12 December Thursday

മലയാളി ശാസ്ത്രജ്ഞൻ ഹൈദരാബാദിൽ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2019


തിരുവനന്തപുരം
ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞൻ ഹൈദരാബാദിലെ താമസസ്ഥലത്ത്‌  തലയ്‌ക്കടിയേറ്റ്‌ മരിച്ചു. നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞൻ എസ്‌ സുരേഷ് കുമാറാണ്‌  (56) കൊല്ലപ്പെട്ടത്‌. നഗരഹൃദയത്തിലെ അമീർപേട്ടിൽ ധരംകരം റോഡിലെ അന്നപൂർണ അപ്പാർട്ട്മെന്റിൽ ഒറ്റക്കായിരുന്നു താമസം. തലയ്‌ക്കുപിന്നിലെ ആഴത്തിലുള്ള മൂന്ന്‌ മുറിവുകളാണ്‌ മരണകാരണമെന്ന്‌ എസ്‌ആർ നഗർ പൊലീസ്‌ ഇൻസ്‌പെക്ടർ എസ്‌ മുരളികൃഷ്ണ പറഞ്ഞു.

ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെ തുടർന്ന്  സഹപ്രവർത്തകർ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന്‌ ചെന്നൈയിൽ ബാങ്ക്‌ ഉദ്യോഗസ്ഥയായ ഭാര്യ ഇന്ദിരയെ വിവരമറിയിക്കുകയായിരുന്നു. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന്‌ അയൽവാസികൾ എത്തിയപ്പോൾ അപ്പാർട്ട്‌മെന്റ്‌ പൂട്ടിയനിലയിലായിരുന്നു. പൊലീസ്‌ എത്തി ഉള്ളിൽ പ്രവേശിച്ചു. ഹാളിനുള്ളിൽ രക്തത്തിൽകുളിച്ച നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്‌ച വൈകിട്ട്‌ സുരേഷ്‌ ബൈക്കിൽ മഴനനഞ്ഞ്‌ താമസസ്ഥലത്ത്‌ എത്തിയത്‌ അയൽവാസികൾ കണ്ടിരുന്നു.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാരമുള്ള വസ്തുകൊണ്ട് തലക്കേറ്റ അടിയാണ്‌ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  പഴയ കെട്ടിടമായതിനാൽ സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ല. വിലപിടിപ്പുള്ള വസ്‌തുക്കളൊന്നും ഫ്‌ളാറ്റിൽനിന്ന്‌ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.  ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാണോ സംഭവത്തിനു പിന്നിലെന്ന്‌ അന്വേഷിക്കുന്നതായും പൊലീസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം ഒസ്‌മാനിയ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. കൊലപാതകം സംബന്ധിച്ച്‌ കേന്ദ്ര ഏജൻസികളും അന്വേഷിക്കും.

തൃശൂർ സ്വദേശിയായ സുരേഷ്‌ കുമാർ 20 വർഷമായി ഹൈദരാബാദിലാണ് ജോലി  ചെയ്തിരുന്നത്. സ്ഥലംമാറ്റത്തെ തുടർന്ന്‌ 2005ലാണ്‌ ഭാര്യ ചെന്നൈയിലേക്ക് പോയത്‌. ഇവർ പാലക്കാട് സ്വദേശിയാണ്‌.  മകൻ അമേരിക്കയിലും മകൾ ഡൽഹിയിലുമാണ്‌.


പ്രധാന വാർത്തകൾ
 Top