17 July Wednesday

നിലനിൽപ്പ് ഭീഷണിയിൽ ; 7 സ്വാശ്രയ എൻജി. കോളേജുകൾ പോളിടെക്നിക്കിന് അനുമതി തേടി

വി എം രാധാകൃഷ‌്ണൻUpdated: Monday Jun 3, 2019


തൃശൂർ
സംസ്ഥാനത്തെ നിരവധി സ്വാശ്രയ എൻജി. കോളേജുകൾ  വിദ്യാർഥികളില്ലാതെ നിലനിൽപ്പിന്റെ ഭീഷണിയിൽ.  അഞ്ചു വർഷത്തിനിടെ എട്ടു സ്വാശ്രയ കോളേജുകൾ പൂട്ടി.   ശരാശരി 25,000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ വർഷം കൂടുതൽ സീറ്റുകൾ ഒഴിയാനാണ് സാധ്യത. നിലനിൽപ്പിനായി പുതിയ അക്കാദമിക് വർഷം ഏഴ് സ്വാശ്രയ എൻജി. കോളേജുകൾ പോളിടെക്നിക് തുടങ്ങാൻ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിന്റെ അനുമതി തേടിയിരിക്കയാണെന്ന് കേരള സെൽഫ് ഫിനാൻസിങ് എൻജി. കോളേജ് മാനേജ്മെന്റ് അസോ. ഭാരവാഹികൾ പറഞ്ഞു.

ദേശവ്യാപകമായി എൻജി. മേഖലയിലെ തൊഴിൽ മാന്ദ്യം, നോട്ട് നിരോധനത്തെത്തുടർന്ന് നിരവധി സ്ഥാപനങ്ങൾ നിർത്തലാക്കിയത്,  വിദേശത്ത് തൊഴിൽ അവസരങ്ങൾ കുറഞ്ഞത്, എൻജിനിയറിങ് പരീക്ഷകളിലെ കുറഞ്ഞ വിജയം, മാനേജ്മെന്റ് സീറ്റുകളിലെ ഉയർന്ന ഫീസ്, മുൻ യുഡിഎഫ് ഭരണകാലങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ചോദിക്കുന്നവർക്കെല്ലാം കോളേജ് തുടങ്ങാൻ അനുമതി നൽകിയത് തുടങ്ങി നിരവധി കാരണങ്ങളാണ് സ്വാശ്രയ എൻജിനിയറിങ് കോളേജുകളുടെ പതനത്തിന് വഴിയൊരുക്കിയത്.  സംസ്ഥാനത്ത് 120 സ്വാശ്രയ എൻജി. കോളേജുകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ 112 മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.  ചില കോളേജുകൾ ഭാഗികമായാണ് പ്രവർത്തിക്കുന്നത്.

സംസ്ഥാന എൻട്രൻസ് കമീഷണർ നടത്തുന്ന എൻജിനിയറിങ് എൻട്രൻസ് പരീക്ഷയിൽ (കീം) സ്വാശ്രയ കോളേജുകൾക്ക് 50 ശതമാനം സർക്കാർ മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്മെന്റ് സീറ്റുമാണ് അനുവദിക്കാറുള്ളത്. കഴിഞ്ഞ വർഷം മെറിറ്റ് സീറ്റിൽ 75,000 രൂപയും മാനേജ്മെന്റ് സീറ്റിൽ 1,24,000 രൂപ വരെയുമാണ് ഫീസ് നിശ്ചയിച്ചത്. ഈ വർഷത്തെ ഫീസ് സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നതേയുള്ളൂ. എന്നാൽ മാനേജ്മെന്റ് സീറ്റിലും സർക്കാർ ഫീസിൽ പ്രവേശനം നൽകാൻ തയ്യാറായിട്ടും പലയിടത്തും കുട്ടികളെ കിട്ടാനില്ലാത്ത സ്ഥിതിയായി. 

2015‐16ൽ ചേരാൻ കുട്ടികളില്ലാതെ സ്വാശ്രയ മേഖലയിൽ  17,000 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നതെങ്കിൽ 2016‐17ൽ അത് 21,000 ആയി. 2017‐18ൽ 23,000 സീറ്റും 2018‐19ൽ 25,000 സീറ്റും ഒഴിഞ്ഞു. ഈ വർഷം 30,000 സീറ്റെങ്കിലും ഒഴിയുമെന്നാണ് സൂചന. ഈ നില തുടർന്നാൽ നിരവധി സ്വാശ്രയ എൻജി.കോളേജുകൾ സമീപഭാവിയിൽ  പൂട്ടുമെന്ന് അതിന്റെ വക്താക്കൾ തന്നെ സമ്മതിക്കുന്നു.  ഈ പശ്ചാത്തലത്തിലാണ് ഏഴ് എൻജിനിയറിങ് കോളേജുകളിൽ പോളി ടെക്നിക് കോഴ്സുകൾ കൂടി ആരംഭിക്കാൻ അനുമതി തേടിയിരിക്കുന്നതെന്ന് സെൽഫ് ഫിനാൻസ് എൻജിനിയറിങ്  മാനേജുമെന്റ് അസോസിയേഷൻ സെക്രട്ടറി കെ ജി മധു പറഞ്ഞു.
ചില കോളേജുകൾ എംസിഎ, എംബിഎ കോഴ്സുകളും തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ വിജയശതമാനവും ശരാശരി 50ൽ   താഴെയാണ്. പഠനം പൂർത്തീകരിക്കാത്തവരുടെ എണ്ണവും വർഷം തോറും കൂടുന്നു. 

കേരളത്തിൽ  സർക്കാർ മെറിറ്റ് സീറ്റിൽ 50 ശതമാനം മാർക്കും സ്വാശ്രയ സീറ്റിൽ 45 ശതമാനം മാർക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്.  2004ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിൽ സ്വാശ്രയ മേഖലയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ അനുമതി നൽകിയത്. പിന്നീട്  എൻജിനിയറിങ് കോളേജുകൾക്കും അനുമതിയായി. തുടർന്ന് യുഡിഎഫ് ഭരണങ്ങളിലെല്ലാം ലക്കും ലഗാനുമില്ലാതെ കോളേജുകൾക്ക് അനുമതി നൽകി.  സ്വാശ്രയ എൻജിനിയറിങ് കോളേജ് തുടങ്ങാൻ 25 ഏക്കർ ഭൂമി വേണമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന വ്യവസ്ഥ. പിന്നീട് 15 ആയും 12 ആയും ഏഴര ഏക്കറായും കുറച്ചുകൊടുത്തു. സ്വാശ്രയ സീറ്റിൽ പ്രവേശനത്തിന് മാർക്കിളവു കൊടുത്തു. സ്വാശ്രയ കോളേജുകളിൽ ബിടെക്കുകാർക്ക് വരെ ക്ലാസെടുക്കാമെന്ന സ്ഥിതിയായിരുന്നു. ഈ അവസ്ഥയാണ് എൻജിനിയറിങ് കോളേജുകളുടെ നിലവാരം തകർത്തത്.


പ്രധാന വാർത്തകൾ
 Top