11 December Wednesday

ഈ പരീക്ഷ എളുപ്പമല്ലെന്ന‌് എനിക്ക‌് നന്നായി അറിയാം. എങ്കിലും ഞാൻ എഴുതും. ഓരോ പരീക്ഷയും എനിക്ക‌് പോരാട്ടം തന്നെയാണ‌്‌’. വീൽചെയറിൽ കുതിക്കുന്നു, മേഘയുടെ സ്വപ‌്നം

വി കെ സുധീർകുമാർUpdated: Monday Jun 3, 2019

കോഴിക്കോട‌്
മേഘയുടെ ശരീരത്തിന‌് ചലനശേഷിയില്ല. സംസാരിക്കാനും കഴിയില്ല. എന്നാൽ വീൽചെയർ അനുവദിക്കുന്ന സഞ്ചാരപഥങ്ങൾക്കപ്പുറവും ഇവൾക്കൊരു സ്വപ‌്നമുണ്ട‌്. അതുകൊണ്ടാണ‌് ശരീരം പിറകോട്ട‌്  വലിക്കുമ്പോഴും മേഘയുടെ മനസ്സ‌് മുന്നോട്ട‌് കുതിക്കുന്നത‌്.  ഈ ചിറകുകളാണ‌് സിവിൽ സർവീസ‌് പരീക്ഷയെഴുതാൻ മേഘയെ നടക്കാവ‌് സ‌്കൂളിലെത്തിച്ചതും.  ഇത്രയും കഷ്ടപ്പെട്ട‌് എന്തിനാണ‌് സിവിൽ സർവീസ‌് പരീക്ഷയെഴുതുന്നതെന്ന‌് ചോദിച്ചപ്പോൾ മേഘ മൊബൈൽ കൈയിലെടുത്തു.  ‘ഈ പരീക്ഷ എളുപ്പമല്ലെന്ന‌് എനിക്ക‌് നന്നായി അറിയാം. എങ്കിലും ഞാൻ എഴുതും. ഓരോ പരീക്ഷയും എനിക്ക‌് പോരാട്ടം തന്നെയാണ‌്‌’.  ഇംഗ്ലീഷിൽ കുറിച്ചിട്ട വാചകങ്ങളിൽ ഇങ്ങനെ വായിക്കാം. അതിൽ   തെളിഞ്ഞ പേരുകളിൽ  കലക്ടറായ  അനുപമ, അമിത‌്മീണ എന്നിവരുമുണ്ട‌്. ഇവർ  നൽകിയ ആത്മവിശ്വാസമാണ‌് എന്നെ ക്കൊണ്ട‌് ഈ പരീക്ഷയെഴുതിച്ചതെന്ന‌ും മേഘ എഴുതുന്നു. അനുപമയ‌്ക്ക‌്  നാലാം റാങ്ക‌് ലഭിച്ചപ്പോൾ മേഘ അന്ന‌് മലപ്പുറം  കേന്ദ്രീയ വിദ്യാലയത്തിൽ  ഒമ്പതാം ക്ലാസിലായിരുന്നുവെന്നതും അവൾ ഓർത്തുപറഞ്ഞു.  

മലപ്പുറം കാവുങ്ങൽ പ്രണവം വീട്ടിലെ അശോകന്റെയും കൃഷ‌്ണകുമാരിയുടെയും രണ്ടാമത്തെ മകളാണ‌് മേഘ. ഞായറാഴ‌്ച നടത്തിയ സിവിൽ സർവീസിന്റെ കോഴിക്കോട‌് കേന്ദ്രമായി  പ്രാഥമിക പരീക്ഷയെഴുതിയവരിൽ 60 ശതമാനം വൈകല്യമുള്ള  മേഘയുടെ സാന്നിധ്യം വേറിട്ടു നിർത്തുന്നതും അവളുടെ ഇച്ഛാശക്തി തന്നെയായിരുന്നു. മലപ്പുറം ഗവ. കോളേജിലെ എംഎ ഇക്കണോമിക‌്സ‌് വിദ്യാർഥിനിയാണ‌് മേഘ. ഒരിക്കൽ കോളജിലെ പരിപാടിക്ക‌് കലക്ടർ അമിത്ത‌് മീണ എത്തിയപ്പോൾ വീൽചെയറിലിരിക്കുന്ന മേഘയുടെ അടുത്തേക്കായിരുന്നു കലക്ടർ പോയത‌്.  ഐഎഎസ‌് എത്തിപ്പിടിക്കാനുള്ള അവളുടെ ആഗ്രഹത്തിന‌്  പ്രചോദനമേകുന്നതായിരുന്നു കലക്ടറുടെ ഓരോ വാക്കുകളും.  അത്തരം വാക്കുകളാണ‌് മേഘയെ തളർത്താതെ ഓരോ പരീക്ഷാ സെന്ററിലും എത്തിക്കുന്നതും. 

രണ്ട‌് വയസുമുതലാണ‌് മേഘയ‌്ക്ക‌് രോഗലക്ഷണങ്ങൾ  കണ്ടു തുടങ്ങിയത‌്‌. അന്നു മുതൽ രണ്ട‌് പതിറ്റാണ്ടായി സ്വന്തം ശരീരത്തോടുള്ള യുദ്ധത്തിലായിരുന്നു മേഘ. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽനിന്നും  എസ‌്എസ‌്എൽസിയും  സെന്റ‌് ജെമ്മാസ‌് ഹയർ സെക്കൻഡറി സ‌്കൂളിൽ നിന്നും  പ്ലസ‌്ടുവും ഉയർന്ന ശതമാനം മാർക്കോടെയാണ‌് പൊതു വിഭാഗം കുട്ടികളോട‌് മത്സരിച്ച‌് മേഘ നേടിയത‌്. 
 


പ്രധാന വാർത്തകൾ
 Top