22 October Tuesday

ജമ്മു കശ്‌മീരിനെ വെട്ടിമുറിച്ചത്‌ ആർഎസ്‌എസ്‌ ക്രിമിനൽ ബുദ്ധി: എം എ ബേബി

പ്രത്യേക ലേഖകൻUpdated: Tuesday Sep 3, 2019

കണ്ണൂർ
ജനാധിപത്യ–- ഫെഡറൽ മൂല്യങ്ങൾ മാത്രമല്ല, ഭരണഘടനാ വ്യവസ്ഥകളും  പൂർണമായി ലംഘിച്ചാണ്‌ കേന്ദ്ര സർക്കാർ ജമ്മു കശ്‌മീർ സംസ്ഥാനത്തെ വെട്ടിമുറിച്ചതെന്നും ആർഎസ്‌എസ്‌ ക്രിമിനൽ ബുദ്ധിയിലാണ്‌ ഇത്‌ ആവിഷ്‌കരിക്കപ്പെട്ടതെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. 

ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം സംസ്ഥാന പുനർനിർണയത്തിന്‌ ബന്ധപ്പെട്ട നിയമസഭയുടെ അംഗീകാരം വേണം. നിയമസഭ പിരിച്ചുവിട്ടെങ്കിലും അവിടെ ഉപരിസഭ ഇപ്പോഴുമുണ്ട്‌. ഉപരിസഭ വിളിച്ചുകൂട്ടി അഭിപ്രായമാരാഞ്ഞശേഷമേ രാഷ്ട്രപതിക്ക്‌ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുമായിരുന്നുള്ളൂ.  370ാം വകുപ്പ്‌ റദ്ദാക്കുന്നതിനും ഇതു ബാധകമാണ്‌. ഇക്കാര്യം വിശദീകരിക്കാൻ നരേന്ദ്ര മോഡിക്കും അമിത്‌ ഷായ്‌ക്കും ബാധ്യതയുണ്ട്‌. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനുമുന്നിൽ ഉയർന്നുവരാൻ പോകുന്ന മുഖ്യവിഷയവും ഇതാകും. പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച  ‘ജമ്മു- കശ്‌മീർ ഉയർത്തുന്ന പ്രശ്‌നങ്ങൾ’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബേബി.

നിയമസഭ നിലവിലില്ലാത്തതിനാൽ സഭയുടെ അധികാരം ഗവർണർക്കാണെന്നും ഗവർണറുടെ സമ്മതമുണ്ടെന്നുമാണ്‌ അമിത്‌ ഷാ രാജ്യസഭയിൽ പറഞ്ഞത്‌. നിയമപരമായും ഭരണഘനാപരമായും നിലനിൽക്കുന്നതല്ല ഈ വാദം. ഉപരിസഭ വിളിച്ചുചേർത്ത്‌ അഭിപ്രായം തേടാൻ സർക്കാരിന്‌ മൗലിക ബാധ്യതയുണ്ട്‌. കശ്‌മീർ വിഷയത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്ന പ്രചരണങ്ങളെല്ലാം ശുദ്ധ അസംബന്ധങ്ങളാണ്‌.  ബിജെപിയുടെയും സംഘപരിവാരത്തിന്റെയും കുടിലമായ വർഗീയ–- തീവ്രവാദ പദ്ധതിയുടെ ഭാഗമാണ്‌ ജമ്മു- കശ്‌മീരിനെ വെട്ടിമുറിച്ച നടപടിയെന്നും ബേബി പറഞ്ഞു.     ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. പി ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top