17 January Sunday

കെ എ പുഷ‌്പാകരന‌് അന്ത്യാഞ‌്ജലി

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019


കൊച്ചി
നഗരത്തിന്റെ വളർച്ചയ‌്ക്കൊപ്പം നിന്ന‌് തൊഴിലാളികളെ നയിച്ച സിഐടിയു നേതാവ‌് കെ എ പുഷ‌്പാകരന‌്  (93) നാടിന്റെ അന്ത്യാ‌ഞ‌്ജലി. ഞായറാഴ‌്ച പുലർെച്ച അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പച്ചാളം ശ‌്മശാനത്തിൽ സംസ‌്കരിച്ചു. കലൂർ ജഡ‌്ജസ‌് അവന്യൂവിലെ വസതിയിയിലും സമീപത്തെ എൽഐജി ഗ്രൗണ്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നേതൃത്വത്തിൽ രക്തപതാക പുതപ്പിച്ച‌് അന്ത്യാഭിവാദ്യം നൽകി. 

സംസ്ഥാനത്ത‌് ആദ്യമായി ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ച‌് എറണാകുളം ചുമട്ടുതൊഴിലാളി യൂണിയൻ (ഇസിടിയു) രൂപീകരിച്ച അദ്ദേഹം സമാനരീതിയിൽ നിരവധി തൊഴിലാളി സംഘടനകള‌ുടെ രൂപീകരണത്തിന‌് നേതൃത്വം നൽകി. സിഐടിയു മുൻ ദേശീയ കൗൺസിൽ അംഗമാണ‌്. സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗമായി പതിറ്റാണ്ടുകൾ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം ജ‌ഡ‌്ജസ‌് അവന്യൂ ബ്രാഞ്ച‌് അംഗമാണ‌്.
ബോൾഗാട്ടി ദ്വീപിൽ കൈതമന വീട്ടിൽ അച്ചുക്കുട്ടി–-കല്യാണി ദമ്പതികളുടെ മകനായി 1927ൽ ജനിച്ച അദ്ദേഹം 1950ൽ അവിഭക്ത കമ്യൂണിസ‌്റ്റ‌് പാർടിയിൽ അംഗമായി. സിപിഐ എം രൂപീകരിച്ചപ്പോൾമുതൽ പാർടിയിൽ അടിയുറച്ചുനിന്നു. ബീഡിത്തൊഴിലാളിയായാണ‌് ജീവിതം തുടങ്ങിയത‌്. ബീഡിത്തൊഴിലാളികളെയും ബോൾഗാട്ടി, പോഞ്ഞിക്കര, മുളവുകാട‌് പ്രദേശങ്ങളിലെ മച്ചുവ തൊഴിലാളികളെയും സംഘടിപ്പിച്ചു.

സിഐടിയു രൂപീകരണത്തിനുമുമ്പ‌് 1960കളിൽ എറണാകുളം കാനൻ ഷെഡ‌് റോഡിൽ പ്രവർത്തിച്ചിരുന്ന എഐടിയുസി ഓഫീസ‌് സെക്രട്ടറിയായിരുന്നു. പകലന്തിയോളം പണിയെടുത്താലും അന്നന്നത്തെ അന്നത്തിനു വക കണ്ടെത്താൻ കഷ്ടപ്പെട്ടിരുന്ന ചുമട്ടുതൊഴിലാളികളെ‌ സംഘടിപ്പിച്ച‌് ഇസിടിയു രൂപീകരിച്ചു. 1956ൽ രൂപംകൊണ്ട ടോഡി വർക്കേഴ‌്സ‌് യൂണിയന്റെ വൈസ‌് പ്രസിഡന്റായിരുന്ന കെ എ പുഷ‌്പാകരൻ സംഘടനയുടെ പ്രസിഡന്റ‌്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. സൈക്കിൾ റിക്ഷ തൊഴിലാളികൾ, ഹോട്ടൽ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി അക്കാലത്ത‌് അസംഘടിതരായിരുന്ന വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച‌് അവർക്ക‌് സംഘടനാരൂപം നൽകി. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരവധി സമരങ്ങൾക്ക‌് നേതൃത്വം നൽകി. സമരങ്ങളിൽ പങ്കെടുത്ത‌് നിരവധി തവണ ജയിൽവാസം അനുഭവിച്ചു.

