12 November Tuesday

വിദ്യാഭ്യാസ ഏകീകരണം ; സർക്കാർ തീരുമാനം സ്വാഗതാർഹം: കെഎസ‌്ടിഎ

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019


തിരുവനന്തപുരം
പ്രീപ്രൈമറി മുതൽ 12–-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഏകീകരിച്ച് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള എൽഡിഎഫ‌് സർക്കാരിന്റെ ധീരമായ നടപടി സ്വാഗതം ചെയ്യുന്നതായി കെഎസ‌്ടിഎ സംസ്ഥാന കമ്മിറ്റി. അക്കാദമിക സമൂഹത്തിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ദീർഘനാളത്തെ ആഗ്രഹമാണ്  യാഥാർഥ്യമാകുന്നത‌്. ഏകീകരണത്തോടെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വ്യത്യസ്ത ഡയറക്ടറേറ്റുകൾ  ഒന്നാകുന്നതും പൊതുവിദ്യാഭ്യാസ സംവിധാനത്തിന് സംസ്ഥാനതലത്തിൽ ഒരു മേധാവിയും സ്‌കൂൾ തലത്തിൽ ഒരു മേധാവിയും വരുന്നതും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥാപന മേലധികാരിയാകുന്നതും സ്‌കൂളിൽ പൊതുവായി ഒറ്റ ഓഫീസ് യാഥാർഥ്യമാക്കുമെന്ന നിർദേശവും പ്രശംസനീയമാണ്. 

പൊതുപരീക്ഷാ ബോർഡ് നടപ്പാക്കി പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യയനദിവസം നഷ്ടപ്പെടുന്ന രീതിക്ക് മാറ്റംവരുത്താനും പരമാവധി അധ്യയനദിവസം ഉറപ്പുവരുത്താനുമുള്ള തീരുമാനവും മേഖലയുടെ മുന്നേറ്റം ഉറപ്പുവരുത്തും. ലാബ്, ലൈബ്രറി, ഐടി ഉപകരണങ്ങൾ എന്നിവ പൊതുവിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഉപയോഗിക്കാനും അധ്യാപകരുടെ അക്കാദമിക മികവ് പരസ്പരം പങ്കുവയ‌്ക്കാനും ഏകീകരണത്തോടെ സാധ്യമാകും.

ഏകീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മികവിനായുള്ള വിദഗ്ധസമിതി നിർദേശങ്ങൾ എല്ലാ സംഘടനകളുമായി കൂടുതൽ ചർച്ചയ്ക്കും പരിഗണനയ്ക്കും വിധേയമാക്കണമെന്നും കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.
 


പ്രധാന വാർത്തകൾ
 Top