07 August Friday

തരിശുകൃഷി സുഭിക്ഷമാകാൻ 51 കോടി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


സ്വന്തം ലേഖകൻ
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള തരിശുനിലക്കൃഷിക്ക്‌‌ 51 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌. രാഷ്‌ട്രീയ കൃഷി വികാസ്‌ യോജന (ആർകെവിവൈ) പദ്ധതി പ്രകാരമുള്ള തുകയ്‌ക്ക്‌ ഭരണാനുമതിയായി. 12500 ഹെക്ടറിലെ തിരിശുനില കൃഷിയ്ക്കായി പദ്ധതി വിഹിതം ഉപയോഗിക്കുമെന്ന്‌‌  മന്ത്രി വി എസ്‌ സുനിൽ കുമാർ പറഞ്ഞു.

തരിശുകൃഷിയ്ക്കായി മുമ്പേ തന്നെ തദ്ദേശ  സ്ഥാപന വിഹിതത്തിൽനിന്നും വകയിരുത്തിയിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ ലഭിച്ച തുക വിനിയോഗിക്കുക. ആർകെവിവൈ പദ്ധതി പ്രകാരം 2500 ഹെക്ടർ നെൽക്കൃഷി, 3500 ഹെക്ടർ വാഴ, 3500 ഹെക്ടർ പച്ചക്കറി, 2500 ഹെക്ടർ കിഴങ്ങുവിളകൾ, 250 ഹെക്ടർ പയറുവർഗങ്ങൾ, 250 ഹെക്ടർ ചെറുധാന്യങ്ങൾ എന്നിവയാണ് കൃഷി ചെയ്യുക.

25000 ഹെക്‌ടറിലാണ്‌ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള തരിശുനില കൃഷി. 1.88 ലക്ഷം മെട്രിക് ടൺ അധിക ഭക്ഷ്യ ഉൽപ്പാദനമാണ് തരിശു കൃഷിയിൽനിന്ന്‌ ലക്ഷ്യമിടുന്നത്.  പ്രാദേശിക വിപണനം ഉറപ്പാക്കാൻ 1000 ഗ്രാമചന്തകളും വിഭാവനം ചെയ്തു. ഇതിനുള്ള സ്ഥലം തദ്ദേശ, സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തും. വിപണിക്കാവശ്യമായ വെയിങ് മെഷീൻ, മറ്റ്‌ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാൻ നാല്‌ കോടി മാറ്റിവച്ചു. ഇതിനകം 40000 പേർ സുഭിക്ഷ കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്തു‌.  www.aims.kerala.gov.in എന്ന വെബ് പോർട്ടലിലാണ്‌ രജിസ്റ്റർ  ചെയ്യേണ്ടത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top