14 November Thursday

അൻവറിന്റെ അധിക്ഷേപം 
സ്വന്തം ശീലത്തിൽനിന്ന്‌ : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2024


തിരുവനന്തപുരം
പി വി അൻവർ എംഎൽഎ അദ്ദേഹത്തിന്റെ ശീലത്തിൽപ്പെട്ട കാര്യങ്ങളാണ്‌ അധിക്ഷേപമായി ഉന്നയിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അത്‌ ഞങ്ങളുടെ ഓഫീസിലുള്ളവർക്ക്‌ ബാധകമല്ല. അൻവറിന്റെ ബിസിനസ്‌ ഡീലിങ്‌സിൽ ഇത്തരം ഒത്തുതീർപ്പുകളും കൂട്ടുകെട്ടുകളുമെല്ലാം ഉണ്ടാകാം. തന്റെ ഓഫീസിലാരും ബിസിനിസ്‌ ഒത്തുതീർപ്പിന്‌ നടക്കുന്നവരല്ല. അധിക്ഷേപങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴലിലുമല്ല തന്റെ ഓഫീസിലുള്ളവർ നിൽക്കുന്നത്‌.

അൻവർ ഉന്നയിച്ച പ്രശ്‌നം ഗൗരവത്തിലാണ്‌ സർക്കാർ സ്വീകരിച്ചത്‌. അന്വേഷണ സംവിധാനവുമൊരുക്കി. അതിനിടെ അൻവർ മാറിയത്‌ എല്ലാവരും കണ്ടതാണ്‌. പാർലമെന്ററി പാർടിയിൽ നിന്ന്‌ വിടുന്നുവെന്ന പ്രഖ്യാപനം വരെയെത്തി. തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടാണ്‌ സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നത്‌. പാർടിയെ എതിർക്കുന്നവർ പോലും ഇക്കാര്യം രഹസ്യമായി സമ്മതിക്കും. ഇടതുപക്ഷ നിലപാടിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയവാദികൾക്ക്‌ അമർഷമുണ്ട്‌. ഇതിൽ അമർഷമുള്ളവർ സ്വാഭാവികമായും തങ്ങൾക്കെതിരെ നീങ്ങും.

ഇടതുപക്ഷത്തിനൊപ്പം ആളുകൾ അണിനിരക്കുന്നതിൽ ഇവർക്ക്‌ അസഹിഷ്‌ണുതയുണ്ട്‌. അവരെ പിന്തിരിപ്പിച്ച്‌ കൊണ്ടുപോകണം എന്നാഗ്രഹിക്കുന്നവരുണ്ട്‌. ആ ശ്രമത്തിന്റെ ഭാഗമായുള്ള കളിയുടെ കൂടെ അൻവറും ചേർന്നുവെന്നാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നത്‌. പുതിയ പാർടിയുണ്ടാക്കുമെന്നാണ്‌ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്‌. അതിനെയും നേരിട്ടുപോകും. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സർക്കാരിനെയുമാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിന്റെ പ്രതീകമായി നിൽക്കുന്ന തനിക്കെതിരെ ചില ആക്ഷേപങ്ങൾ ഉന്നെയിച്ചെന്നുവരും. അതിന്‌ പ്രകോപിതമായി മറുപടി പറയാൻ നിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top