23 January Sunday

തിരുവൈരാണിക്കുളം 
നടതുറപ്പ് ഉത്സവം 19 മുതൽ ; വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 
ആലുവ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നപ്പോൾ


കൊച്ചി
കോവിഡ് മാനദണ്ഡം പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം നടത്താൻ തീരുമാനം. 19 മുതൽ 30 വരെയാണ് ഉത്സവം. ഹരിതചട്ട പാലനവും ഉറപ്പാക്കും. ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആലുവ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.

വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിച്ചായിരിക്കും ക്ഷേത്രത്തിൽ പ്രവേശനം. ഇതിനായി പ്രത്യേക സജ്ജീകരണം ക്ഷേത്രത്തിൽ ഒരുക്കും. വെർച്വൽ ക്യൂ ഇത്തവണയുമുണ്ടാകും. ആരോഗ്യവകുപ്പ്‌, പൊലീസ്‌, എക്‌സൈസ്‌ എന്നിവയുടെ നിരീക്ഷണം ശക്തമാക്കും. ക്ഷേത്രത്തിലേക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. കുടിവെള്ളവും വൈദ്യുതിയും തടസ്സമില്ലാതെ ലഭിക്കുന്നതിന്‌ നടപടിയെടുക്കും.

ക്ഷേത്രത്തിനകത്ത് ഭക്ഷണശാലകൾ ഒഴിവാക്കും. ജോലിയിലുള്ള പൊലീസ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്ഷണം നൽകും. ക്ഷേത്രത്തിനുപുറത്ത് കോവിഡ് മാനദണ്ഡം പാലിച്ച് ഭക്ഷണശാലകൾ നടത്താം. ഇവിടങ്ങളിൽ വിലവിവരപ്പട്ടിക സ്ഥാപിക്കും. അമിതവില ഈടാക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഉത്സവനാളുകളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ്‌ നടത്തും. പാർക്കിങ്‌ സൗകര്യങ്ങൾക്ക്‌ ഏകീകൃത ഫീസായിരിക്കും ഈടാക്കുക.

യോഗത്തിൽ സബ് കലക്ടർ പി വിഷ്ണുരാജ്, എഡിഎം എസ് ഷാജഹാൻ, ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ എ പ്രസൂൺ കുമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top