1970ൽ കൽക്കട്ടയിൽ ചേർന്ന സിഐടിയു രൂപീകരണ സമ്മേളനമുൾപ്പെടെ നിരവധി അഖിലേന്ത്യാ സമ്മേളനങ്ങളിൽ പങ്കെടുത്തു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ‌്, ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സിപിഐ എം മുളവുകാട‌്, എറണാകുളം ലോക്കൽ കമ്മിറ്റികള‌ുടെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ലീല (കൂത്താട്ടുകുളം നെല്ലിക്കുന്നേൽ കുടുംബാംഗം). മക്കൾ: അനൂപ‌് (ഇൻഫോ പാർക്ക‌്), പരേതനായ ദീപു. മരുമകൾ: പ്രിയ. സഹോദരങ്ങൾ: പരേതരായ പത്മനാഭൻ, രാഘവൻ, കൗസല്യ, പുഷ‌്പവല്ലി.

സിഐടിയു നേതാക്കളായ എം എം ലോറൻസ‌്, കെ എം സുധാകരൻ, കെ ചന്ദ്രൻപിള്ള, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ‌്മണി,  ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ ഉണ്ണിക്കൃഷ‌്ണൻ, ജില്ലാ കമ്മിറ്റിയംഗം എം അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ എക‌്സിക്യൂട്ടീവ‌് അംഗം ടി സി സൻജിത്ത‌്, നിയുക്ത എംപി ഹൈബി ഈഡൻ, മുൻ എംപി കെ വി തോമസ‌്, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി പി ജോർജ‌്, വിവിധ തൊഴിലാളി യൂണിയൻ ഭാരവാഹികൾ, പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

നഷ‌്ടമായത‌് ജനകീയ നേതാവ‌ിനെ: സിപിഐ എം
കൊച്ചി
ദീർഘകാലത്തെ നിസ്വാർഥ രാഷ‌്ട്രീയ പ്രവർത്തനത്തിലൂടെ എറണാകുളം നഗരവുമായി ഹൃദയബന്ധം സ്ഥാപിച്ച ജനകീയനേതാവിനെയാണ‌് കെ എ പുഷ‌്പാകരന്റെ വിയോഗത്തിലൂടെ നഷ‌്ടമായതെന്ന‌് സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പോഞ്ഞിക്കര സ്വദേശിയായ അദ്ദേഹം രാഷ‌്ട്രീയ–-ട്രേഡ‌് യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ‌് നഗരത്തിലേക്ക‌് എത്തിയത‌്. അസംഘടിതരായ നാനാവിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലൂടെ നഗരത്തിൽ ട്രേഡ‌് യൂണിയൻ പ്രസ്ഥാനത്തിന‌് അദ്ദേഹം തുടക്കമിട്ടു. ചുമട്ട‌ുതൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, പെട്ടിക്കടക്കാർ, ശുചീകരണത്തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ എന്നിവരുടെയും സമൂഹത്തിന്റെ താഴെക്കിടയിൽ അവശതയനുഭവിക്കുന്ന മുഴുവൻ വിഭാഗത്തിന്റെയും നേതാവായി അദ്ദേഹം ഉയർന്നു. നഗരത്തിന്റെ നാനാഭാഗങ്ങളിലും വിശ്രമമില്ലാതെ അലഞ്ഞുനടന്നാണ‌് അദ്ദേഹം തൊഴിലാളിക്കൂട്ടായ‌്മകൾ കെട്ടിപ്പടുത്തത‌്. തൊഴിലാളികളെ സംഘടിപ്പിക്കുക മാത്രമല്ല, അവരെയോരോരുത്തരെയും പേരെടുത്തുവിളിക്കാനുള്ള അടുപ്പവും ഹൃദയബന്ധവും സ്ഥാപിക്കാനും അദ്ദേഹത്തിന‌് കഴിഞ്ഞു. തൊഴിലാളികൾക്ക‌് എതുനേരത്തും എന്താവശ്യത്തിനും സമീപിക്കാവുന്ന ജനകീയ നേതാവായി  പതിറ്റാണ്ടുകളോളം അദ്ദേഹം നഗരത്തിൽ നിറഞ്ഞുനിന്നു. സിഐടിയുവിന്റെ ജില്ലാ നേതാവും സംസ്ഥാനക്കമ്മിറ്റിയംഗവുമായി പ്രവർത്തിച്ച
കെ എ പുഷ‌്പാകരന്റെ വിയോഗം സിപിഐ എമ്മിനും ട്രേഡ‌് യൂണിയൻ പ്രസ്ഥാനത്തിനും വലിയ നഷ‌്ടമാണെന്നും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top