03 June Wednesday

ആശ്വാസം അഭിമാനം ; 14 പേർക്ക്‌ രോഗമുക്തി ; വൃദ്ധദമ്പതികളുടെ രോഗമുക്തി ആരോഗ്യസംവിധാനത്തിന്റെ മികവ്

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

തിരുവനന്തപുരം
കേരളത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന 14 പേർക്കുകൂടി രോഗം ഭേദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗമുക്തരായ റാന്നി സ്വദേശികളായ വൃദ്ധദമ്പതികളും  ഇവരെ ചികിത്സിക്കുന്നതിനിടെ വൈറസ്‌ ബാധിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്‌സും വെള്ളിയാഴ്‌ച ആശുപത്രി വിട്ടു.  രോഗവ്യാപനം  പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും  പുതിയ രോഗവ്യാപനസാധ്യത തടയാൻ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കണ്ണൂരിൽ അഞ്ചുപേരും കാസർകോട്ട്‌ മൂന്നുപേരും ഇടുക്കി, കോഴിക്കോട്‌ ജില്ലകളിൽ രണ്ടുപേർ വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തരുമാണ്‌  ആശുപത്രി വിട്ടത്‌. കോട്ടയം ജില്ലയിൽ നിലവിൽ ആരും ചികിത്സയിലില്ല. കാസർകോട്ട്‌  ഏഴുപേർ അടക്കം സംസ്ഥാനത്ത്‌ ഒമ്പതുപേർക്ക്‌ വെള്ളിയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചു. കണ്ണൂർ, തൃശൂർ ജില്ലക്കാരാണ്‌ രണ്ടുപേർ. ഇതിൽ ഒരാൾ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തയാളാണ്‌.

റാന്നിയിലെ വൃദ്ധദമ്പതികളുടെ രോഗമുക്തി ആരോഗ്യസംവിധാനത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും മികവാണ്‌.  ആരോഗ്യപ്രവർത്തകരെ കലവറയില്ലാതെ അഭിനന്ദിക്കുന്നു. കേരളത്തിൽ 295പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 251 പേരാണ്‌ ചികിത്സയിലുള്ളത്‌. 206പേർ വിദേശത്തുനിന്ന്‌ വന്നവരാണ്‌. ഏഴുപേർ വിദേശികളാണ്‌. 1,69, 997 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 1,69,291 പേർ വീടുകളിലും 706 പേർ ആശുപത്രികളിലുമാണ്‌. 154 പേരെ വെള്ളിയാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗപരിശോധന കൂടുതൽ വിപുലവും വ്യാപകവുമാക്കും. റാപ്പിഡ്‌ ടെസ്‌റ്റ്‌ കാര്യക്ഷമമാക്കും. ചെറിയ ലക്ഷണങ്ങളുള്ളവരെയും  പരിശോധിക്കും. റാപ്പിഡ്‌ ടെസ്‌റ്റ്‌ കിറ്റും എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top