20 October Sunday

59 കോടി ആസ്‌തിയുള്ള കമ്പനി, 256 കോടിയുടെ പദ്ധതി! തുരുമ്പെടുത്ത്‌ 62 കോടിയുടെ ഉപകരണം

റഷീദ‌് ആനപ്പുറംUpdated: Wednesday Sep 4, 2019

തിരുവനന്തപുരം > കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയം കമ്പനിയിൽ മലിനീകരണം തടയാൻ പുതിയ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്റെ മറവിലാണ്‌ 2005 അവസാനം യുഡിഎഫ്‌ സർക്കാർ  കോടികളുടെ അഴിമതിക്ക്‌ പദ്ധതിയിട്ടത്‌. 59 കോടിരൂപമാത്രം ആസ്തിയുണ്ടായിരുന്ന കമ്പനിയിൽ 256 കോടിരൂപയുടെ പദ്ധതിയാണ്‌ നടപ്പാക്കാൻ തീരുമാനിച്ചത്‌.  വിദഗ്‌ധസമിതിയോ മന്ത്രിസഭയോ മലിനീകരണ നിയന്ത്രണ ബോർഡോ അറിയാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നേരിട്ട്‌ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കി. വ്യവസായ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞും പ്രത്യേക താൽപ്പര്യമെടുത്തു.  കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തലയ്ക്കും പദ്ധതിയിൽ പങ്കുണ്ടായിരുന്നു.   

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ പ്ലാന്റ്‌ സ്ഥാപിക്കാൻ യുഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌. 2001ൽ  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെഡോയ്‌ക്ക്‌ നൽകിയ 108 കോടിരൂപയുടെ കരാർ ഇതിനായി റദ്ദാക്കി.  തുടർന്ന്‌ മെക്കൊൺ ഇന്ത്യ ലിമിറ്റഡിനെ കൺസൾട്ടന്റായി നിയമിച്ചു.  ഇവർ 256 കോടിരൂപയുടെ മലിനീകരണ നിവാരണ പദ്ധതി സമർപ്പിച്ചു. ഈ പദ്ധതി അതിവേഗം അംഗീകരിക്കുകയും ഫിൻലൻഡ്‌ കമ്പനിയായ കമട്ടോർ ഇക്കോപ്ലാനിങ്ങിന്‌ കരാർ നൽകുകയും ചെയ്‌തു. എന്നാൽ, പദ്ധതി ലോകായുക്ത സ്‌റ്റേ ചെയ്‌തു. അതോടെ യുഡിഎഫ്‌ സർക്കാർ പ്രത്യേക താൽപ്പര്യമെടുത്ത്‌ ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ നീക്കി.     

2005 മെയ്‌ 19 നാണ്‌  പദ്ധതി നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കിയത്‌. എന്നാൽ, അന്ന്‌ മന്ത്രിയായിരുന്ന  കെ കെ രാമചന്ദ്രൻ അഴിമതി ആരോപണവുമായി രംഗത്തുവന്നു. അതോടെ അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനവും തെറിച്ചു.   

2006ൽ  അധികാരത്തിൽവന്ന എൽഡിഎഫ്‌ സർക്കാർ  പദ്ധതി പഠിക്കാൻ ചെന്നൈ ഐഐടിയിലെ ഡോ. പുഷ്‌പവനത്തെ കമീഷനായി നിയമിച്ചു. പദ്ധതി നടപ്പാക്കരുതെന്ന്‌ അദ്ദേഹം റിപ്പോർട്ട്‌ നൽകി. കിറ്റ്‌കോയും പദ്ധതി നടപ്പാക്കിയാൽ വൻ സാമ്പത്തിക ബാധ്യതയാകുമെന്ന്‌ റിപ്പോർട്ട്‌ നൽകി. അതോടെ പദ്ധതി സർക്കാർ റദ്ദാക്കി വിജിലൻസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. 90 കോടിരൂപയുടെ പുതിയ പദ്ധതി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുകയും ചെയ്‌തു.

 

തുരുമ്പെടുത്ത്‌ 62 കോടിയുടെ ഉപകരണം 

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയുടെ കാർമികത്വത്തിൽ അരങ്ങേറിയ ടൈറ്റാനിയം കുംഭകോണത്തിന്റെ ശേഷിaപ്പായി തുരുമ്പെടുത്തു നശിച്ചത്‌ 62 കോടിയുടെ ഉപകരണങ്ങൾ. പുതിയ മാലന്യ നിവാരണ പ്ലാന്റിനായി വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്‌ത ഈ ഉപകരണങ്ങൾ കണ്ടെയ്‌നറിൽനിന്ന്‌ നാലു വർഷമായിട്ടും പുറത്തെടുത്തിട്ടില്ല. കേസിൽ തൊണ്ടിമുതലായ ഇവ ഇനി അന്വേഷണത്തിന്റെ ഭാഗമായി സിബിഐ തുറന്ന്‌ പരിശോധിക്കും. യുഡിഎഫ്‌ സർക്കാരിന്റെ 256 കോടിരൂപയുടെ അഴിമതി പദ്ധതിക്കുപകരം എൽഡിഎഫ്‌ സർക്കാർ 90 കോടിരൂപയുടെ പുതിയ  പദ്ധതി നടപ്പാക്കിയതിനാൽ,  കോടികളുടെ ഈ ഉപകരണങ്ങൾ ഇനി ഉപയോഗിക്കാനുമാകില്ല.  

ധൃതിപിടിച്ചാണ്‌  ഫിൻലൻഡിൽനിന്ന്‌ ഈ  ഉപകരണങ്ങൾ ഇറക്കുമതി  ചെയ്‌തത്‌. രണ്ട്‌ വലിയ കണ്ടെയ്‌നറിലാണ്‌ ഇവ എത്തിച്ചത്‌. എന്നാൽ, വിജിലൻസ്‌ കേസായതോടെ ഇവ കണ്ടെയ്‌നറിൽനിന്ന്‌ പുറത്തെടുക്കാനായില്ല. കണ്ടെയ്‌നറിനകത്തുള്ളത്‌ എന്താണെന്ന്‌ ഇതുവരെ ആരും കണ്ടിട്ടില്ല. 2016 ജൂലൈ 22ന്‌ വിജിലൻസ്‌ ഡയറക്ടർ  കമ്പനിയിൽ  നടത്തിയ മിന്നൽപരിശോധനയിൽ ഈ ഉപകരണങ്ങൾ വാങ്ങിയതിൽ  അഴിമതി നടന്നതിന്‌ തെളിവ്‌ പിടിച്ചെടുത്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top