08 October Tuesday

നവജാതശിശുവിനെ കൊന്ന്‌ ഒളിപ്പിച്ച
 യുവതിയും കാമുകനും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ചേർത്തല
നവജാതശിശുവിനെ കൊന്ന്‌ മൃതദേഹം ഒളിപ്പിച്ച യുവതിയും കാമുകനും അറസ്‌റ്റിൽ. ചേന്നംപള്ളിപ്പുറം പഞ്ചായത്ത്‌ 17–-ാം വാർഡ്‌ പല്ലുവേലിൽഭാഗം കായിപ്പുറം വീട്ടിൽ ആശ മനോജ്‌ (36), ഇതേവാർഡിൽ രാജേഷാലയം രതീഷ്‌ (39) എന്നിവരാണ്‌ പിടിയിലായത്‌. ഇരുവരും അകന്ന ബന്ധുക്കളാണ്‌. യുവതി കാമുകന്‌ കൈമാറിയ നവജാതശിശുവിനെ ശ്വാസംമുട്ടിച്ച്‌ കൊന്ന്‌ ഇയാൾ  സ്വന്തം വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിക്കുകയായിരുന്നു. യുവതി രണ്ട്‌ മക്കളുടെ അമ്മയും കാമുകൻ ഒരുകുട്ടിയുടെ അച്ഛനുമാണ്‌. കഴിഞ്ഞ 26നാണ്‌ യുവതി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന്‌ ജന്മംനൽകിയത്‌. ശനിയാഴ്‌ച ആശുപത്രിവിട്ട യുവതി കുഞ്ഞില്ലാതെയാണ്‌ വീട്ടിലെത്തിയത്‌. യുവതി ഗർഭിണിയായിരുന്നെന്ന്‌ അറിയാമായിരുന്ന ആശ–-അങ്കണവാടി പ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ വളർത്താൻ സാധിക്കാത്തതിനാൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക്‌ നൽകിയെന്നാണ്‌ പറഞ്ഞത്‌. വാർഡംഗമായ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റിനോടും അതുതന്നെ പറഞ്ഞു.

സംശയംതോന്നിയ പഞ്ചായത്ത്‌ അധികൃതർ തിങ്കളാഴ്‌ച പൊലീസിനെ അറിയിച്ചതോടെയാണ്‌ ചുരുളഴിഞ്ഞത്‌. ആശുപത്രിയിൽ നിന്ന്‌ പൊലീസ്‌ വിവരങ്ങൾ ശേഖരിച്ചു. യുവതിയോടൊപ്പം ഭർത്താവെന്ന്‌ അവകാശപ്പെട്ട്‌ ഒരാളുണ്ടായിരുന്നെന്ന വിവരവും ലഭിച്ചു. ഇരുവരെയും കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തതോടെ കുറ്റം സമ്മതിച്ചു. ആശുപത്രിവിട്ടയുടൻ കുഞ്ഞിനെ സഞ്ചിയിലാക്കി രതീഷിന്‌ കൈമാറിയെന്ന്‌ ആശ വെളിപ്പെടുത്തി. അന്നുതന്നെ ശ്വാസംമുട്ടിച്ച്‌ കൊന്ന്‌ മൃതദേഹം രതീഷിന്റെ വീടിന്‌ സമീപം കുഴിച്ചിട്ടു. തിങ്കളാഴ്‌ച സംഭവം പുറത്തായതോടെ മൃതദേഹം പുറത്തെടുത്ത്‌ ശുചിമുറിയിൽ ഒളിപ്പിച്ചെന്നാണ്‌ രതീഷ്‌ പറഞ്ഞത്‌.
രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽനിന്ന്‌ പൊലീസ്‌ മൃതദേഹം കണ്ടെത്തി. ഇൻക്വസ്‌റ്റിന്‌ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. പൊലീസ്‌ സർജന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച പോസ്‌റ്റ്‌മോർട്ടം നടത്തും. ഫോറൻസിക്‌ സംഘം  തെളിവെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top