07 July Tuesday

പട്ടിണി വാർത്തയിലും തേടിയത്‌ സർക്കാർ വിരുദ്ധജ്വരം ; അഴിഞ്ഞുവീണത്‌ മാധ്യമ ഗൂഢാലോചന

പ്രത്യേക ലേഖകൻUpdated: Wednesday Dec 4, 2019

തിരുവനന്തപുരം > റെയിൽവേ പുറമ്പോക്കിൽ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞ അമ്മയുടെയും ആറ്‌ മക്കളുടെയും ദുരിതജീവിതത്തിന്‌ അറുതിയായത്‌ കേരളത്തിന്‌ പകരുന്നത്‌ വലിയ ആശ്വാസം. സർക്കാരിന്റെയും നഗരസഭയുടെയും ഇടപെടൽ  ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയപ്പോൾ അഴിഞ്ഞുവീണത്‌ ഒരു വിഭാഗം മാധ്യമങ്ങളുടെ സർക്കാർ വിരുദ്ധ അജൻഡ. പട്ടിണിക്കയത്തിലായ അമ്മയുടെയും മക്കളുടെയും ദുരവസ്ഥ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീക്കമാണ് ചില മാധ്യമങ്ങൾ ആസൂത്രിതമായി നടത്തിയത്‌. ഇതിന്‌ വിശപ്പുരഹിത പദ്ധതിയെമുതൽ ‘സഖാവ്‌’ എന്ന പേരിലുള്ള ഹോട്ടലിനെവരെ ആയുധമാക്കി. കണ്ണീര്‌ കുഴച്ച മണ്ണുവാരി തിന്നുന്ന കുട്ടികളുടെ പേരിലുള്ള ‘മാധ്യമ കണ്ണീരിന്‌ ’ മുമ്പുതന്നെ കുട്ടികളുടെ വിശപ്പടക്കാൻ സർക്കാർ നടപടി എടുത്തൂവെന്നതാണ്‌ യാഥാർഥ്യം. പട്ടിണി വാർത്തയിലും സർക്കാർ വിരുദ്ധജ്വരം നിറച്ചപ്പോൾ അതിന്‌ വീര്യം പകരാൻ വി എം സുധീരനെയും രമേശ്‌ ചെന്നിത്തലയെയുംവരെ രാത്രിയിൽ രംഗത്തിറക്കി.

കുടുംബം താമസിക്കുന്ന സ്ഥലത്തെ പ്രതിനിധാനംചെയ്‌തിരിക്കുന്നത്‌ ബിജെപി കൗൺസിലറും  കോൺഗ്രസ്‌ എംഎൽഎയുമാണെന്നത്‌ ബോധപൂർവം മറച്ചുപിടിച്ചു. ദരിദ്രർക്കുവേണ്ടി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽമാത്രമാണെന്ന്‌ വരുത്താനായിരുന്നു മാധ്യമങ്ങളുടെ വ്യഗ്രത. കുടുംബത്തിന്റെ ദുരവസ്ഥ  ശനിയാഴ്‌ചയാണ്‌ സർക്കാരിനു കീഴിലുള്ള ശിശുക്ഷേമസമിതിയിലെ ഹെൽപ്പ്‌ലൈൻവഴി അറിഞ്ഞത്‌. സമിതി ജനറൽ സെക്രട്ടറി എസ്‌ പി ദീപക്‌ അപ്പോൾത്തന്നെ നടപടി തുടങ്ങി.

തിങ്കളാഴ്‌ച കുട്ടികളെ ഏറ്റെടുത്തു. അതിനുശേഷമാണ്‌ ചാനലുകാർ വിവരം അറിഞ്ഞത്‌. വിവരം അറിഞ്ഞയുടൻതന്നെ മേയർ കെ ശ്രീകുമാർ സ്ഥലത്ത്‌ എത്തി. യുവതിക്ക്‌ കോർപറേഷനിൽ താൽക്കാലിക ജോലി നൽകാനും താമസിക്കാൻ ഫ്ലാറ്റ്‌ നൽകാനും നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല്‌ കുട്ടികളെ ശിശുക്ഷേമസമിതിയിലേക്ക്‌ മാറ്റി. രണ്ട്‌ കുഞ്ഞുങ്ങളെയും അമ്മയെയും രാത്രിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ സർക്കാർ മഹിളാമന്ദിരത്തിലേക്ക്‌ മാറ്റി. ചൊവ്വാഴ്‌ചതന്നെ ജോലിക്കുള്ള ഉത്തരവ്‌ കൈമാറുകയും ചെയ്‌തു.

കുട്ടികളുടെ അച്ഛന്റെ നിരുത്തരവാദിത്തമാണ്‌ ഈ കുടുംബത്തിന്റെ ദുരവസ്ഥയ്‌ക്കുള്ള പ്രധാനം കാരണം. ആറു കുഞ്ഞുങ്ങളും ഭാര്യയും പട്ടിണി കിടക്കുമ്പോഴും താൻ ബിജെപി പ്രവർത്തകനാണെന്നു പറഞ്ഞ്‌ മേനി നടിക്കുകയാണ്‌ ഇയാൾ. ഈ കുടുംബത്തെ മനുഷ്യരായി പരിഗണിക്കാൻപോലും കൂട്ടാക്കാത്ത ബിജെപിയുടെ സമീപനമല്ല എൽഡിഎഫിന്റേതെന്ന്‌ സാക്ഷ്യപ്പെടുത്തുന്നതാണ്‌ മാധ്യമങ്ങൾ കാണാത്ത വസ്‌തുത.


പ്രധാന വാർത്തകൾ
 Top