17 September Tuesday

മുത്തലാഖ്‌ ബിൽ : അബ്ദുൾ വഹാബിനെതിരെ മിണ്ടാതെ ലീഗ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


മലപ്പുറം
രാജ്യസഭയിലെ മുത്തലാഖ്‌ ബിൽ ചർച്ചയിൽ പങ്കെടുക്കാത്ത പി വി അബ്ദുൾ വഹാബ്‌ എംപിക്കെതിരെ പ്രതികരിക്കാതെ മുസ്ലിംലീഗ്‌ നേതാക്കൾ. വിഷയത്തിൽ യൂത്ത്‌ ലീഗ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ മുഈനലി  പ്രതികരിച്ചതൊഴിച്ചാൽ പാർടിയിലെയും യുവജന സംഘടനയിലെയും പ്രമുഖ നേതാക്കളോ പ്രവർത്തകരോ ഒന്നും പറഞ്ഞിട്ടില്ല. മുമ്പ്‌ മുത്തലാഖ്‌ ബിൽ ലോക്‌സഭയിൽ ചർച്ചയ്ക്കെടുത്തപ്പോൾ  പങ്കെടുക്കാതെ നാട്ടിൽ വിവാഹ സൽക്കാരത്തിനെത്തിയ പി കെ കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ പരസ്യമായി പലരും രംഗത്തെത്തിയിരുന്നെങ്കിലും വഹാബിന്റെ കാര്യത്തിൽ അതുണ്ടായില്ല. മുസ്ലിംലീഗ്‌ നേതൃത്വത്തിൽ അടുത്ത കാലത്തുണ്ടായ ധ്രുവീകരണമാണ്‌ ഇതിനുപിന്നിൽ.

പാണക്കാട്‌ കുടുംബത്തിലും മുസ്ലിംലീഗിലും അവസാന വാക്ക്‌ പി കെ കുഞ്ഞാലിക്കുട്ടി ആയിരുന്നെങ്കിലും മുമ്പ്‌ മുത്തലാഖ്‌ ചർച്ചയിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കൃത്യവിലോപം കാട്ടിയതോടെ കഥമാറി.  പ്രതിസന്ധി ഘട്ടങ്ങളിൽപോലും ഒപ്പംനിന്ന നേതൃത്വത്തിലെ പലരും ചുവടുമാറ്റി പുതിയ താവളംതേടി. ഇതിനിടെ   ലീഗിലും പാണക്കാട്‌ കുടുംബത്തിലും വ്യവസായ പ്രമുഖൻകൂടിയായ പി വി അബ്ദുൾ വഹാബിന്‌ നിർണായക സ്വാധീനം ഉറപ്പിക്കാനായി. എന്നാൽ മുഈനലി ഉൾപ്പെടെയുള്ള പുതുതലമുറയിലുള്ളവർ അകലംപാലിച്ചു.

രാജ്യസഭയിൽ ചർച്ചയിൽ പങ്കെടുക്കാത്ത അബ്ദുൾ വഹാബിനെതിരെയുള്ള പ്രതിഷേധം പാണക്കാട്‌ കുടുംബത്തിൽനിന്നാകണമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നിർബന്ധമാണ്‌  മുഈനലിയുടെ പ്രതികരണമായി പുറത്തെത്തിയത്‌. എന്നാൽ യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റായ മുനവറലി ശിഹാബ്‌ തങ്ങളാകട്ടെ വിഷയത്തിൽ പ്രതികരിക്കാതെ  ഒഴിഞ്ഞുമാറുകയാണ്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top