26 May Tuesday

27,267 പേർക്ക്‌ പെൻഷൻ നൽകി ; ശമ്പളചെലവ്‌ 934 കോടി ; ട്രഷറി, ബാങ്ക്‌ ക്രമീകരണം ഫലപ്രദം

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

തിരുവനന്തപുരം > ഏപ്രിലെ ആദ്യ ശമ്പളദിവസമായ വ്യാഴാഴ്‌ച   23,901 ബില്ലുകൾ പാസാക്കി. 2,15,930 പേരുടെ ശമ്പളം വിതരണം ചെയ്തു. 934.06 കോടി രൂപ ചെലവായി. ആരോഗ്യം, കുടുംബ ക്ഷേമം, പൊലീസ് ഉൾപ്പെടെയുള്ള വകുപ്പുകൾക്കായിരുന്നു ഇന്നലെ ശമ്പള വിതരണം.

223 ട്രഷറികളിലായി 27,267 പേർക്ക്‌ പെൻഷനും വിതരണം ചെയ്‌തതായാണ്‌ പ്രാഥമിക കണക്ക്‌. വിവിധ ആനുകൂല്യ വിതരണത്തിനായി ബാങ്ക്‌ ശാഖകളിലും ട്രഷറികളിലും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ആദ്യദിനം ഫലപ്രദമായിരുന്നു. അക്കൗണ്ടുകളുടെ അവസാന നമ്പറുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ക്രമീകരണങ്ങളാണ്‌ തിരക്ക്‌ കുറയ്‌ക്കുന്നതിന്‌ സഹായകമായത്. കോവിഡ്‌ പശ്ചാത്തലത്തിൽ പൊതുവിൽ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും ബാങ്ക്‌ ശാഖകളിലും പാലിക്കപ്പെട്ടു. ഒരിടത്തും തിക്കും തിരക്കും അനുഭവപ്പെട്ടതായി ട്രഷറി ഡയറക്ടർക്കോ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി കൺവീനർക്കോ വിവരം ലഭിച്ചിട്ടില്ല. അക്കൗണ്ട്‌ നമ്പരുകളുടെ അവസാനത്തെ അക്കങ്ങൾ പരിഗണിച്ച്‌, ഊഴം നിശ്ചയിച്ചാണ്‌ പെൻഷൻ വിതരണം.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ്‌ ട്രഷറികളിൽ പെൻഷൻ വിതരണം നടന്നതെന്ന്‌ ഡയറക്ടർ എ എം ജാഫർ ദേശാഭിമാനിയോട്‌ പറഞ്ഞു.  എല്ലായിടത്തും കൈ കഴുകാനും സാനിറ്റൈസർ സൗകര്യവും  ലഭ്യമാക്കി. സാമൂഹ്യഅകലം പാലിച്ചിരിക്കാൻ കസേരയും ലഭ്യമാക്കി. ഇതേ സൗകര്യങ്ങൾ തുടർ ദിവസങ്ങളിലുമുണ്ടാകും. നിശ്ചിത സമയക്രമം അനുസരിച്ച്‌, അത്യാവശ്യക്കാർമാത്രം പെൻഷൻ വാങ്ങാൻ എത്തണമെന്നും ട്രഷറി ഡയറക്ടർ അഭ്യർഥിച്ചു.

ബാങ്ക്‌ ശാഖകളിൽ പെൻഷൻ, ആനുകൂല്യ വിതരണം മാത്രമാണ്‌ പൊതുവായുള്ള ഇടപാട്‌. ഇതിനാവശ്യമായ ജീവനക്കാരുമുണ്ട്‌. കോട്ടയം ജില്ലയിൽ, എസ്‌ബിഐ ശാഖകളിൽ എല്ലാ ജീവനക്കാരുമെത്തണമെന്ന നിർദേശം പൊലീസ്‌ ഇടപെടലിന്‌ വഴിവച്ചു. ബന്ധപ്പെട്ട ശാഖാ അധികൃതർക്ക്‌ നോട്ടീസ്‌ നൽകാൻ കോട്ടയം ജില്ലാ പൊലീസ്‌ മേധാവി സ്‌റ്റേഷൻ ഓഫീസർമാർക്ക്‌ നിർദേശം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top