20 July Saturday

മികവോടെ വീണ്ടും സ‌്കൂളുകൾ; സ്കൂൾ വിദ്യാഭ്യാസം ഡയറക്ടറേറ്റ‌് ഓഫ‌് ജനറൽ എഡ്യൂക്കേഷൻ എന്ന ഒറ്റ ഡയറക്ടറേറ്റിന‌് കീഴിലാകുന്നു

സ്വന്തം ലേഖികUpdated: Monday Jun 3, 2019



പുതിയ അധ്യയന വർഷത്തിൽ കൂടുതൽ കുതിപ്പിന‌് തയ്യാറെടുക്കുകയാണ‌് പൊതുവിദ്യാഭ്യാസവകുപ്പ‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ലോകനിലവാരത്തിൽ എത്തിയ പൊതുവിദ്യാലയങ്ങളിലേക്ക‌് ഇക്കൊല്ലവും കൂടുതൽ വിദ്യാർഥികളെത്തും.

ഒന്നാം ക്ലാസുമുതൽ പ്ലസ‌്ടുവരെയുള്ള കുട്ടികൾക്ക‌് ചരിത്രത്തിലാദ്യമായി ഒരേദിനം അധ്യയനം ആരംഭിക്കുകയാണ‌്. സ്കൂൾ വിദ്യാഭ്യാസം ഡയറക്ടറേറ്റ‌് ഓഫ‌് ജനറൽ എഡ്യൂക്കേഷൻ എന്ന ഒറ്റ ഡയറക്ടറേറ്റിന‌് കീഴിലാകുന്നുവെന്ന പ്രത്യേകതയുമുണ്ട‌്.

ഒമ്പത‌്, പത്ത‌് ക്ലാസുകളിലേക്കുള്ള പരിഷ്കരിച്ച പാഠപുസ്തകം അടക്കമുള്ള ഒന്നാം ഘട്ട പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. ഹയർ സെക്കൻഡറി പുസ്തകങ്ങളും അധ്യയനവർഷത്തിന്റെ ആദ്യ ദിനംതന്നെ  ലഭ്യമാകും. 8,43,509 വിദ്യാർഥികൾക്കായുള്ള സൗജന്യ യൂണിഫോം തുണിവിതരണം അടുത്ത ദിവസം പൂർത്തിയാകും. 42 ലക്ഷം മീറ്റർ കൈത്തറി തുണിയാണ‌് വിതരണം ചെയ്യുന്നത‌്.

സ്കൂൾ തുറക്കുംമുമ്പേ അക്കാദമിക‌് മാസ്റ്റർ പ്ലാനും അക്കാദമിക‌് കലണ്ടറും തയ്യാറാക്കി. പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ 203 അധ്യയനദിനവും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 226 പ്രവൃത്തിദിനവും ഉറപ്പാക്കി. സ്കൂളുകൾക്ക‌ുമാത്രം നൽകിയിരുന്ന വിദ്യാലയ കലണ്ടർ ഇത്തവണ വിദ്യാർഥികൾക്കും നൽകും.

സ്കൂളുകളുടെ ആഭ്യന്തരസൗകര്യത്തിലും അഭൂതപൂർവമായ പുരോഗതി സാധ്യമാക്കിയത‌്. വിദ്യാർഥിനി സൗഹൃദമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായാണ‌് പല സ്കൂളുകളും പുതുക്കി പണിതത‌്. കിഫ‌്ബി ഫണ്ട‌് ഉൾപ്പെടെയുള്ളവ ഇതിനായി ഉപയോഗപ്പെടുത്തി. 45,000 ക്ലാസ്‌ മുറികൾ ഡിജിറ്റലാക്കി. പ്രൈമറി ക്ലാസുകൾ ഹൈടെക‌് ആക്കുന്ന പദ്ധതിക്ക‌് അക്കാദമിക വർഷത്തിന്റെ ആരംഭത്തിലേ തുടക്കമാകും. ഇതിനായി അധ്യാപകർക്ക‌് സമഗ്ര പരിശീലനവും പൂർത്തിയാക്കി. കുട്ടികളുടെ പഠനത്തെളിവുകൾ ഡിജിറ്റൽ പോർട്ട്ഫോളിയോ ആയി സൂക്ഷിക്കും. ഇത‌് രക്ഷിതാക്കളുമായി പങ്കിടും. ഓരോ വിഷയത്തിലും പഠനമികവിന‌് കർമപദ്ധതി നടപ്പാക്കും. കുട്ടികൾ ആർജിച്ച പുരോഗതി അധ്യാപകർ പ്രതിമാസം വിലയയിരുത്തി പഠനവിടവുകൾ പരിഹരിക്കും.

പ്രകൃതിയോടിണങ്ങിയ അധ്യയനം സാധ്യമാക്കാനും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ജൈവപച്ചക്കറി കൃഷി മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. പ്രഭാതഭക്ഷണ പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക‌് വ്യാപിപ്പിക്കും. കുട്ടികൾക്ക‌് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കും.
 


പ്രധാന വാർത്തകൾ
 Top