18 November Monday

മാതൃഭൂമിയുടെ ‘ഗാന്ധി വന്ദനം’ ആർഎസ്‌എസ്‌ നേതാവിലൂടെ

പി വി ജീജോUpdated: Thursday Oct 3, 2019




ഗാന്ധിജിയുടെ 150–-ാം ജന്മവാർഷികത്തിലിറക്കിയ പത്രത്തിൽ ആർഎസ്‌എസ്‌ സർ സംഘചാലക്‌ മോഹൻ ഭാഗവതിന്റെ ‘ഗാന്ധിസ്‌തുതി’ പ്രസിദ്ധീകരിച്ച്‌ മാതൃഭൂമി. ഗാന്ധിവധത്തെ തുടർന്ന്‌ നിരോധിച്ച ആർഎസ്‌എസ്‌ നേതാവിന്റെ ലേഖനം മാതൃഭൂമി വൻ പ്രാധാന്യത്തിൽ പ്രസിദ്ധീകരിച്ചത്‌ വലിയ വിമർശനത്തിനിടയാക്കി. മാതൃഭൂമിക്കൊപ്പം  ആർഎസ്‌എസ്‌ മുഖപത്രം ‘ജന്മഭൂമി’യിലും സർ സംഘചാലകിന്റെ ലേഖനമുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

‘മഹാത്മാ ഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന ശീർഷകത്തിലാണ്‌ മാതൃഭൂമി ലേഖനം. ആർഎസ്‌എസിനെ ഗാന്ധിജി അംഗീകരിക്കുകയും അഭിവന്ദിക്കുകയും ചെയ്‌തതായ ചരിത്രവിരുദ്ധ പരാമർശങ്ങളും ലേഖനത്തിലുണ്ട്‌. ‘‘ആർ എസ്‌എസുകാരുടെ അച്ചടക്കം, ജാതി–-ഉപജാതി ചിന്തകളുടെ പൂർണമായ അഭാവം എന്നിവയിൽ ഗാന്ധിജി സന്തോഷം പ്രകടിപ്പിച്ചതായി മോഹൻ ഭാഗവത്‌ ലേഖനത്തിൽ പറയുന്നു. ഗാന്ധിജി ഡൽഹിയിലെ ആർഎസ്‌എസ്‌ ശാഖയും സബർമതിയിലെ ശിബിരവും സന്ദർശിച്ചത്‌ സൂചിപ്പിച്ചാണീ പരാമർശം.

ആർഎസ്‌എസ്‌ നേതാവിന്റെ ഗാന്ധിസ്‌മരണ നൽകിയ മാതൃഭൂമി, ഗാന്ധിവധത്തിൽ പങ്ക്‌പറ്റിയതായാണ്‌ സമൂഹമാധ്യമങ്ങളിലെ വിമർശം. ഗാന്ധിജിയുടെ ചോരപുരണ്ട മണ്ണ്‌ സൂക്ഷിക്കുന്നതിൽ അഭിമാനിക്കുന്ന പത്രം, ഗാന്ധിജിയെ അപമാനിച്ചതാണെന്നാരോപിച്ച്‌ ഗാന്ധിയന്മാരും രംഗത്തെത്തി.

ഗാന്ധിയെ വധിച്ച ആർഎസ്‌എസിനെക്കുറിച്ചും കൊലയാളിയായ നാഥുറാം വിനായക്‌ ഗോഡ്‌സെയെപ്പറ്റിയും ഒരു വാക്ക്‌ പരാമർശിക്കാതെയാണ്‌ പത്രത്തിന്റെ ആർഎസ്‌എസ്‌ അനുകൂല കർസേവ. ഗോഡ്‌സെയെ ഇന്നുവരെ ആർഎസ്‌എസ്‌ തള്ളിപ്പറഞ്ഞിട്ടില്ല.  കൊലയാളിയായ ഗോഡ്‌സെക്കായി ക്ഷേത്രങ്ങൾ പണിയാനും  ജന്മദിനം വീരരക്തസാക്ഷിത്വമായി ആചരിക്കാനും ഈയടുത്തും ചില ബിജെപി നേതാക്കളും ഹിന്ദുതീവ്രവാദ സംഘടനകളും ആഹ്വാനം ചെയ്‌തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top