03 August Monday

4 വർഷം;‍ പൊലീസിൽ 13,053 നിയമനം ; 1947 ഒഴിവിൽ ഉടൻ നിയമനം

റഷീദ്‌ ആനപ്പുറംUpdated: Saturday Jul 4, 2020



നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി അയച്ചുകൊണ്ടിരിക്കുന്നു‌. ഇതോടെ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ പൊലീസ്‌ ഓഫീസർമാരായി നിയമനം ലഭിച്ചവർ 13,053 ആകും. ചൊവ്വാഴ്‌ച‌ അവസാനിച്ചതുൾപ്പെടെ മൂന്ന്‌ റാങ്ക്‌ പട്ടികയിൽനിന്നാണ്‌ ഇത്രയുംപേർക്ക്‌ നിയമനം നൽകിയത്‌. വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരുടെ 413 ഒഴിവും സ്‌പെഷ്യൽ റിക്രൂട്‌മെന്റ്‌ വഴി നികത്താനുള്ള എസ്‌സി–-എസ്‌ടി വിഭാഗത്തിന്റെ 452 ഒഴിവും പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു‌. രണ്ടിന്റെയും റാങ്ക്‌ പട്ടിക തയ്യാറായാലുടൻ നിയമനം  നടത്തും. 

ചൊവ്വാഴ്‌ച കാലാവധി അവസാനിച്ച റാങ്ക്‌ ലിസ്റ്റിൽനിന്നു മാത്രം ഏഴ്‌ ബറ്റാലിയനിൽ 5629 പേരുടെ ഒഴിവ്‌‌ റിപ്പോർട്ട്‌ ചെയ്‌തു‌. ഇതിൽ 3682 പേർക്ക്‌ നിയമന ഉത്തരവ്‌ നൽകി. ഇതിൽ പരിശീലനം പൂർത്തിയാക്കിയവരും തുടരുന്നവരുമുണ്ട്‌. ചൊവ്വാഴ്‌ച അർധരാത്രിവരെ റിപ്പോർട്ട്‌ ചെയ്‌ത 1947 പേരുടെ നിയമന ശുപാർശ അയച്ചുതുടങ്ങി‌. കായികം, സമാശ്വാസ തൊഴിൽ എന്നീ വിഭാഗങ്ങളിലായി 92 പേർക്കും നിയമനം നൽകി. 2018 ജനുവരി 11 കാലാവധി അവസാനിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ 5667 പേർക്കും വനിതാ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ 800 പേർക്കുമാണ്‌  നിയമനം നൽകി‌യത്‌.

ചൊവ്വാഴ്‌ച അവസാനിച്ച റാങ്ക്‌ ലിസ്റ്റിൽനിന്ന്‌  കഴിയുന്നത്ര പേർക്ക്‌ നിയമനം നൽകാൻ 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി കണക്കാക്കി 1200 താൽക്കാലിക തസ്‌തികയ്‌ക്ക്‌ സർക്കാർ തുടർച്ചാനുമതി നൽകിയിരുന്നു.  ഇതുൾപ്പെടെ  എസ്‌എപിയിൽ 1125 പേർക്കും എംഎസ്‌പിയിൽ 832 പേർക്കുമാണ്‌ നിയമനം. കെഎപി ഒന്നിൽ 602, രണ്ട്‌ 953, മൂന്ന്‌ 763, നാല്‌ 754, അഞ്ച്‌ 600 എന്നിങ്ങനെയുമാണ്‌ നിയമനം. 
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top