ത്ഥികളും ഒരുമിച്ചിരുന്ന് പഠിക്കും. അതും ഹൈടെക് ആയി. സ്‌കൂള്‍ വിട്ടുവന്നാല്‍ പഠനമുറിയിലേക്ക്. അവിടെ ലഘുഭക്ഷണവും ട്യൂഷന്‍ നല്‍കാനായി ഒരു ഫെസിലിറ്റേറ്ററും. സ്‌കൂളില്‍ നിന്നും മനസിലാകാത്ത ഭാഗങ്ങള്‍ പഠനമുറിയിലെത്തുമ്പോഴേക്കും മനസിലായിട്ടുണ്ടാകും. അതിന്റെ നേര്‍സാക്ഷ്യമാണ് അപര്‍ണയുടെ ഈ വാക്കുകള്‍.

സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ പഠനമുറിയെന്നത് പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്വപ്നം കാണാനുള്ള ആത്മവിശ്വാസമായി മാറിയിരിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇപ്പോള്‍ കേരളത്തിലെ നൂറ് ഊരുകളിലാണ് പഠനമുറി ആരംഭിച്ചിട്ടുള്ളത്. വൈകാതെ അഞ്ഞൂറ് ഊരുകളിലും പഠനമുറികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നമുക്ക് ചുറ്റുമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം നല്‍കി അവരെ മുഖ്യധാരയിലേക്ക്, നല്ല മനുഷ്യരായി, പ്രബുദ്ധരായ മലയാളികളായി, ഉയര്‍ത്തിക്കൊണ്ടുവരുന്ന പുതിയൊരു നവോത്ഥാനത്തിനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നതെന്നും കൈമോശം വന്നതെല്ലാം തിരികെപ്പിടിക്കുന്ന, കൈയ്യെത്തിപ്പിടിക്കാന്‍ സാധിക്കാത്തവര്‍ക്കെല്ലാം അത് എത്തിച്ചുകൊടുക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top