19 August Monday

കണ്ണീരണിഞ്ഞ‌് കേരളം; ഓർമകളെ മാറോടണച്ച‌് ഭൂപതി

സ്വന്തം ലേഖകൻUpdated: Wednesday Jul 3, 2019

അഭിമന്യുവിന്റെ ഛായാചിത്രത്തിനുമുന്നില്‍ അമ്മ ഭൂപതി - ഫോട്ടോ:ആന്റോ വര്‍ഗീസ്

കൊച്ചി > അറബിക്കടലിലെ ആർത്തിരമ്പുന്ന തിരമാലകളെയും തോൽപ്പിക്കുമാറ‌് ഉച്ചത്തിൽ ഉയർന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയാണ‌് എറണാകുളം രാജേന്ദ്രമൈതാനിയിലെ വേദിയിലേക്ക‌് അഭിമന്യുവിന്റെ അമ്മ ഭൂപതിയും മനോഹരനും കടന്നുവന്നത‌്. വേദിയിലെ അഭിമന്യുവിന്റെ വലിയ ചിത്രത്തിലേക്ക‌് ഇരുകൈകളും നീട്ട‌ി പൊട്ടിക്കരഞ്ഞ ഭൂപതിയെ ആശ്വസിപ്പിക്കാൻ കോടിയേരി ബാലകൃഷ‌്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ നന്നേ പ്രയാസപ്പെട്ടു. പൊൻമകനെയൊർത്ത‌് കരളുപിടയുന്ന അമ്മയും അച്ഛനും നൂറുകണക്കിന‌് വിദ്യാർഥികളുടെ ഹൃദയനൊമ്പരമായി. അമ്മ ഭൂപതി ഏറെനേരം അഭിമന്യുവിന്റെ ഛായാചിത്രത്തിന‌ു മുന്നിൽനിന്ന‌് കരഞ്ഞു.

അഭിമന്യുവിനെക്കുറിച്ചുള്ള ഓർമകൾ സങ്കടങ്ങളായി പെയ‌്തിറങ്ങിയപ്പോൾ മുദ്രാവാക്യങ്ങൾ ഇടയ‌്ക്ക‌് മുറിഞ്ഞു. ചിലർ കണ്ണീർ തുടച്ചു. അഭിമന്യുവിന‌് മരണമില്ലെന്നും സഖാവുയർത്തിയ മുദ്രാവാക്യങ്ങൾ ഉയിരുകൊടുത്ത‌് സംരക്ഷിക്കുമെന്നുമുള്ള മുദ്രാവാക്യങ്ങൾ ഉയർന്നതോടെ മനോഹരൻ മുഷ‌്ടിചുരുട്ടി സദസ്സിനെ പ്രത്യഭിവാദ്യം ചെയ‌്തു. സ്വന്തം മകനു പകരം ആയിരം അഭിമന്യുമാർ തങ്ങൾക്കൊപ്പമുണ്ടെന്ന കരുതലിലും വിശ്വാസത്തിലുമാണ‌് ഭൂപതിയും മനോഹരനും വേദി വിട്ടത‌്.

‘നാൻ പെറ്റ മകനേ’ എന്ന‌‌ വിതുമ്പലോടെയാണ‌് രാവിലെ കലൂരിൽ നടന്ന അഭിമന്യു സ്മാരക ശിലാസ്ഥാപന ചടങ്ങിലേക്ക‌് അമ്മ ഭൂപതി എത്തിയത‌്. മകന്റെ ചിത്രം അവർ മാറോടു ചേർത്തതോടെ കലൂരിലെ വേദിയും പരിസരവും സങ്കടക്കടലായി. ഭൂപതിയുടെ കണ്ണീരിനു മുന്നിൽ ആശ്വാസവാക്കില്ലാതെ, ഒപ്പമുള്ളവർ കുഴങ്ങി. അഭിമന്യു പാടുന്ന ഗാനം ചടങ്ങ‌് ആരംഭിക്കുന്നതിനുമുമ്പ‌് വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. മഹാരാജാസിന്റെ അരുമയായിരുന്ന അഭിമന്യുവിനെക്കുറിച്ചുള്ള ഓരോ വാക്കുകളും ചങ്ക‌ുപൊള്ളുന്ന വേദനയോടെയാണ‌് സദസ്സ‌് ശ്രവിച്ചത‌്. ‘നീ എന്റടുത്തില്ലല്ലോ കൂട്ടുകാരാ, നീ ഇനിയും വരില്ലല്ലോ കൂട്ടുകാരാ’ എന്ന ഗാനം മുഴങ്ങിയപ്പോൾ സദസ്സിന്റെ ഉള്ളുലഞ്ഞു. എപ്പോഴും പുഞ്ചിരി പൊഴിച്ചിരുന്ന ആ വട്ടവടക്കാരന്റെ മുഖം വേദിയിലെ എൽഇഡി സ‌്ക്രീനിൽ തെളിഞ്ഞതോടെ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.


പ്രധാന വാർത്തകൾ
 Top