22 October Tuesday

അല്ലലില്ലാത്ത ഓണത്തിന്‌ 6000 കോടി ; എല്ലാ പഞ്ചായത്തിലും ഓണച്ചന്ത

ജി രാജേഷ‌് കുമാർUpdated: Tuesday Sep 3, 2019


തിരുവനന്തപുരം
ഓണത്തിന്‌ ശമ്പളം, പെൻഷൻ, ഉത്സവബത്ത തുടങ്ങിയവയ്‌ക്കായി  സർക്കാർ നീക്കിവച്ചത്‌  6000 കോടി  രൂപ. മൂന്നു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്ക്‌ മാത്രമായി  1941 കോടി രൂപ നൽകി. 52 ലക്ഷം കുടുംബങ്ങളിലേക്ക്‌ ഈ തുക എത്തി. ജീവനക്കാർക്കും പെൻഷൻകാർക്കും ആഗസ്‌തിലെ ശമ്പളവും പെൻഷനുമായി 3700 കോടി രൂപയും അനുവദിച്ചു.

മുൻവർഷത്തെ  ബോണസും ഉത്സവബത്തയും ഇത്തവണയുമുണ്ട്‌. 15,000 രൂപവരെ മുൻകൂറും അനുവദിച്ചു. ഉത്സവബത്ത, മുൻകൂർ തുടങ്ങിയവയ്‌ക്കായി  ഇതിനകം 247 കോടി രൂപ നീക്കിവച്ചു. 120 പൊതുമേഖലാ സ്ഥാപനങ്ങളിൽ കുറഞ്ഞത്‌ 8.33 ശതമാനം ബോണസ്‌ ലഭിക്കും. സർക്കാർ ധന സഹായത്തോടെ പ്രവർത്തിക്കുന്ന 220 സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസുണ്ട്‌. ഇരുവിഭാഗങ്ങളിലായി  20 കോടിയിലേറെ രൂപ  വിതരണം ചെയ്‌തു.  മഴക്കെടുതിയും ഉരുൾപ്പൊട്ടലുംമൂലം വീട്ടുകളിൽ വെള്ളം കയറിയവർക്കുള്ള അടിയന്തര സഹായമായ 10,000 രൂപയുടെ വിതരണവും ആരംഭിച്ചു. 

വിലക്കയറ്റം തടയാനും സർക്കാർ വിപണിയിൽ ശക്തമായി ഇടപെടുന്നു.  കൺസ്യുമർഫെഡും സപ്ലൈകോയും    വ്യാപകമായി ആരംഭിച്ച ഓണച്ചന്തകളിൽ വിലക്കുറവിൽ ഗുണമേന്മയുള്ള  സാധനങ്ങൾ ലഭിക്കും.

കൃഷി വകുപ്പും ഹോർട്ടികോർപ്‌ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളും ചേർന്ന്‌ 2000 പഴം, പച്ചക്കറി ചന്തകൾ ആരംഭിക്കും. സപ്ലൈകോ എല്ലാ പഞ്ചായത്തിലും ഓണച്ചന്തകൾ ഉറപ്പാക്കി. മണ്ഡലാടിസ്ഥാനത്തിലും താലൂക്ക്‌, ജില്ലാ കേന്ദ്രങ്ങളിലും ഓണം ബസാറുകളും തുറന്നു. കൺസ്യൂമർഫെഡ്‌ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ വഴി 3500 ഓണച്ചന്തകൾ 10 വരെ പ്രവർത്തിക്കും.

200 കോടി രൂപയുടെ സബ്‌സിഡി ഉൽപ്പന്നങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌.  ഹാൻടെക്‌സും ഹാൻവീവും തുണി വിപണിയിലും ഇടപെടുന്നു.  കടമെടുപ്പ്‌ പരിധി കേന്ദ്രം വെട്ടിക്കുറച്ചതുമൂലം ഓണത്തിന്‌ 2000 കോടി രൂപ  കടമെടുക്കാനുള്ള  ലക്ഷ്യം നടന്നില്ല.  എന്നിട്ടും ചെലവ്‌ ചുരുക്കേണ്ടതില്ലെന്നാണ്‌ സംസ്ഥാന സർക്കാർ തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top