21 November Thursday

പാലാരിവട്ടം പാലം അഴിമതി : കരാറുകാരന്‌ അഡ്വാൻസ്‌ തുകയുടെ തിരിച്ചടവിലും വൻ ഇളവ്‌ നൽകി

റഷീദ‌് ആനപ്പുറംUpdated: Thursday Oct 3, 2019


പാലാരിവട്ടം പാലം അഴിമതിയിൽ കരാറുകാരന്‌ അനധികൃതമായി അനുവദിച്ച അഡ്വാൻസ്‌ തുക തിരിച്ചുപിടിക്കുന്നതിലും വഴിവിട്ട്‌ വൻ ഇളവ്‌ നൽകി. കരാറുകാരൻ സമർപ്പിക്കുന്ന ബിൽ തുകയിൽനിന്ന്‌ 30 ശതമാനം അഡ്വാൻസ്‌ തുകയിലേക്ക്‌  കിഴിക്കണമെന്ന തീരുമാനം പത്ത്‌ ശതമാനമാക്കിയാണ്‌ കരാറുകാരനെ സഹായിച്ചത്‌. സർക്കാർ നിർദേശപ്രകാരമാണ്‌ ഇളവ്‌ നൽകുന്നതെന്ന്‌ പൊതുമരാമത്ത്‌ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്‌.  പലിശ  ഇളവിനുപിന്നാലെ ലക്ഷങ്ങളുടെ ആനൂകുല്യമാണ്‌  ഇതുവഴി കരാർ കമ്പനിയായ ആർഡിഎസ്‌ പ്രോജക്ടിന്‌ ലഭിച്ചത്‌.

കരാർ കമ്പനിയുടെ എംഡി സുമിത്‌ ഗോയലിന്റെ ഒരു കത്തിന്റെ പുറത്ത്‌ പൊതുമരാമത്ത്‌  നിയമവിരുദ്ധമായി 8,25,59,768 രൂപയാണ്‌ മുൻകൂർ നൽകിയത്‌. പ്രവൃത്തിയുടെ വിവിധ ഘട്ടങ്ങളിൽ കരാറുകാരൻ നൽകുന്ന ബിൽ തുകയിൽനിന്ന്‌ 30 ശതമാനം തുക അഡ്വാൻസിന്റെ തിരിച്ചടവായി പിടിക്കാനായിരുന്നു കരാറിൽ പറഞ്ഞത്‌. എന്നാൽ, ഇത്‌ പത്തുശതമാനമായി കുറച്ച്‌ 20 ശതമാനത്തിന്റെ ഇളവ്‌ അനുവദിച്ച്‌  പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറിയായിരുന്ന ടി  ഒ സൂരജ്‌   ഉത്തരവിട്ടു. ഇതുവഴി കരാറുകാരന്‌ നിയമവിരുദ്ധമായി സാമ്പത്തികലാഭം ഉണ്ടായതായി വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌.  സർക്കാർ നിർദേശപ്രകാരമാണ്‌ ഈ ഇളവെന്ന്‌ ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 

2013 ഡിസംബർ പത്തിന്‌ ചേർന്ന കരാറുകാരുടെ പ്രീബിഡ്‌ യോഗതീരുമാനത്തിന്‌ വിരുദ്ധമായിരുന്നു അഡ്വാൻസ്‌ അനുവദിച്ചത്‌. കരാറുകാർ ആവശ്യപ്പെട്ടിട്ടും മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിക്കില്ലെന്നായിരുന്നു റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ അധികൃതർ  യോഗത്തിൽ അറിയിച്ചത്‌.  ഏഴ്‌ ശതമാനമെന്ന കുറഞ്ഞ പലിശയ്‌ക്കായിരുന്നു പണം നൽകിയത്‌. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുവരെ സർക്കാർ വായ്‌പയ്‌ക്ക്‌ 11 മുതൽ 14 ശതമാനം പലിശ ഈടാക്കുമ്പോഴായിരുന്നു ഇത്‌. 

അതിനിടെ,  മുൻ പൊതുമരാമത്ത്‌മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട്‌  നിയമവകുപ്പ്‌ ഉടൻ വിജിലൻസിന്‌ ഉപദേശം നൽകും. വിജിലൻസിന്റെ ഫയൽ നിയമസെക്രട്ടറി പരിശോധിച്ചു വരികയാണ്‌. അഴിമതിനിരോധന നിയമത്തിലെ പുതിയ  ഭേദഗതിപ്രകാരം പൊതുസേവകനെതിരെ അന്വേഷണം നടത്തുമ്പോഴടക്കം സർക്കാർ അനുമതി വേണം. ഇബ്രാഹിംകുഞ്ഞ്‌ മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടായതിനാൽ അദ്ദേഹത്തെ പ്രതിചേർക്കാനും അറസ്‌റ്റ്‌ ചെയ്യാനും സർക്കാർ അനുമതി വേണമോ എന്ന കാര്യമാണ്‌ നിയമവകുപ്പ്‌ പരിശോധിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top